മലയാളത്തിന്റെ അഭിമാനം ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ് പിന്നണി ഗാനരംഗത്ത് ഇന്ന് 60 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. 1961 നവംബർ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കോർഡ് ചെയ്തത്. ‘കാൽപ്പാടുകൾ’ എന്ന ചിത്രത്തിൽ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി ഹരിശ്രീ കുറിച്ച അദ്ദേഹം ഇന്ന് വിവിധ ഭാഷകളിലായി 50,000 ത്തിൽ അധികം ഗാനങ്ങൾ പാടി.
ഇപ്പോഴിതാ, അറുപത് വർഷങ്ങൾ പിന്നിടുന്ന ആ സംഗീത യാത്രയ്ക്ക് തന്റെ പ്രിയഗാനങ്ങൾ കൊണ്ട് ഗാനാഞ്ജലി അർപ്പിക്കുകയാണ് മോഹൻലാൽ. തന്റെ യൂട്യൂബിൽ ചാനലിൽ ‘കാൽപ്പാടുകൾ’ എന്ന പേരിൽ പങ്കുവെച്ച വെച്ച വീഡിയോയിലൂടെയാണ് മലയാളത്തിന്റെ സൂപ്പർതാരം പ്രണാമമർപ്പിക്കുന്നത്.
തിരനോട്ടം മുതൽ വില്ലൻ വരെയുള്ള ചിത്രങ്ങളിൽ യേശുദാസ് പാടിയ പ്രിയപ്പെട്ട ഗാനങ്ങൾ ഓർത്തുകൊണ്ടാണ് മോഹൻലാലിന്റെ വീഡിയോ. യേശുദാസ് തന്റെ മാനസഗുരു ആണെന്നും അതിന്റെ കാരണവും മോഹൻലാൽ പറയുന്നുണ്ട്. സംഗീതം എന്നാൽ യേശുദാസ് തന്നെയാണെന്നും തന്റെ പ്രിയപ്പെട്ട ഗായകന് പ്രണാമമർപ്പിച്ച് മോഹൻലാൽ പറഞ്ഞു.
സിനിമയിൽ എത്തുന്നതിനു മുന്നേ യേശുദാസിന്റെ ആരാധകൻ ആയിരുന്നു. തന്റെ ആദ്യ ചിത്രത്തിൽ അദ്ദേഹം പാടിയതിൽ അഭിമാനമുണ്ട്. യേശുദാസിന്റെ കച്ചേരികളുടെ കസ്റ്റേറ്റുകൾ രഹസ്യമായി കാണാറുണ്ടായിരുന്നു. അത് ഭരതം, ഹിസ്‌ഹൈനസ്സ് അബ്ദുള്ള തുടങ്ങിയ ചിത്രങ്ങളിൽ കച്ചേരി രംഗങ്ങളിൽ അഭിനയിക്കുന്ന സമയത്ത് ഗുണം ചെയ്തുവെന്നും മോഹൻലാൽ പറയുന്നു.
താൻ നടനായി അരങ്ങേറ്റം കുറിച്ച ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന ചിത്രത്തിലെ ‘മിഴിയോരം എന്ന ഗാനം’ മുതൽ പ്രിയപ്പെട്ട ഓരോ ഗാനങ്ങളും ഓർത്ത് പാടികൊണ്ടാണ് വീഡിയോ. നടനായി സിനിമയിൽ ചുവടുറപ്പിക്കുന്ന ഘട്ടത്തിൽ യേശുദാസിന്റെ സാന്നിധ്യം ഏറെ സ്വാധീനിച്ചതായും മോഹൻലാൽ പറയുന്നുണ്ട്.
നേരത്തെ, യേശുദാസിന് പ്രണാമമർപ്പിച്ച് ഒരു കുറിപ്പും മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു. പ്രിയപ്പെട്ട ദാസേട്ടന്റെ ശബ്‌ദത്തിൽ ഏകാന്തതയിൽ സ്വർഗം എന്തെന്നറിയുന്നു. മനസിൽ നന്മകൾ നിറയുന്നു. വേദനകൾ മറക്കുകയും തന്റെ എളിയ ജീവിതം അർത്ഥപൂർണമായെന്നുമാണ് അദ്ദേഹം കുറിച്ചത്.
Also Read: ചങ്ങാതിയ്ക്ക് ഒപ്പം സൈക്കിളിൽ ചുറ്റികറങ്ങി മോഹൻലാൽ; വീഡിയോ
1940 ജനുവരി 10-ന് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റേയും മകനായി ജനിച്ച യേശുദാസ് അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീതലോകത്തു മാത്രമല്ല, കര്‍ണ്ണാടക സംഗീതരംഗത്തും ഈ അതുല്യഗായകന്‍ തന്റെ അവിതര്‍ക്കമായ സാന്നിദ്ധ്യം അറിയിച്ചു.
അച്ഛൻ പാടിത്തന്ന പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ് 1949-ൽ ഒമ്പതാം വയസ്സിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചു തുടങ്ങി. തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആർ. എൽ. വി സംഗീത കോളജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത് ആദ്യത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു.
മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ (എട്ടു തവണ)നേടിയ യേശുദാസ് കേരള, തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.