‘കൊല്ലവര്‍ഷം 1830, 45 കോടി, 161 ഷൂട്ടിങ് ദിനങ്ങള്‍, 10, 000 മലയാളം ജൂനിയര്‍ ആര്‍ടിസ്റ്റ്സ്, 12 കോടിയുടെ സെറ്റുകള്‍’ എന്ന ടാഗ്‌ലൈനോടെ ‘ഐതിഹ്യമാലയില്‍’ നിന്ന് എന്ന് കുറിച്ച് ‘കായംകുളം കൊച്ചുണ്ണി’ ഇന്ന് വരവറിയിച്ചു.

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ റിലീസ് ചെയ്തു. ഇന്നത്തെ പത്രങ്ങളില്‍ വന്നത് കൂടാതെ നിവിന്‍ പോളിയും തന്റെ സോഷ്യല്‍ മീഡിയയിലൂടെ താന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തു.

 

നിവിന്‍ പോളിക്കൊപ്പം മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എത്തുന്നു എന്നത് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇത്തിക്കരപ്പക്കിയുടെ വേഷമാണ് മോഹന്‍ലാലിന് ഈ ചിത്രത്തില്‍. മോഹന്‍ലാലിന്‍റെ ലുക്കും നേരത്തേ തന്നെ പുറത്തു വന്നിരുന്നു.

Read More: കേട്ടത് സത്യം തന്നെ,നിവിൻ പോളിയുടെ ‘കായംകുളം കൊച്ചുണ്ണി’യിൽ മോഹൻലാലും

Mohanlal as Ithikara Pakki in Kayamkulam Kochunni

ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍

വലിയ സ്കേലില്‍ ഒരുക്കപ്പെടുന്ന ‘കായംകുളം കൊച്ചുണ്ണി’ നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലനാണ്. തിരക്കഥ. ബോബി-സഞ്ജയ്‌, സഹ നിര്‍മ്മാതാക്കള്‍. വി.സി.പ്രവീണ്‍, ബൈജു ഗോപാലന്‍, സംഗീതം. ഗോപി സുന്ദര്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, ക്യാമറ. ബിനോദ് പ്രധാന്‍, വരികള്‍. ഷോബിന്‍ കണ്ണങ്കാട്ട്, റഫീക്ക് അഹമ്മദ്, ചമയം. രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം. ധന്യാ ബാലകൃഷ്ണന്‍, കലാസംവിധാനം. സുനില്‍ ബാബു, ആര്‍ട്ട്‌ ഡയറക്ടര്‍. വൈഷ്ണവി റെഡ്ഡി, ശബ്ദം. പി.എം.സതീഷ്‌, മനോജ്‌ എം.ഗോസ്വാമി, ആക്ഷന്‍ ഡയറക്ടര്‍. അലന്‍ ആമേന്‍, ദിലീപ് സുബ്ബരായന്‍, രാജശേഖര്‍, നൃത്തസംവിധാനം. രാജു ഖാന്‍, വിഷ്ണു ദേവ, വിതരണം. ഗോകുലം മൂവീസ്

നിവിന്‍ പോളിയുടെ ഓണം റിലീസ് ആയിരിക്കും ഈ ചിത്രം എന്നാണ് അറിയാന്‍ കഴിയുന്നത്‌.

 

‘161 ദിവസത്തെ ഷൂട്ട്, പ്രചോദനമേകിയിരുന്ന നിരവധിപേര്‍, ജീവിതത്തില്‍ വലിയൊരു അനുഭവമായിരുന്നു കായംകുളം കൊച്ചുണ്ണി. ചിത്രീകരണം പൂര്‍ത്തിയായി,’നിവിന്‍ പോളി കുറിച്ചു.  ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നിവിന്‍ പോളിക്ക് പരുക്കേറ്റത് മൂലം കുറച്ചു നാള്‍ ഇതിന്റെ ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു.   ഇടതു കൈയ്യിന്റെ എല്ലിനാണ് പരുക്കേറ്റത്.  ഗോവയില്‍ ചിത്രീകരണം നടക്കുന്നതിനിടെയാണ് സംഭവം.

Read More: കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടെ അപകടം

പ്രിയ ആനന്ദാണ് ചിത്രത്തിൽ നായികാ വേഷം കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവരും ചിത്രത്തിലുണ്ട്.  തന്‍റെ സിനിമാ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരേടാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’ എന്ന് ചിത്രത്തിലെ നായിക പ്രിയാ ആനന്ദ്‌ അടുത്തിടെ ഒരു അഭുമുഖത്തില്‍ പറഞ്ഞിരുന്നു.

“ചെറുപ്പത്തില്‍ മുത്തശ്ശി പറഞ്ഞു തന്നിട്ടുണ്ട് കായംകുളം കൊച്ചുണ്ണിയുടെ കഥ. അതുകൊണ്ട് മനസ്സിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ഈ ചിത്രത്തിന്‍റെ പ്രമേയം. സിനിമാ ജീവിതത്തിന്‍റെ തുടക്കത്തില്‍ മുതലേയുള്ള ആഗ്രഹമായിരുന്നു ഒരു പിരീഡ് ചിത്രത്തില്‍ അഭിനയിക്കുക എന്നത്. അതും ഈ ചിത്രത്തിലൂടെ സഫലമാവുകയാണ്.”, മലയാളത്തിലെ തന്‍റെ രണ്ടാം ചിത്രത്തെക്കുറിച്ച് പ്രിയയ്ക്ക് പറയാനുള്ളത് ഇതാണ്. ‘എസ്ര’ എന്ന പൃഥ്വിരാജ് സിനിമയിലൂടെയാണ് പ്രിയ മലയാളത്തിലേക്ക് എത്തിയത്.

Read More: ‘കായംകുളം കൊച്ചുണ്ണി’ കരിയറിലെ സുപ്രധാന ചിത്രം: പ്രിയാ ആനന്ദ്‌

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook