നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘കായംകുളം കൊച്ചുണ്ണി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍. ഇന്നലെ മുംബൈയില്‍ നടന്ന ഇൻഡസ്ട്രി/കാസ്റ്റ് ആന്‍ഡ്‌ ക്രൂ സ്ക്രീനിങ്ങില്‍ പങ്കെടുത്ത സിനിമാ പ്രവര്‍ത്തകര്‍ പങ്കുവച്ചതാണീ വിവരം. ചിത്രത്തിന് കിട്ടുന്ന ഹൈപ്പ്, കഥയുടെ വലിയ കാന്‍വാസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്നിവയെ തരണം ചെയ്യാന്‍ എളുപ്പമല്ല, പക്ഷേ റോഷന്‍ ആൻഡ്രൂസ് ഒട്ടും നിരാശപ്പെടുത്തുന്നില്ല എന്നും അതിഥി വേഷത്തില്‍ ഇത്തിക്കരപ്പക്കിയായി എത്തുന്ന മോഹന്‍ലാല്‍ ‘ഇലക്ട്രിഫൈയിങ്’ സാന്നിദ്ധ്യമായി എന്നും സിനിമ കണ്ടവര്‍ പറയുന്നു.

നായക വേഷം നിവിന്‍ പോളി ഗംഭീരമാക്കി എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ബാബു ആന്റണി, സണ്ണി വെയ്ന്‍ എന്നിവരുടെ പ്രകടനവും എടുത്തു പറയത്തക്കതാണ് എന്നും ആദ്യ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ‘എസ്ര’ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ പ്രിയാ ആനന്ദാണ് ‘കായംകുളം കൊച്ചുണ്ണി’യില്‍ നായികയായി എത്തുന്നത്. ഗോകുലം ഗോപാലനാണ് ഈ ബിഗ്‌ ബജറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കഥയെ ആസ്പദമാക്കി സഞ്ജയ്‌-ബോബി ഒരുക്കുന്നതാണ് ‘കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ. ഷൈന്‍ ടോം ചാക്കോ, ബാബു ആന്റണി, സണ്ണി വെയ്ന്‍ എന്നിവരുടെ പ്രകടനങ്ങളും എടുത്തു പറയത്തക്കതാണ് എന്നും ആദ്യ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ക്യാമറ. ബിനോദ് പ്രധാന്‍, എഡിറ്റര്‍. ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈന്‍. സുനില്‍ ബാബു, സൗണ്ട് ഡിസൈന്‍. പി.എം.സതീഷ്‌, മനോജ്‌ ഗോസ്വാമി, സംഗീതം. ഗോപി സുന്ദര്‍.

ഓണത്തിനു റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ഒക്ടോബര്‍ 11ന് റിലീസ് ചെയ്യും എന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരുന്ന ഇറോസ് എന്റര്‍റൈന്‍മെന്റ് അതില്‍ നിന്നും പിന്മാറി എന്നും പകരം ആന്റോ ജോസഫ്‌ ആവും ‘കായംകുളം കൊച്ചുണ്ണി’ വിതരണം ചെയ്യുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2017 സെപ്റ്റംബര്‍ 30നു തുടങ്ങിയ ചിത്രീകരണം മംഗലാപുരം, ഉഡുപ്പി, ശ്രീലങ്ക എന്നിവടങ്ങളിലായി 161 ദിവസം നീണ്ടു. ബിനോദ് പ്രധാനെക്കൂടാതെ നീരവ് ഷാ, സുധീര്‍ പല്സനെ എന്നിവരും ‘കായംകുളം കൊച്ചുണ്ണിയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. 45 കോടി രൂപയാണ് ചിത്രത്തിന് വേണ്ടി ചിലവായതെന്നും ഔദ്യോഗികമല്ലാത്ത വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ