ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം നീരാളിയുടെ ടീസറെത്തി. ഇക്കുറി ആരാധകരെ ഒന്നടങ്കം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ തമാശയും സസ്പെൻസും ഒരേ പോലെ പകർത്തിവച്ചിരിക്കുന്ന വീഡിയോ ആണ് അണിയറക്കാർ പുറത്തുവിട്ടത്.
ബോളിവുഡ് സംവിധായകന്‍ അജോയ്സാ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയുന്നത്. സാജു തോമസിന്റേതാണ് തിരക്കഥ. മൂണ്‍ഷോട്ട് എന്റര്‍ടെയിന്റ്‌മെന്റിന്റെ ബാനറില്‍ സന്തോഷ് ടി.കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിൽ ജോണ്‍ തോമസ്, മിബു ജോസ് നെറ്റിക്കാടന്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. സന്തോഷ് തുണ്ടിയിലാണ് ക്യാമറ.
ജൂൺ 14 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 33 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മോഹൻലാലിന്റെ നായികയായി നദിയ മൊയ്തു വീണ്ടുമെത്തുന്നെന്ന പ്രത്യേകതയുമുണ്ട് ‘നീരാളി’യ്ക്ക്. നീരാളിയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് നദിയ മൊയ്തു വേഷമിടുന്നത്.
മോഹന്‍ലാലിനൊപ്പം സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വ്വതി നായര്‍ തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നുണ്ട്. മോഹന്‍ലാലും ശ്രേയാ ഘോഷാലും ആലപിച്ച ഗാനമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. സ്റ്റീഫന്‍ ദേവസിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഇതിനു മുന്‍പ് ‘കണ്ണെഴുതി പൊട്ടും തൊട്ട്’, ‘പാദമുദ്ര’, ‘ചിത്രം’, ‘വിഷ്ണുലോകം’, ‘ഗാന്ധര്‍വ്വം’, ‘സ്പടികം’, ‘ഉസ്താദ്’, ‘ബാലേട്ടന്‍’, ‘ഉടയോന്‍’, ‘മാടമ്പി’, ‘ഭ്രമരം’ തുടങ്ങിയ ചിത്രങ്ങളിലാണ് മോഹൻലാൽ പാടിയിട്ടുളളത്.