മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഇന്ന് ഉത്സവമാണ്. താരത്തിന്റെ രണ്ടു വേഷപ്പകര്‍ച്ചകള്‍ ഇന്ന് തിയേറ്ററുകളില്‍ എത്തുന്നു എന്നതാണ് വിഷയം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’യും ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയനു’മാണ് ആ ചിത്രങ്ങള്‍. ഓണത്തിന് റിലീസ് ചെയ്യാനിരുന്ന ‘കായംകുളം കൊച്ചുണ്ണി’ ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമ്പോള്‍ കൂടെ ഡിസംബര്‍ റിലീസ് ആയ ‘ഒടിയ’ന്റെ ട്രെയിലറും കാണാം. ‘പീരീഡ്‌’ ചിത്രങ്ങളായ രണ്ടിലും മോഹന്‍ലാല്‍ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നതായി അണിയറപ്രവര്‍ത്തകര്‍ സാക്ഷ്യം പറയുന്നത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു ചിത്രങ്ങള്‍ക്കും ലാല്‍ ആരാധകരുടെ ഇടയില്‍ വലിയ ഹൈപ്പാണ് ലഭിച്ചിരിക്കുന്നത്.

‘കായംകുളം കൊച്ചുണ്ണി’യില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് നിവിന്‍ പോളിയാണ്. കായംകുളം കൊച്ചുണ്ണിയുടെ കൂട്ടുകാരനായ ഇത്തിക്കരപ്പക്കിയുടെ വേഷത്തിലാണ് ലാല്‍ എത്തുന്നത്‌. ഒരു എക്സ്ടെന്‍ഡഡ്‌ കാമിയോയാണ് (സാധാരണയില്‍ നിന്നും സ്ക്രീന്‍ ടൈം കൂടുതലുള്ള അതിഥി വേഷം) ഇത്തിക്കരപ്പക്കി വേഷം. നിവിനും മോഹന്‍ലാലും ഒന്നിച്ചുള്ള രംഗങ്ങള്‍ ട്രെയിലറില്‍ കണ്ടു തന്നെ ത്രില്ലടിച്ചിരിക്കുകയാണ് ആരാധകര്‍. ആരാണ് ഇത്തിക്കരപ്പക്കി, എന്താണ് അയാള്‍ക്ക് ഈ കഥയില്‍ കാര്യം എന്നൊക്കെ അന്വേഷണങ്ങളും നടത്തുന്നുണ്ടവര്‍. മോഹന്‍ലാലിനെ എത്ര നേരത്തേക്ക് സ്ക്രീനില്‍ കാണാന്‍ കഴിയുമെന്ന ആകാംക്ഷയാണ് ഇതിനു പിന്നില്‍.

Read More: ‘കായംകുളം കൊച്ചുണ്ണി’ ഗംഭീരം എന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍

ഇത്തിക്കരപ്പക്കിയെക്കുറിച്ച് ‘കായംകുളം കൊച്ചുണ്ണി’യുടെ തിരക്കഥാകൃത്തുക്കളായ സഞ്ജയ്‌-ബോബി എന്നിവര്‍ ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ.

“ഇത്തിക്കര പക്കി ഒരു കള്ളനാണ്. പക്കി എന്നാൽ പക്ഷി എന്നാണ് അർത്ഥം. മരത്തിൽ നിന്നു ചാടി മരത്തിലുറങ്ങി കൊണ്ടിരുന്ന ഒരാളാണെന്നാണ് ഞങ്ങൾക്ക് മനസ്സിലായത്. കായികബലം ഒരുപാട് ഉള്ള ഒരാളായിരുന്നു ഇത്തിക്കര പക്കി. അയാളുടെ ചലനങ്ങൾക്ക് പോലും പ്രത്യേകതയുണ്ട്. ഷൂട്ടിംഗ് തുടങ്ങിയപ്പോഴും ആരു വേണം ഇത്തിക്കരപ്പക്കി എന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല. പലരെയും ആലോചിച്ചെങ്കിലും ഇതുപോരാ, ഇതുപോരാ എന്നൊരു അസംതൃപ്തിയുണ്ടായിരുന്നു. റോഷനും മോഹൻലാലും ഏതാണ്ട് മൂന്നു പടങ്ങളിലോളം ഒന്നിച്ച് വർക്ക് ചെയ്തിട്ടുണ്ട്. ആ ബന്ധത്തിന്റെ പുറത്ത് റോഷൻ വിളിച്ചപ്പോൾ, റോഷനോടുള്ള വിശ്വാസത്തിന്റെ പുറത്താണ് മോഹൻലാൽ ആ കഥാപാത്രത്തെ ഏറ്റെടുത്തത്”, സഞ്ജയ്‌ വെളിപ്പെടുത്തി.

“സമകാലികരാണ് ഇത്തിക്കര പക്കിയും കായംകുളം കൊച്ചുണ്ണിയും. അവർ എവിടെയെങ്കിലും വച്ച് കണ്ടുമുട്ടിയേക്കാം എന്നൊരു സാധ്യതയെയാണ് സിനിമ ഉപയോഗപ്പെടുത്തുന്നത്. ഈ സിനിമയുടെ വളരെ പ്രധാനപ്പെട്ടൊരു ഭാഗത്ത് വരികയും കഥാഗതിയിൽ ഒരു ടേണിംഗ് പോയിന്റ് ഉണ്ടാക്കുകയും ചെയ്യുന്ന ഒരാളാണ് ഇത്തിക്കരപ്പക്കി. മോഹൻലാലിന്റെ പ്രസൻസ് ആ കഥാപാത്രത്തെ മറ്റൊരു ലെവലിൽ എത്തിച്ചിട്ടുമുണ്ട്”, ബോബി കൂട്ടിച്ചേര്‍ത്തു.

Read More: ഐതിഹ്യമാലയില്‍ നിന്നും അഭ്രപാളികളിലേക്ക്: ‘കായംകുളം കൊച്ചുണ്ണി’യുടെ എഴുത്ത് വഴികള്‍

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ എന്ന ചിത്രത്തില്‍ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്‌.  ‘രാത്രിയുടെ രാജാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചിത്രത്തില്‍ ഒടി വിദ്യ വശമുള്ള ഒരു കഥാപാത്രത്തിന്റെ ജീവിതകഥയാണ് മോഹന്‍ലാലിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.  ഇതിനായി മോഹന്‍ലാല്‍ ഭാരം കുറയ്ക്കുകയും വേഷപ്പകര്‍ച്ച നടത്തിയതുമൊക്കെ വലിയ ചര്‍ച്ചാവിഷയങ്ങള്‍ ആയിരുന്നു.

ഇന്ന് തിയേറ്ററുകളില്‍ എത്തുന്ന ട്രെയിലര്‍ ഇന്നലെ ഓണ്‍ലൈനില്‍ മോഹന്‍ലാല്‍ തന്നെ റിലീസ് ചെയ്തിരുന്നു.  നീണ്ട കാത്തിരിപ്പിനൊടുവിലാണ് ട്രെയിലര്‍ എത്തിയത്.  ഇപ്പോള്‍ തന്നെ ഒരു മില്ല്യന്‍ ആളുകള്‍ ട്രെയിലര്‍ കണ്ടു കഴിഞ്ഞതായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ട്വിറ്റെറില്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ട്രെയിലറും എത്തിയിരിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളോടെയാണ് ചിത്രമെത്തുന്നതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്.പീറ്റര്‍ ഹെയെന്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍.  ഈ ചിത്രം തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എന്ന് പീറ്റര്‍ ഹെയെന്‍ ‘ഒടിയ’ന്‍റെ ചിത്രീകരണ സമയത്ത് പറഞ്ഞിരുന്നു.

Read More: മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ട്രെയിലര്‍ ചോര്‍ന്നു

വി.എ.ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മ്മിക്കുന്നത്. ദേശീയ പുരസ്‌കാരജേതാവായ ഹരികൃഷ്ണനാണ് ‘ഒടിയന്‍’ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ ‘ഒടിയനാ’യെത്തുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, മഞ്ജു വാര്യര്‍, സിദ്ദിഖ്, ഇന്നസെന്റ്, നരേന്‍, നന്ദു, കൈലാസ്, സന അല്‍ത്താഫ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.

ചിത്രം ഒക്ടോബര്‍ 11ന് തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. മഴയും പ്രളയവും അപ്രതീക്ഷിതമായെത്തിയ സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. ചിത്രം ഡിസംബര്‍ 14ന് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

Read More: മോഹന്‍ലാലിന്‍റെ ‘ഒടിയന്‍’-‘ലൂസിഫര്‍’ വിശേഷങ്ങള്‍

ആരാധകരുടെ ആവേശം വാനോളം ഉയര്‍ത്തിയാണ് ‘ഒടിയന്‍’ റിലീസിന് തയ്യാറെടുക്കുന്നത്. റിലീസിന് മൂന്ന് മാസം മുന്‍പ് തന്നെ മുക്കം പിസി ടാക്കീസ് എന്ന തിയേറ്ററില്‍ ‘ഒടിയന്‍’ പൂര്‍ണ്ണമായും ബുക്ക്‌ ചെയ്യപ്പെട്ടു കഴിഞ്ഞു എന്നും സോഷ്യല്‍ മീഡിയ സിനിമാ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook