അബുദാബി: എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മഹാഭാരതം എന്ന ചിത്രം മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരിലാകും സിനിമയാക്കുക. സിനിമയ്ക്ക് ആധാരമായ എം ടിയുടെ നോവലിന്റെ അതേ പേര് തന്നെയാണ് മലയാളത്തിൽ സിനിമയ്ക്ക് സ്വീകരിക്കുന്നത്. എന്നാൽ ഹിന്ദിയും ഇംഗ്ലീഷും ഉൾപ്പെടെ മറ്റു ഭാഷകളിൽ ചിത്രത്തിന്റെ പേര് ‘മഹാഭാരത -രണ്ടാമൂഴം ദ് മൂവീ’ എന്നായിരിക്കും. ചിത്രത്തിന്റെ നിര്‍മാതാവും വ്യവസായിയുമായ ബിആര്‍ ഷെട്ടിയാണ് അബുദാബിയിൽ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. മറ്റ് ഭാഷകളില്‍ മഹാഭാരതം എന്ന പേരില്‍ തന്നെയാവും ഇത് പുറത്തിറങ്ങുക.
ബ്രഹ്മാണ്ഡ ചിത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയുണ്ടെന്നും ബിആർ ഷെട്ടി അറിയിച്ചു. ജൂൺ ഏഴിന് സിനിമയുടെ അണിയറ പ്രവർത്തകർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധയിൽ ഉൾപ്പെടുത്തിയാകും ചിത്രം നിർമിക്കുക.
രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി ചലച്ചിത്രം നിർമിക്കുന്നുവെങ്കിൽ അതിന്റെ പേര് രണ്ടാമൂഴം എന്നു തന്നെ ആയിരിക്കണമെന്നും മഹാഭാരതം എന്ന പേര് അംഗീകരിക്കില്ലെന്നും ഹിന്ദു ഐക്യവേദി പ്രസിഡൻറ് കെപി ശശികല പറഞ്ഞിരുന്നു. എന്നാല്‍, ആരുടെയും ഭീഷണി കണക്കിലെടുത്തല്ല ചിത്രത്തിന്റെ മലയാള പതിപ്പിന് രണ്ടാമൂഴം എന്ന് പേരിടുന്നതെന്ന് ബിആര്‍ ഷെട്ടി പറഞ്ഞു. ‘രണ്ടാമൂഴം’ നോവൽ മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് എല്ലാ മലയാളികൾക്കും അറിയുമെന്നതിനാലാണ് മലയാളത്തിൽ ചിത്രത്തിന്റെ പേര് ‘രണ്ടാമൂഴം’ എന്ന് മാത്രമായി നിശ്ചയിച്ചതെന്ന് സംവിധായകൻ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത വിഎ ശ്രീകുമാർ മേനോൻ അറിയിച്ചു.
Also Read: മോഹന്‍ലാല്‍ ചിത്രത്തിന് ‘മഹാഭാരതം’ എന്ന പേരിട്ടാല്‍ ചിത്രം തിയേറ്റര്‍ കാണില്ലെന്ന് കെപി ശശികല
മൊത്തം ആറ് മണിക്കൂറുള്ള ചലച്ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് നിർമിക്കുക. എല്ലാ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും ചിത്രം പുറത്തിറക്കും. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ചലച്ചിത്രങ്ങൾ അതത് ഭാഷകളിൽ തന്നെ ചിത്രീകരിക്കും. തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രീകരിക്കാൻ ശ്രമിക്കും. മറ്റു ഭാഷകളിൽ ഡബ്ബ് ചെയ്തായിരിക്കും ചലച്ചിത്രം പ്രേക്ഷകരിലെത്തിക്കുകയെന്നും സംവിധായകൻ അറിയിച്ചു.
Also Read: മോഹന്‍ലാലിന്‍റെ ഭീമസേനനെ ഇന്ത്യ എങ്ങനെ സ്വീകരിക്കും?