കേരളം കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത പരസ്യ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍.

ഹരികൃഷ്ണന്‍ രചിക്കുന്ന തിരക്കഥയില്‍ ഒടിയന്‍ ഒരുങ്ങുന്നത് പാലക്കാട്ടും വാരണാസിയിലുമായാണ്. ചിത്രത്തിന്‍റെ കലാ സംവിധായകന്‍ പ്രശാന്ത്‌ മാധവിന്‍റെ നേതൃത്വത്തില്‍ സെറ്റ് പണികള്‍ പാലക്കാട് പുരോഗമിക്കുന്നു.

ചിത്രം: ട്വിറ്റർ

‘ഒടിയന്റെ സെറ്റ് വര്‍ക്ക്‌ ആരംഭിക്കുന്നു. മൂന്ന് കാലഘട്ടത്തിലൂടെ കടന്നു പോകുന്ന തെങ്കുറിശ്ശി എന്ന ഗ്രാമം പ്രശാന്ത് മാധവ് പുനഃസൃഷ്ടിക്കും’, എന്ന് വി.എ.ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിൽ പറഞ്ഞു.

പാലക്കാട് കാവയിലും വാരണാസിയിലും ചിത്രീകരണ ലോക്കേഷന്‍ തേടിയുള്ള സ്കൗട്ട് നടത്തുകയാണ് ഇപ്പോള്‍ ഒടിയന്റെ സംവിധായകനും ക്യാമറമാന്‍ ഷാജിയും അടങ്ങുന്ന സംഘം.

മാണിക്കന്‍ എന്ന കഥാപാത്രത്തെയാവും മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുക. അദ്ദേഹത്തെ കൂടാതെ പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവരും ഒടിയനില്‍ പ്രധാന വേഷങ്ങളില്‍ ഉണ്ടാവും.

Read More : രാത്രിയുടെ രാജാവ് ‘പോസ്റ്ററുകളുടെ രാജാവും’; ‘ഒടിയനെ’ കണ്ടത് മൂന്ന് മില്യണ്‍ ആരാധകര്‍

ചിത്രം: ട്വിറ്റർ

‘മാണിക്കന്‍റെ യാത്ര തുടങ്ങുന്നത് വാരണാസിയിലെ ഈ ഘാട്ടുകളില്‍ നിന്നാണ്. തെങ്കുറിശ്ശിയിലെത്തും മുന്‍പുള്ള നീണ്ട 15 വര്‍ഷക്കാലം അയാള്‍ ഇവിടെയാണുണ്ടായിരുന്നത്…’ ലോക്കേഷന്‍ ചിത്രത്തോടൊപ്പം ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിൽ കുറിച്ചതിങ്ങനെ.

ജൂലൈ മാസം പുറത്തു വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ ഇതിനോടകം കോടിക്കണക്കിന് പേര്‍ കണ്ടു കഴിഞ്ഞു.

 

പീറ്റര്‍ ഹെയിന്‍ ആണ് ഒടിയന്റെ ആക്ഷന്‍ സംവിധാനം നിര്‍വ്വഹിക്കുന്നത്. സംഗീതം എം.ജയചന്ദ്രന്‍. ചിത്രത്തിലെ ഒരു ഗാനം ആലപിച്ച സന്തോഷം ഗായകന്‍ ശങ്കര്‍ മഹാദേവന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ