ദിവസങ്ങളായി നീണ്ടു നില്‍ക്കുന്ന കനത്ത മഴയിലും പ്രളയത്തിലും മണ്ണിടിച്ചിലിലും ജനജീവിതം ദുരിതത്തിലായതിനെ തുടര്‍ന്ന് ഈയാഴ്ച പ്രദര്‍ശനത്തിനെത്തേണ്ടിയിരുന്ന ചിത്രങ്ങളുടെ റിലീസ് മാറ്റിവച്ചു. ‘കായംകുളം കൊച്ചുണ്ണി’, ‘പടയോട്ടം’, എന്നീ ചിത്രങ്ങളുടെ റിലീസ് ആണ് മാറ്റിവച്ചത്. ഓഗസ്റ്റ് 17ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രങ്ങളാണ് രണ്ടും. പുതിയ റിലീസ് തീയതി പിന്നീട് പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

കൂടാതെ രഞ്ജിത്-മോഹൻലാൽ ചിത്രം ഡ്രാമയുടെ ഇന്നത്തെ ട്രെയിലർ റിലീസും മാറ്റിവച്ചു. ചിത്രം ഓണത്തിനെത്തില്ലെന്നും സംവിധായകൻ രഞ്ജിത് പറഞ്ഞു.

“കേരളത്തിന്റെ അവസ്ഥ ആദ്യം ശരിയാകട്ടെ. എന്നിട്ടേ ഡ്രാമയുടെ ട്രെയിലർ ലോഞ്ച് ചെയ്യൂ. റിലീസ് ഡേറ്റും പിന്നീടു മാത്രമേ പ്രഖ്യാപിക്കൂ.”

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. ചിത്രത്തില്‍ മോഹന്‍ലാലും ഒരു മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. കൊച്ചുണ്ണിയുടെ സുഹൃത്തായ ഇത്തിക്കരപ്പക്കിയായാണ് മോഹന്‍ലാല്‍ എത്തുന്നത്. എസ്ര എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച പ്രിയാ ആനന്ദാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ആദ്യമായി നിവിന്‍ പോളി അഭിനയിക്കുന്ന ചരിത്ര സിനിമ കൂടിയാണിത്. ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

ബിജു മേനോനെ നായകനാക്കി റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ‘പടയോട്ട’മാണ് ഈയാഴ്ച റിലീസ് ചെയ്യേണ്ടിയിരുന്ന മറ്റൊരു ചിത്രം. ഹാസ്യത്തിനും ആക്ഷനും പ്രാധാന്യം നല്‍കിയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരവും പരിസരപ്രദേശങ്ങളുമാണ്.

ചെങ്കല്‍ രഘു എന്ന ഗുണ്ടയുടെ കഥയാണ് ‘പടയോട്ട’ത്തിന്റെ ഇതിവൃത്തം. ബാംഗ്ലൂര്‍ ഡേയ്‌സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വീക്കെന്‍സ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. അനു സിത്താര, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, ബേസില്‍, സുധി കോപ്പ, സേതു ലക്ഷ്മി, ഐമാ സെബാസ്റ്റിയന്‍, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരാണ് അഭിനേതാക്കള്‍.

മമ്മൂട്ടി-സേതു ടീമിന്റെ ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’, ടൊവിനോ തോമസിനെ നായകനാക്കി ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന ‘തീവണ്ടി’, അമല്‍നീരദ്-ഫഹദ് ഫാസില്‍ കൂട്ടുകെട്ടിന്റെ ‘വരത്തന്‍’ എന്നിവയാണ് മറ്റു പ്രധാന ഓണച്ചിത്രങ്ങള്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ