മോഹന്‍ലാലില്ലാത്ത മോഹന്‍ലാല്‍ സിനിമ. അതാണ് ‘മോഹന്‍ലാല്‍’. പക്ഷെ ഇതില്‍ മുഴുവന്‍ മോഹന്‍ലാലാണ്. മീനുക്കുട്ടിക്ക് മോഹന്‍ലാലിനോടുള്ള സ്‌നേഹമാണ്. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ‘ലാലേട്ടാ..’ എന്ന ഗാനം കുറേ നാളായി സോഷ്യല്‍ മീഡിയയില്‍ കിടുന്നു കറങ്ങുകയായിരുന്നു. ഒടുവില്‍ മുഴുവന്‍ പാട്ടും ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

മനു മഞ്ജിത്തിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ടോണി ജോസഫ് പള്ളിവാതുക്കൽ, നിഹാൽ സാദിഖ് എന്നിവരാണ്. ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനുക്കുട്ടിയുടെ കഥാണ് ഈ ചിത്രം പറയുന്നത്. ‘മോഹന്‍ലാല്‍’ വിഷുവിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. മഞ്ജുവാര്യരാണ് മീനുക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീനുക്കുട്ടിയുടെ ഭര്‍ത്താവ് സേതുമാധവനായി ഇന്ദ്രജിത്തും എത്തുന്നു. 1980 ലെ ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രമാണ് മലയാളത്തിന് മോഹന്‍ലാല്‍ എന്ന നടനെ സമ്മാനിക്കുന്നത്. ചിത്രം റിലീസ് ചെയ്ത ദിവസമാണ് നായിക മീനുക്കുട്ടി ജനിക്കുന്നത്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹന്‍ലാല്‍ എന്ന ടാഗ്ലൈനിലാണ് ചിത്രം വരുന്നത്.

സാജിദ് യഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സുനീഷ് വാരനാടാണ്. ഷാജികുമാറാണ് ഛായാഗ്രഹണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ