കൊച്ചി ലുലുമാളില്‍ ഇന്നലെ ആഘോഷമായിരുന്നു. മോഹന്‍ലാലില്ലാത്ത മോഹന്‍ലാല്‍ എന്ന സിനിമയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറക്കുന്നതിന്റെ ആഘോഷം. മഞ്ജുവാര്യരും ഇന്ദ്രജിത്ത് സുകുമാരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍.

Mohanlal movie

‘മോഹന്‍ലാല്‍’ എന്ന് പേരിട്ട സിനിമയില്‍ തനിക്കു അഭിനയിക്കാന്‍ ഭാഗ്യമുണ്ടായതില്‍ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് മഞ്ജു പറഞ്ഞു. തന്റെ അച്ഛന്‍ നിര്‍മ്മിച്ച ‘പടയണി’ എന്ന സിനിമയില്‍ ലാലേട്ടന്റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് താന്‍ ആദ്യമായി സിനിമയിലേക്ക് വന്നത് എന്ന് ഇന്ദ്രജിത്തും ഓര്‍മ്മിച്ചു. മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഒരു വിരുന്ന് തന്നെ ആയിരിക്കും ഈ സിനിമയെന്ന് ഇരുവരും പറഞ്ഞു.

‘ചങ്കല്ല, ചങ്കിടിപ്പാണ് ലാലേട്ടന്‍’ എന്ന ടാഗ് ലൈനോടെയാണ് മോഹന്‍ലാലില്ലാത്ത ‘മോഹന്‍ലാല്‍’ എന്ന ചിത്രം എത്തുന്നത്. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഫാനായ വീട്ടമ്മയുടെ വേഷത്തിലാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്. മീനുക്കുട്ടിയെന്നാണ് കഥാപാത്രത്തിന്റെ പേര്.

മോഹന്‍ലാലിന്റെ ആദ്യ സിനിമയായ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ 1980കളിലെ ക്രിസ്മസ് റിലീസായാണ് തിയേറ്ററില്‍ എത്തുന്നത്. അന്നേ ദിവസം ജനിക്കുന്ന ഒരു കുട്ടിയുടെ ജീവിതത്തിലൂടെയാണ് ‘മോഹന്‍ലാല്‍’ പുരോഗമിക്കുന്നത്. ഇന്ദ്രജിത്താണ് ചിത്രത്തിലെ നായകന്‍. വിഷുവിനാണ് സിനിമ തീയറ്ററുകളില്‍ എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ