ഒടിയൻ ലുക്കിൽ എത്തിയ മോഹൻലാലിനെ കണ്ട് ആരാധകർ ഇളകി മറിഞ്ഞു. ലാലേട്ടൻ കീ ജയ് എന്നു ആർത്തുവിളിച്ച് ആരാധകർ പ്രിയതാരത്തിന് ഗംഭീര വരവേൽപ്പ് നൽകി. ഇടപ്പലളളിയിലെ മൈ ജിയുടെ ഷോറൂം ഉദ്ഘാടനത്തിനാണ് പുതിയ ചിത്രമായ ഒടിയന്റെ ലുക്കിൽ മോഹൻലാൽ എത്തിയത്.

പുതിയ രൂപത്തിലുളള ലാലേട്ടനെ കാണാനായി രാവിലെ മുതൽ തന്നെ ഷോറൂമിന്റെ പരിസരത്ത് വൻ ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു. റോഡിന്റെ ഇരുവശങ്ങളിലുമായി തിങ്ങിനിറഞ്ഞ ആരാധകരെ നിയന്ത്രിക്കാൻ പൊലീസ് നന്നേ പാടുപെട്ടു. കാത്തിരിപ്പിനൊടുവിൽ ലാലേട്ടൻ എത്തി.

Read More: അട്ടഹാസങ്ങളെ നിശബ്ദമാക്കി ‘ഒടിയന്‍ വെളിച്ചത്ത്’: നെറ്റി ചുളിച്ചവരെ അതിശയിപ്പിച്ച് പൊതുപരിപാടിയില്‍ മോഹന്‍ലാല്‍

കാറിൽനിന്നിറങ്ങുന്നതിനു മുൻപായി മോഹൻലാൽ ആരാധകർക്കുനേരെ കൈ വീശി കാണിച്ചു. കാറിൽനിന്നും പുറത്തിറങ്ങിയ മോഹൻലാൽ ആരാധകർക്കിടയിലൂടെ വളരെ പണിപ്പെട്ടാണ് വേദിയിലേക്ക് എത്തിയത്. ആരാധകരുടെ ആർപ്പുവിളികൾക്കിടയിൽ മോഹൻലാൽ ഷോറൂം ഉദ്ഘാടനം ചെയ്തു.

കറുത്ത സൺഗ്ലാസ് ധരിച്ചാണ് മോഹൻലാൽ എത്തിയത്. സിനിമയിലല്ലാതെ പൊതുവേദികളിലൊന്നും മോഹന്‍ലാലിനെ സണ്‍ഗ്ലാസ് ധരിച്ച് അധികമാരും കണ്ടിട്ടില്ല. എന്തുകൊണ്ടാണ് മോഹന്‍ലാല്‍ സണ്‍ഗ്ലാസ് ധരിച്ചെത്തിയതെന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആരാധകർ ഉയർത്തുന്നത്.

ഒടിയനില്‍ യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനാണ് മോഹൻലാൽ ശരീരഭാരം കുറച്ച് രൂപമാറ്റം നടത്തിയത്. പട്ടിണി കിടന്നാണെങ്കിലും ഒടിയനിലെ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മെലിയുമെന്ന് മോഹൻലാൽ ആരാധകരോട് പറഞ്ഞിരുന്നു. ആരാധകർക്ക് നൽകിയ വാക്ക് ലാലേട്ടൻ പാലിച്ചിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ