Empuraan : ‘എമ്പുരാൻ’ – മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേരാണത്. സൂപ്പർ ഹിറ്റായ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗത്തിന്റെ പേര് പൃഥ്വിരാജ് പ്രഖ്യാപിച്ചതു മുതൽ തന്നെ ‘എമ്പുരാൻ’ എന്ന വാക്കിനു പിറകെയാണ് മലയാള സിനിമാപ്രേമികൾ. ‘തമ്പുരാൻ’ എന്ന വാക്കിനോട് സാമ്യം തോന്നിക്കുന്ന, രാജാവ്, അജയ്യൻ എന്നൊക്കെ അർത്ഥം വരുന്ന ഒരു വാക്കാണ് എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലാവുമെങ്കിലും ഈ വാക്കിന്റെ വിവിധ പ്രയോഗങ്ങളും വകഭേദങ്ങളുമൊക്കെ സിനിമയുടെ ടൈറ്റിലുമായി ബന്ധപ്പെട്ടു ചർച്ചയിൽ വരുന്നുണ്ട്.
Empuraan: എൻപുരാൻ: ശബ്ദതാരാവലി പറയുന്നത്
എമ്പുരാൻ എന്ന വാക്കിനെ ശബ്ദതാരാവലി രേഖപ്പെടുത്തുന്നത് ‘എൻപുരാൻ’ എന്നാണ്. എന്റെ യജമാനൻ, എങ്ങളുടെ നാഥൻ, എമ്പ്രാൻ എന്നൊക്കെയാണ് അർത്ഥം പറയുന്നത്. ‘എമ്പുരാൻ എന്നത് മലയാളഭാഷയിൽ ഉപയോഗത്തിലുണ്ടായിരുന്ന വാക്കായിരുന്നു. എൻപുരാൻ എന്നത് ലോപിച്ചാവാം എമ്പുരാൻ എന്നായത്. Lord of Lords എന്നാണ് എമ്പുരാൻ എന്നതിന്റെ അർത്ഥം,’ ചിത്രത്തിന്റെ പേരിനെ കുറിച്ച് ‘എമ്പുരാന്റെ’ തിരക്കഥാകൃത്തായ മുരളി ഗോപി പറയുന്നതിങ്ങനെയാണ്.
എമ്പുരാൻ: വാക്കിന്റെ വകഭേദങ്ങൾ
എമ്പുരാൻ എന്ന ടൈറ്റിൽ അനൗൺസ് ചെയ്യപ്പെട്ടതു മുതൽ പേരിന്റെ ഉത്പത്തിയെ കുറിച്ച് കൗതുകകരമായ നിരവധി ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. എൻപുരാൻ/ എമ്പുരാൻ എന്ന നാമത്തിന്റെ വകഭേദങ്ങളായിട്ടാവാം പിന്നീട് തമ്പുരാൻ, തമ്പ്രാൻ, തമ്പ്രാ, എമ്പ്രാ, എമ്പ്രാൻ എന്നിങ്ങനെയുള്ള വാക്കുകൾ ഉണ്ടായത് എന്നാണ് ഒരു നിരീക്ഷണം. നീലേശ്വരത്തും മറ്റും യാഗങ്ങൾ കഴിക്കുന്ന ബ്രാഹ്മരണയെും എമ്പ്രാൻമാർ എന്നു വിശേഷിപ്പിക്കാറുണ്ടെന്ന് ശബ്ദതാരാവലിയിലും പറയുന്നുണ്ട്. സമാനമായി എൻപോൻ, എൻപെരുമാൻ തുടങ്ങിയ പ്രയോഗങ്ങളും നിലവിലുണ്ട്. തുളുനാട്ടിലെ ബ്രാഹ്മണർ എന്നാണ് എൻപെരുമാൻ എന്ന വാക്കിന് ശബ്ദതാരാവലി നൽകുന്ന നിർവ്വചനം.
Read Also: Empuraan: ‘എമ്പുരാൻ’ വരുന്നു: നയിക്കാൻ അതേ നാൽവർ സംഘം
‘എംപിറാന്‍’ എന്ന തമിഴ് വാക്കില്‍ നിന്നാണ് ‘എമ്പുരാൻ’ എന്ന വാക്കിന്റെ ആവിര്‍ഭാവം എന്നാണ് മറ്റൊരു രസകരമായ ഭാഷോൽപ്പത്തി കഥ. എന്റെ ദൈവം, തമ്പുരാൻ എന്നൊക്കെയാണ് എംപിറാൻ എന്ന വാക്കിന്റെ അർത്ഥം. ആഴ്വാര്‍മാര്‍ ഒമ്പതാം നൂറ്റാണ്ടിൽ രചിച്ചതെന്ന് പറയപ്പെടുന്ന നാലായിരം ദിവ്യ പ്രബന്ധത്തിൽ തുടങ്ങി ഈ വാക്കുണ്ടെന്നാണ്’ സിനിമാനിരൂപകനും തിരക്കഥാകൃത്തുമായ മുകേഷ് കുമാർ പറയുന്നത്.
‘എന്നെഞ്ചമേയാന്‍ ഇരുള്‍ നീക്കി എംപിറാന്‍ മന്നഞ്ച മുന്നൊരുനാള്‍ മണ്ണളന്താന്‍ (ദിവ്യ പ്രബന്ധത്തിലെ ഈ 2439- ാം ശ്ലോകം ഒരുദാഹരണം. ദിവ്യ പ്രബന്ധത്തിൽ പലയിടത്തും എംപിറാൻ എന്ന വാക്ക് ആവർത്തിക്കപ്പെടുന്നുണ്ട്). എന്റെ ഹൃദയത്തിൽ നിന്ന് പിരിയാത്തവന്‍ എന്നും ആ വാക്കിന് വ്യാഖ്യാനമുണ്ട്. അമ്പലങ്ങളിലും ആരാധന നടക്കുന്നിടങ്ങളിലും ‘ഈശ്വരാ’ എന്ന് ഇവിടെ പറയുന്ന പോലെ തമിഴ്നാട്ടിലെ പലയിടങ്ങളിലും ‘എമ്പുരാനേ / എമ്പിറാനേ’ എന്ന പ്രയോഗം കോമണ്‍ ആണ്,’ മുകേഷ് കുമാർ വിശദമാക്കുന്നു.
മുൻപും മലയാള സിനിമയിൽ എമ്പ്രാൻ, തമ്പ്രാ, എമ്പ്രാട്ടി, അമ്പ്രാട്ടി തമ്പുരാൻ തുടങ്ങിയ പേരുകളെല്ലാം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. തേന്മാവിൻ കൊമ്പത്തിലെ ശ്രീനിവാസന്റെ കഥാപാത്രത്തിലെ ‘ഓമ്പ്രാ’ വിളി മുതൽ, ‘ഒടിയനി’ലെ അമ്പ്രാട്ടി വിളി വരെ എമ്പുരാൻ എന്ന വാക്കിന്റെ അർത്ഥവ്യാപ്തിയുടെ പരിധിയിൽ വരുന്ന വിളിപ്പേരുകളാണ്.
ആരാണ് എമ്പുരാൻ ?: പൃഥ്വിരാജ് പറയുന്നത്
‘തമ്പുരാനും ദൈവത്തിനും ഇടയിൽ നിൽക്കുന്ന ഒരു എൻറ്റിറ്റി’ എന്നാണ് ‘എമ്പുരാൻ’ എന്ന പേരിന് പൃഥ്വിരാജും മുരളി ഗോപിയും നൽകുന്ന വ്യാഖ്യാനം. ‘താരേ തീയേ നെഞ്ചിൽ കത്തും കാവൽ നാളമേ… ഈ ആളും കാറ്റിൻ കണ്ണിൽ വാഴും മായാമന്ത്രമേ… മാരിപ്പേയേ, കാണാക്കരയെ, ആഴിത്തിര നീയേ…
ഇരുളിൻ വാനിൽ നീറും നീറാ സൂര്യനേ… എതിരി ആയിരം, എരിയും മാനിടം. അതിരിടങ്ങളോ അടർക്കളം… തേടുന്നു, നോറ്റുന്നു, കാക്കുന്നു, വാഴ്ത്തുന്നു… താരാധിപന്മാർ നിന്നെ…എമ്പുരാനേ..’ എന്ന് ലൂസിഫറിന്റെ തീം ഗാനത്തിലും എമ്പുരാനെ വിശേഷിപ്പിക്കപ്പെട്ടിരുന്നു.
Read Also: ആരാധകലോകം കാത്തിരിക്കുന്ന ‘എമ്പുരാന്‍’ ആര് ?: പൃഥ്വിരാജ് പറയുന്നു
“ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: സീദോന്‍, ഇതാ, ഞാന്‍ നിനക്കെതിരാണ്. നിന്റെ മധ്യേ ഞാന്‍ എന്റെ മഹത്വം പ്രകടിപ്പിക്കും; എന്റെ ന്യായവിധി അവളില്‍ ഞാന്‍ നടത്തും. എന്റെ വിശുദ്ധി അവളില്‍ ഞാന്‍ വെളിപ്പെടുത്തും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ എല്ലാവരും അറിയും,” ബൈബിളിലെ സിദോനെതിരെയുള്ള കർത്താവിന്റെ അരുളപ്പാടിന്റെ ചുവടു പിടിച്ച് ‘എമ്പുരാൻ’എന്ന സങ്കൽപ്പത്തിനുള്ള വേദവാക്യവും ഇതിനകം തന്നെ പ്രേക്ഷകർ സൃഷിടിച്ചു കഴിഞ്ഞു.
“ഇതാ ഞാന്‍ നിനക്കെതിരാണ്. നിന്റെ മധ്യേ ഞാന്‍ എന്റെ മഹത്വം പ്രകടിപ്പിക്കും. എന്റെ ന്യായവിധി അവരിൽ ഞാന്‍ ഇനിയും നടത്തും. എന്റെ വിശുദ്ധി ഞാന്‍ വെളിപ്പെടുത്തും. അവിടെ ഞാനാണ് ‘രാജാവ്’ എന്ന് ഒരിക്കൽ കൂടി എല്ലാവരും അറിയും. ചക്രവർത്തിക്കും ദൈവത്തിനുമിടയിൽ സൃഷ്ടിക്കപ്പെട്ട ഒരേ ഒരു രാജാവ്. L2- എമ്പുരാൻ.” More than a King Less than A God” എന്നാണ് ‘ലൂസിഫർ/എമ്പുരാൻ’ ആരാധകരുടെ ഭാഷ്യം.
മോഹൻലാലിന്റെ ആരാധകരും രസകരമായ വ്യാഖ്യാനങ്ങളുമായി രംഗത്തുണ്ട്. ബോക്സ് ഓഫീസ് Emperor ആയ മോഹൻലാൽ, ആറാം ‘തമ്പുരാൻ’ (Thampuran) എന്നീ വാക്കുകൾ ഒന്നിച്ചു ചേർന്നാണ് Empuraan ആയതെന്നാണ് ചില രസികരുടെ കണ്ടെത്തൽ. എന്തിരുന്നാലും പേരു കൊണ്ടു തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ് ‘എമ്പുരാൻ’. സ്റ്റീഫൻ നെടുമ്പിള്ളിയെ ‘ലൂസിഫർ’ എന്ന ബിബ്ലിക്കൽ പേരിലേക്ക് കണക്ട് ചെയ്തതു പോലെ എങ്ങനെയാവും ‘എമ്പുരാനി’ലേക്ക് എബ്രഹാം ഖുറേഷിയെ മുരളി ഗോപിയും പൃഥ്വിരാജും കണക്റ്റ് ചെയ്തെടുക്കുക എന്നറിയാൻ കൂടിയാണ് ആരാധകരുടെ കാത്തിരിപ്പ്.