സിനിമ തിരക്കുകളിൽനിന്നും മാറി ഭാര്യ സുചിത്രയ്ക്കൊപ്പമുളള വെക്കേഷൻ ആഘോഷമാക്കുകയാണ് മോഹൻലാൽ. ന്യൂസിലൻഡിലാണ് ഇത്തവണ താരം വെക്കേഷനായി പോയത്. ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിൽ മോഹൻലാൽ ഷെയർ ചെയ്തിട്ടുണ്ട്.
ന്യൂസിലൻഡിലെ ‘ഹോബിട്ടൺ’ എന്ന സ്ഥലത്ത് നിന്നും പകർത്തിയ രണ്ടു ചിത്രങ്ങളാണ് മോഹൻലാൽ ആരാധകർക്കായി ഷെയർ ചെയ്തിരിക്കുന്നത്. ഹോളിവുഡ് സിനിമയായ ‘ദി ലോഡ് ഓഫ് ദി റിങ്സ്’ ഷൂട്ട് ചെയ്ത സ്ഥലത്തുനിന്നാണ് ചിത്രം പകർത്തിയതെന്ന് മോഹൻലാൽ എഴുതിയിട്ടുണ്ട്. അവിടെനിന്നും സുചിത്രയ്ക്കൊപ്പം പകർത്തിയ സെൽഫിയും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്.
ന്യൂസിലൻഡ് വെക്കേഷനിൽ നിന്നുള്ളൊരു ചിത്രം രാവിലെ തന്റെ ഇൻസ്റ്റഗ്രാം പേജിൽ മോഹൻലാൽ ഷെയർ ചെയ്തിരുന്നു. പക്ഷേ അതെവിടെ നിന്നാണ് പകർത്തിയതെന്ന് താരം അറിയിച്ചിരുന്നില്ല. #newzealand #vacation എന്നീ ഹാഷ്‌ടാഗുകളാണ് ചിത്രത്തിന് നൽകിയത്.
‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. 2020 മാർച്ച് 19 നു ചിത്രം തിയേറ്ററുകളിലെതത്തും. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മോഹൻലാലാണ് ഈ വിവരം അറിയിച്ചത്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. പ്രിയദർശനാണ് സംവിധായകൻ. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് പ്രിയദര്‍ശന്‍ മുൻപ് വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹൻലാൽ ചിത്രത്തില്‍ എത്തുക.
മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിങ് അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ദിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി വൻതാരനിര അണിനിരക്കുന്നുണ്ട്. സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത് മധുവാണ്.
Read more: ഷെഫ് മോഹൻലാലിനും സുചിത്രയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സുപ്രിയ