നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്ര്യൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലെ രണ്ടാം ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘ഝണ ഝണ നാദം’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. ആദ്യ ഗാനത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

ഓണം റിലീസായി പുറത്തിറങ്ങുന്ന കൊച്ചുണ്ണിയില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാലും എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും ഇതുതന്നെയായിരിക്കും. എസ്ര എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ പ്രിയാ ആനന്ദാണ് കൊച്ചുണ്ണിയില്‍ നായികയായി എത്തുന്നത്.

നിവിന്‍ പോളി ആദ്യമായി ചരിത്രപ്രാധാന്യമുള്ള ഒരു വേഷം കൈകാര്യം ചെയ്യുന്നു എന്ന പ്രത്യേകതയും കൊച്ചുണ്ണിക്കുണ്ട്. സണ്ണി വെയ്ന്‍, ബാബു ആന്റണി, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

തീര്‍ത്തും വ്യത്യസ്തമായ പ്രചാരണ പരിപാടികളാണ് കൊച്ചുണ്ണിക്കായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ധി ഫ്‌ളാഗ് ഓഫ് ചെയ്തത് നിവിന്‍ പോളിയും സണ്ണി വെയ്‌നും ചേര്‍ന്നായിരുന്നു. കൂടാതെ അടുത്തിടെ കായംകുളം കൊച്ചുണ്ണിയെ പിടികിട്ടാനുണ്ടെന്ന വിളംബരത്തോടെ റെയില്‍വേ സ്റ്റേഷനുകളില്‍ നിവിന്‍ പോളിയുടെ ചിത്രം പതിച്ചിരുന്നു.

കായംകുളം കൊച്ചുണ്ണിയായി വേഷമിട്ട നിവിന്റെ വരച്ച ചിത്രമാണ് റെയില്‍വേ സ്റ്റേഷനുകളില്‍ പതിച്ചിരിക്കുന്നത്. കായംകുളം, ചേര്‍ത്തല, കൊല്ലം തുടങ്ങിയ സ്റ്റേഷനുകളില്‍ ചിത്രം പതിച്ചിട്ടുണ്ട്. പ്രതിയെ പിടിക്കാനായി പൊലീസ് അറിയിപ്പ് എന്ന പോലെയാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു. ഓഗസ്റ്റ് 17നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook