മോഹൻലാലിന്റെ ഒടിയൻ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. ഒടിയനുവേണ്ടി 51 ദിവസത്തിനുളളിൽ 18 കിലോയോളമാണ് മോഹൻലാൽ കുറച്ചത്. കഴിഞ്ഞ ദിവസം എറണാകുളം ഇടപ്പളളിയില മൈ ജിയുടെ ഷോറൂം ഉദ്ഘാടനത്തിനായാണ് ഒടിയൻ ലുക്കിൽ ലാലേട്ടൻ എത്തിയത്. ക്ലീൻ ഷേവിൽ നീല ടീഷർട്ടും കറുത്ത സൺഗ്ലാസും ധരിച്ചെത്തിയ മോഹൻലാൽ ആരാധകരെ ആഹ്ലാദത്തിലാഴ്ത്തി. പട്ടിണി കിടന്നാണെങ്കിലും ഒടിയനിലെ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മെലിയുമെന്ന് ആരാധകരോട് പറഞ്ഞ വാക്ക് പാലിച്ചാണ് മോഹൻലാൽ എത്തിയത്.

മോഹൻലാലിന്റെ രൂപമാറ്റത്തോടൊപ്പം സോഷ്യൽ മീഡിയയിൽ ചർച്ചയായ മറ്റൊരു കാര്യം അദ്ദേഹത്തിന്റെ സൺ ഗ്ലാസിനെക്കുറിച്ചായിരുന്നു. എന്തിനാണ് മോഹന്‍ലാല്‍ സണ്‍ഗ്ലാസ് ധരിച്ചെത്തിയതെന്നായിരുന്നു ഏവരുടെയും സംശയം. സിനിമയിലല്ലാതെ പൊതുവേദികളിലൊന്നും മോഹന്‍ലാലിനെ സണ്‍ഗ്ലാസ് ധരിച്ച് അധികം കണ്ടിട്ടില്ല. പിന്നെന്താണ് ഇപ്പോൾ സൺ ഗ്ലാസ് ധരിച്ചതെന്നായിരുന്നു ഏവർക്കും അറിയേണ്ടിയിരുന്നത്.

മോഹൻലാലിന്റെ സൺഗ്ലാസിനെക്കുറിച്ചുളള ചർച്ച ചൂടുപിടിച്ചതോടെ വിശേഷപ്പെട്ട സണ്‍ഗ്ലാസ് ധരിച്ചാണ് ലാലേട്ടൻ ധരിച്ചതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. എതിരെ നില്‍ക്കുന്നവരുടെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ കഴിയുന്ന ഹിഡന്‍ ക്യാമറ ഘടിപ്പിച്ച സണ്‍ഗ്ലാസ് ആണ് മോഹന്‍ലാല്‍ ധരിച്ചതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ മലയാളം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തത്.

തന്റെ സൺഗ്ലാസിനെക്കുറിച്ചുളള ചർച്ചകൾക്കു പുതിയ ഫോട്ടോയിലൂടെയാണ് മോഹൻലാൽ മറുപടി നൽകിയത്. പ്ലെയ്ൻ ഗ്ലാസ് വച്ച് നിൽക്കുന്ന മോഹൻലാലിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ ലാലേട്ടന്റെ സൺഗ്ലാസിനു പിന്നിൽ രഹസ്യങ്ങളൊന്നുമില്ലെന്ന് ബോധ്യമായിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ