ടൊവിനോ തോമസിനെ നായകനാക്കി ഫെല്ലിനി സംവിധാനം ചെയ്ത ‘തീവണ്ടി’ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ടൊവിനോ ഒരു ചെയിന്‍ സ്മോക്കറുടെ വേഷത്തില്‍ എത്തിയ ചിത്രത്തിന് വളരെ നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും സിനിമാ മേഖലയില്‍ നിന്നുമുള്ളവരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഏറ്റവും പുതിയതായി ചിത്രത്തെയും ടൊവിനോയേയും അഭിനന്ദിച്ച് രംഗത്ത്‌ വന്നിരിക്കുന്നത് മോഹന്‍ലാല്‍ നായകനാകുന്ന ‘ഒടിയന്‍’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആണ്.

“അഭിനന്ദനങ്ങള്‍ ടൊവിനോ. ‘തീവണ്ടി’യെക്കുറിച്ച് വളരെ നല്ല നിരൂപണങ്ങളും ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളും ആണ് കേള്‍ക്കുന്നത്. നിങ്ങളുടെ പ്രതിഭ അര്‍ഹിക്കുന്ന ഇടത്തേക്കുള്ള നിങ്ങളുടെ യാത്ര തുടങ്ങിക്കഴിഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ സഹോദരാ”, എന്നാണ് ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററില്‍ പറഞ്ഞത്.

“നന്ദി ബ്രദര്‍, ഇടിക്കട്ട വെയ്റ്റിങ് ഫോർ ‘ഒടിയൻ’!!” എന്ന മറുപടിയുമായി ടൊവിനോയും എത്തി.

Tovino Thomas Theevandi Reactions Shrikumar Menon

ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടാണ് ഫെലിനി സംവിധാനം ചെയ്ത ‘തീവണ്ടി’ തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. മാസങ്ങൾക്ക് മുന്നേ റിലീസ് ചെയ്യേണ്ട ചിത്രം പലപ്പോഴായി റിലീസ് മാറ്റിവച്ചപ്പോൾ ‘തീവണ്ടിയല്ലേ വൈകിയേ എത്തൂ’ എന്ന നിലയിൽ ട്രോളന്മാർ ആഘോഷമാക്കി. വളരെ വൈകിയാണെങ്കിലും ‘തീവണ്ടി’യുടെ ചൂളം വിളി കേട്ടുണർന്നത് മലയാളികളുടെ ഹൃദയങ്ങളാണ്.

സിഗരറ്റ് വലിക്കുന്നത് ചെറുപ്പം മുതലേ ബിനീഷിന്റെ (ടൊവിനോ) ശീലമാണ്. ആ ശീലത്തെ ആഘോഷിക്കുന്നത് കൊണ്ട് തന്നെ അയാളെ നാട്ടുകാർ തീവണ്ടി എന്നാണ് കളിയാക്കി വിളിക്കുന്നത്. ബിനീഷിന്റെ അളിയൻ (സൈജു കുറുപ്പ്) ഒരു പൊതു പ്രവർത്തകനാണ്. BSCL പാർട്ടിയുടെ പ്രവർത്തകനായ അളിയന്റെ രാഷ്ട്രീയ ഭാവിക്ക് വേണ്ടി ബിനീഷ് സിഗരറ്റ് വലി നിർത്താൻ നിർബന്ധിതനാവുന്നു. അയാൾക്ക് അതൊരു വലിയ വെല്ലുവിളിയായിരുന്നു. ബിനീഷിന് സ്വയം അതിനെ അതിജീവിക്കാൻ കഴിയുമോ എന്നതാണ് ‘തീവണ്ടി’യിൽ യാത്ര ചെയ്യുന്ന ഓരോ പ്രേക്ഷകന്റെയും ആകാംക്ഷ.

Read More: Theevandi Review: ജീവിത ലഹരിയിൽ ഒരു ‘തീവണ്ടി’ യാത്ര

ആക്ഷേപ ഹാസ്യ രൂപത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയിലും ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘തീവണ്ടി’ കണ്ടിറങ്ങി പുകവലി നിര്‍ത്തി എന്നാണ് ഒരു ആരാധകന്‍ ടൊവിനോയോട് ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞിരിക്കുന്നത്. ചിത്രം കണ്ട് തന്റെ കാമുകന്‍ പുകവലി നിര്‍ത്താമെന്ന് സമ്മതിച്ചുവെന്ന് മറ്റൊരാളും അറിയിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും താരം നന്ദി അറിയിച്ചു.

Tovino Thomas Theevandi Reactions

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ‘സെക്കന്‍ഡ് ഷോ’യ്ക്ക് വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ് ‘തീവണ്ടി’യ്ക്കു വേണ്ടിയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ തൊഴില്‍ രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 24ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കേരളത്തിലെ മഴക്കെടുതി മൂലം മാറ്റിവയ്ക്കുകയായിരുന്നു. ഒന്നിലേറെ തവണ ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചിരുന്നു. എന്നാല്‍ തീവണ്ടിയുടെ ഗാനങ്ങള്‍ നേരത്തേ റിലീസ് ചെയ്തിരുന്നു. കൈലാസ് മേനോന്‍ സംഗീതം നല്‍കിയ പാട്ടുകള്‍ക്കെല്ലാം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

“ഫെല്ലിനി ആകെ ആവശ്യപ്പെട്ടിരുന്നത് മണ്ണിന്‍റെ മണമുള്ള , മലയാളത്തിന്‍റെ സത്തയുള്ള ഒരു പാട്ട്  വേണം എന്നായിരുന്നു. ഒരു പക്ഷെ കുറെ കാലങ്ങൾക്കു അപ്പുറം നമ്മളൊക്കെ കേട്ട് വളർന്ന ഈണങ്ങളുടെ നന്മ ഉള്ള ഒരു പാട്ട്. ‘ജീവാംശമായി’ ഇപ്പൊ കേൾക്കുന്ന ഓരോരുത്തരും എന്നോട് അതേ അഭിപ്രായം ആവർത്തിച്ചു പറയുമ്പോൾ ഏറെ സന്തോഷമുണ്ട്. ഈണത്തിനും സന്ദർഭത്തിനും ചേരുന്ന വിധത്തിൽ തന്നെയാണ് ഹരിനാരായണൻ ഇതിന്‌ വരികളെഴുതിയത്. അതിനെ അത് അർഹിക്കുന്ന ഉയരത്തിലേക്ക് എത്തിക്കാൻ ഗായകരായ കെ.എസ്.ഹരിശങ്കറിനും ശ്രേയ ഘോഷാലിനും കഴിഞ്ഞു എന്നതും മറ്റൊരു സന്തോഷമാണ്. വളർന്നു വരുന്ന ഗായകർക്കിടയിൽ ഒരു പുതിയ തിളക്കമാണ് ഹരിശങ്കർ എന്ന ഗായകൻ. അതിനോടൊപ്പം ശ്രേയ ഘോഷാലിനെ പോലുള്ള ഒരു അതുല്യ കലാകാരി എന്‍റെ പാട്ട് ആലപിക്കുന്നു എന്നത് ഒരു അനുഗ്രഹമായി തന്നെ കരുതുന്നു”, ‘തീവണ്ടി’യിലെ ഗാനങ്ങളെക്കുറിച്ച് കൈലാസ് മേനോന്‍ പറയുന്നു.

Read More: ‘തീവണ്ടി’യില്‍ തുടങ്ങുന്ന യാത്ര: കൈലാസ് മേനോന്‍

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ