/indian-express-malayalam/media/media_files/uploads/2018/04/mohanlal.jpg)
താരാരാധന മൂത്ത് തങ്ങളുടെ താരങ്ങള്‍ക്കു വേണ്ടി തല്ലാനും കൊല്ലാനും ചീത്തവിളിക്കാനും ആരാധകര്‍ മത്സരിക്കുന്ന അവസ്ഥയ്ക്ക് തെന്നിന്ത്യന്‍ സിനിമാ ലോകം, പ്രത്യേകിച്ച് മലയാള സിനിമ കഴിഞ്ഞ കുറേ കാലങ്ങളായി സാക്ഷ്യം വഹിക്കുന്നുണ്ട്. ലോകത്ത് മറ്റെന്തിനേക്കാള്‍ വലുതാണ് തന്‍റെ താരം എന്നു വിശ്വസിക്കുന്ന ആരാധകരെ നവമാധ്യമങ്ങളിലൂടെ ദൈനംദിനം നമ്മള്‍ കാണുന്നുമുണ്ട്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ആരാധന അസ്ഥിക്കുപിടിച്ച് ഫാൻസ് ചെയ്തുകൂട്ടുന്ന പ്രവര്‍ത്തികള്‍ പലപ്പോഴും താരങ്ങളേയും ആരാധകരേയും ഒരു പോലെ വിമര്‍ശനത്തിന് വിധേയമാക്കാറുമുണ്ട്. അത്തരത്തില്‍ മോഹന്‍ലാലിനോടുള്ള ആരാധന തലയ്ക്കു പിടിച്ച മീനുക്കുട്ടി (മഞ്ജു വാര്യര്‍)യുടെ കഥയാണ് സാജിദ് യഹിയ സംവിധാനം ചെയ്ത 'മോഹന്‍ലാല്‍.'
'ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന്‍' എന്ന ടാഗ് ലൈനോടെയാണ് ചിത്രം വരുന്നത്. ടീസറും ട്രെയിലറും പാട്ടുകളുമെല്ലാം സൂചിപ്പിച്ചതും, അതില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചത് എന്താണോ അതു തന്നെയാണ് ഈ ചിത്രം. മീനാക്ഷിയെന്നാണ് മഞ്ജുവിന്‍റെ കഥാപാത്രത്തിന്‍റെ പേര്. മോഹന്‍ലാലിന്‍റെ ആദ്യ സിനിമയായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' 1980കളിലെ ക്രിസ്മസ് റിലീസായാണ് തിയേറ്ററില്‍ എത്തുന്നത്. അന്നേ ദിവസം ജനിക്കുന്ന ഒരു കുട്ടിയുടെ ജീവിതത്തിലൂടെയാണ് 'മോഹന്‍ലാല്‍' പുരോഗമിക്കുന്നത്. മീനുക്കുട്ടിയും ബാല്യകാല സുഹൃത്തായ സേതുമാധവനും (ഇന്ദ്രജിത്ത്) അവരുടെ പ്രണയവും വിവാഹവും ആണ് ആദ്യ പകുതിയില്‍ കാണിക്കുന്നതെങ്കിലും ഓരോ സീനിലും മോഹന്‍ലാലുണ്ട്. മീനുക്കുട്ടിക്ക് ലാലേട്ടനോടുള്ള സ്‌നേഹവും ആരാധനയും ഉണ്ട്. മോഹന്‍ലാല്‍ എന്ന പേരുകേട്ടാല്‍ തുള്ളിച്ചാടുന്ന, മോഹന്‍ലാല്‍ സിനിമകള്‍ ആദ്യദിവസം ആദ്യ ഷോ പോയി കാണുന്ന, മോഹന്‍ലാലിന്‍റെ ഓരോ നേട്ടങ്ങളും ആഘോഷിക്കുന്ന ഒരു കട്ട മോഹന്‍ലാല്‍ ഫാന്‍. തന്‍റെ ജീവിതത്തിലെ ഓരോ മനുഷ്യനിലും മീനുക്കുട്ടി തിരയുന്നത് ഓരോ മോഹന്‍ലാല്‍ കഥാപാത്രങ്ങളെയാണ്.
തിയേറ്ററില്‍ ഫാന്‍ മൻട്രങ്ങളെപ്പോലും ഞെട്ടിച്ചുകൊണ്ട് മോഹന്‍ലാലിന്‍റെ എന്‍ട്രി ആഘോഷിക്കുന്ന മീനുക്കുട്ടിയുടെ ആരാധന അവരുടെ ജീവിതത്തിലും, വിവാഹ ജീവിതത്തിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ചിത്രം പറയുന്നുണ്ട്.
മലയാള സിനിമയില്‍ ആദ്യമായാണ് ഒരു നായികയുടെ മാസ് എന്‍ട്രി കാണുന്നത്. മോഹന്‍ലാല്‍ സിനിമയെക്കുറിച്ച് മോശം പറഞ്ഞ ഒരാളെ ചവിട്ടിത്തെറിപ്പിച്ച് കൂളിംഗ് ഗ്ലാസ്സും വച്ചുള്ള മഞ്ജുവിന്‍റെ വരവിന് മോഹന്‍ലാലിന്‍റെ എൻട്രി പോലുള്ള കൈയ്യടിയായിരുന്നു തിയേറ്ററില്‍. വര്‍ഷങ്ങള്‍ക്കു ശേഷമാണ് മഞ്ജു വാര്യരുടെ ഒരു മാസ്സ്, കോമഡി ചിത്രം കാണുന്നത്. പ്രത്യേകിച്ച് തിരിച്ചു വരവിനു ശേഷം സാരോപദേശങ്ങളില്ലാത്ത ഒരു മഞ്ജു വാര്യര്‍ ചിത്രം കൂടിയാണ് 'മോഹന്‍ലാല്‍'. ആരാധകര്‍ എന്ന പേരില്‍ ആണ്‍കൂട്ടങ്ങളെ മാത്രം കണ്ടു ശീലിച്ച, അവരുടെ ആഘോഷങ്ങളെ മാത്രം ശീലിച്ച മലയാളികള്‍ക്കു മുന്നിലേക്ക് ഒരു ആരാധികയെ കാണിച്ചു കൊടുക്കുകയാണ് സംവിധായകന്‍. മാസ്സായ ഒരു നായികയെ കണ്ട് മലയാളികള്‍ ശീലിച്ചിട്ടുമില്ല. പക്ഷെ ആ മാസ്സിന്‍റെ പുറകിലും മോഹന്‍ലാലിനോടുളള ആരാധന മാത്രമാണ്.
ആരാധന തലയ്ക്കു പിടിച്ച് ചെയ്തു കൂട്ടുന്ന പല കാര്യങ്ങളും കാണുമ്പോള്‍ അല്‍പം കൂടിപ്പോയില്ലേ എന്നു തീര്‍ച്ചായും പ്രേക്ഷകര്‍ക്കു തോന്നും. എന്നാല്‍ അതിന് ന്യായീകരണമെന്ന പോലെ തുടക്കത്തില്‍ പൃഥ്വിരാജിന്‍റെ വോയ്‌സ് ഓവര്‍ പറയുന്നുണ്ട് ഓരോ ആരാധനയ്ക്കും ഓരോ ഇഷ്ടത്തിനും ഒരു അസാധാരണ സ്വഭാവം ഉണ്ട്. പിന്നെ ആരാധന തലയ്ക്കു പിടിച്ച് പലരും കാണിച്ചുകൂട്ടുന്നതിനെല്ലാം നമ്മള്‍ തന്നെ സാക്ഷികളായിട്ടുണ്ട്. ലാലേട്ടനോടുള്ള മീനുക്കുട്ടിയുടെ കടുത്ത ആരാധനയ്ക്ക് ഏറെക്കുറേ കണ്‍വിന്‍സിങ് ആയ ഒരു കാരണം സിനിമ പറയുന്നുണ്ട്. ഭാര്യയുടെ അതിരുവിട്ട ആരാധനയില്‍പ്പെട്ട് ഉഴലുകയും പതറുകയും ചെയ്യുന്ന സേതുവായി മികച്ച പ്രകടനമാണ് ഇന്ദ്രജിത്ത് കാഴ്ചവച്ചത്. മോഹന്‍ലാല്‍ ആരാധകര്‍ക്കു പോലും ഈ കഥാപാത്രത്തോട് സഹതാപം തോന്നുന്നും പല സന്ദര്‍ഭങ്ങളിലും. അതേസമയം ആരാധകര്‍ നടത്തുന്ന ആതുര സേവന പ്രവര്‍ത്തനങ്ങളും ചിത്രം കാണിക്കുന്നുണ്ട്.
ചിത്രത്തില്‍ ഒരു പ്രേംനസീര്‍ ആരാധികയെ കൂടി കാണിക്കുന്നുണ്ട്. ഷീല എന്ന ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സേതുലക്ഷ്മിയാണ്. മഞ്ജുവിന്‍റെയും സേതുലക്ഷ്മിയുടേയും കോമ്പിനേഷന്‍ സീനുകള്‍ക്കും തിയേറ്ററില്‍ ചിരിയുണര്‍ത്താന്‍ സാധിച്ചു. അജുവര്‍ഗീസ് അവതരിപ്പിച്ച കഥാപാത്രം ചിത്രത്തില്‍ ആവശ്യമായിരുന്നെങ്കിലും അജുവിന്‍റെ പ്രകടനം കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു എന്നു തോന്നി. എങ്കിലും സിനിമയുടെ മൊത്തത്തിലുള്ള ഓളം ആരുടേയെങ്കിലും പ്രകടനത്തെ എടുത്തു കാണിക്കുന്നതിനു പകരം മോഹന്‍ലാല്‍ എന്ന ഒരൊറ്റ വികാരത്തിലേക്ക് എല്ലാവരേയും സമന്വയിപ്പിക്കുകയാണ്.
സൗബിന്‍ സാഹിറിന്‍റെ കഥാപാത്രമാണ് സിനിമയില്‍ ഏറെ സ്പര്‍ശിച്ചത്. ആ കഥാപാത്രമെന്തെന്ന് പ്രേക്ഷകര്‍ കണ്ടു തന്നെ അറിയണം. കെ.പി.എ.സി ലളിത, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവര്‍ക്കെല്ലാം വളരെ കുറഞ്ഞ സ്‌ക്രീന്‍ പ്രസന്‍സേയുള്ളൂ.
പാട്ടുകളാണ് ചിത്രത്തിന്‍റെ മറ്റൊരു സവിശേഷത. ടോണി ജോസഫ് പള്ളിവാതുക്കല്‍ ഒരുക്കിയ പാട്ടുകള്‍ ഇറങ്ങുന്നതിനു മുമ്പേ മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. പ്രാര്‍ത്ഥന ഇന്ദ്രജിത്ത് പാടിയ 'ലാലേട്ടാ' എന്ന പാട്ടു തന്നെയാണ് സിനിമയുടെ ഹൈലേറ്റ്. ഈ സിനിമ പോലും ആ പാട്ടാണെന്നു പറയാം. കൈവിട്ടു പോകാന്‍ ഏറെ സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും, തിരക്കഥ കൈയ്യടക്കത്തോടെ കൈകാര്യം ചെയ്യാന്‍ സുനീഷ് വാരനാട് ശ്രമിച്ചിട്ടുണ്ട്. എങ്കിലും രണ്ടു മണിക്കൂര്‍ 20 മിനിട്ട് എന്നത് അത്യാവശ്യം ലാഗ് തോന്നിച്ചിരുന്നു. അനാവശ്യമായ രംഗങ്ങളും കഥാപാത്രങ്ങളും ചിത്രത്തില്‍ ഉണ്ട്.
മോഹന്‍ലാല്‍ ആരാധകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും വേണ്ടിയുള്ള ചിത്രമാണിത്. ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍. തുടക്കത്തിലെ 'ലാലേട്ടൻ' പാട്ടു തൊട്ട് ഏറ്റവും ഒടുവിലെ 'ലാലേട്ടൻ ആന്തം' വരെ മോഹൻലാൽ ആരാധകര്‍ക്ക് രോമാഞ്ചമുണര്‍ത്താനുള്ള സംവിധായകന്‍റെ ശ്രമങ്ങളെ വ്യക്തമായി കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.