ഒരു കാലത്തെ കഥാപാത്രങ്ങൾ കൊണ്ട് മാത്രമല്ല, രൂപം കൊണ്ടും മലയാളത്തിലെ കച്ചവട സിനിമകളിലെ സ്ഥിരം നായക സങ്കൽപ്പങ്ങൾക്ക് ഒരു അപവാദമായിരുന്നു മോഹൻലാൽ എന്ന നടൻ. ഇതേക്കുറിച്ച് മോഹൻലാൽ സംസാരിക്കുന്ന ഒരു പഴയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഒരു പഴയകാല അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം പറയുന്നത്. നെടുമുടി വേണുവാണ് അഭിമുഖം നടത്തുന്നത്.

കമേഴ്സ്യൽ നായകന്റെ രൂപസങ്കൽപ്പമില്ലാത്ത നടനെന്ന് പറയുന്നതിൽ കുറച്ചിൽ തോന്നുമോ എന്ന ആമുഖത്തോടെയായിരുന്നു നെടുമുടി വേണുവിന്റെ ചോദ്യം. അങ്ങനെയുള്ള ഒരാൾക്ക് ഇത്രയേറെ ആളുകളുടെ ഇഷ്ടവും ജനപ്രീതിയും പിടിച്ചു പറ്റാൻ സാധിക്കുന്നത് കേരത്തിലായതു കൊണ്ട് മാത്രമാണെന്ന് കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

കമേഴ്സ്യൽ നായകന്റെ രൂപസങ്കൽപ്പമില്ലാത്ത നടനെന്ന് പറയുന്നതിൽ കുറച്ചിലില്ല, അഭിമാനം മാത്രമേ ഉള്ളൂ എന്നും താനും വേണുച്ചേട്ടനും (നെടുമുടി വേണു) എല്ലാം അങ്ങനെ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

“അങ്ങനെ ഒരു ജനപ്രീതി നേടാൻ കഴിഞ്ഞത് കേരളത്തിലായതുകൊണ്ട് മാത്രമായിരിക്കാം. നമ്മൾ, ശ്രീനിവാസൻ, ഗോപിച്ചേട്ടൻ(നെടുമുടി വേണു) എന്നിവരെല്ലാം സാമ്പ്രദായിക നായക സങ്കൽപ്പത്തിൽ നിന്നും എത്രയോ മാറി നിൽക്കുന്നവരാണ്. അതിൽ അഭിമാനം കൊള്ളണം. അതൊരു ഭാഗ്യമായിട്ട് കരുതണം,” എന്നായിരുന്നു മോഹൻ ലാലിന്റെ മറുപടി.

സദയം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം തുടങ്ങിയ ചിത്രങ്ങളെല്ലാം മലയാളത്തിൽ മാത്രമേ ഉണ്ടാകൂ എന്നും, മറ്റ് ഭാഷകളിൽ അത്തരം ചിത്രങ്ങൾ ഉണ്ടാകില്ലെന്നും മോഹൻലാൽ അഭിമുഖത്തിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook