മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘മരക്കാര്‍-അറബിക്കടലിന്‍റെ സിംഹം’ അണിയറയില്‍ പ്രൗഢഗംഭീരമായി ഒരുങ്ങുന്നു. ചിത്രത്തിന്‍റെ  ഡിജിറ്റല്‍ പോസ്റ്റര്‍ ഉള്‍പ്പെടെ റിലീസ് ഉള്‍പ്പടെയുള്ള ഔദ്യോഗിക പ്രഖ്യാപനം  ഇന്ന് നടന്നു. കുഞ്ഞാലി മരയ്ക്കാരുടെ ഡയലോഗ് ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്.

നൂറു കോടി രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്. കുഞ്ഞാലി മരയ്ക്കാരെ കുറിച്ച് ചിത്രമൊരുക്കുക എന്നത് തന്‍റെ സ്വപ്‌നമായിരുന്നുവെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. മലയാളത്തില്‍ കൂടാതെ തെലുങ്ക് ഹിന്ദി, തമിഴ് എന്നീ ഭാഷകളിലെ താരങ്ങളും ബ്രിട്ടീഷ് അഭിനേതാക്കളും ചിത്രത്തിന്‍റെ ഭാഗമാകും.

നാല് കുഞ്ഞാലി മരയ്ക്കാര്‍മാരെയാണ് ചരിത്രം രേഖപെടുത്തുന്നതെന്നും അതില്‍ നാലാമന്‍റെ കഥയാണ് തന്‍റെ സിനിമയുടെ പശ്ചാത്തലമെന്നും അദ്ദേഹം വ്യക്തമാക്കി. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നവംബർ ഒന്നിന് ഹൈദരാബാദില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും. സിനിമയിൽ മോഹൻലാൽ കുഞ്ഞാലിമരയ്ക്കാറായി എത്തുമ്പോൾ തമിഴിലെ പ്രശസ്ത സൂപ്പർതാരം അടുത്ത സഹായിയായി വേഷമിടും.

ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രം ചെയ്യുന്നുവെന്ന് ഓഗസ്റ്റ് സിനിമാസ് ഉടമസ്ഥന്‍ ഷാജി നടേശന്‍ വെളിപ്പെടുത്തിയത്. ടി പി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥ എഴുതുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യും. മലയാളത്തിലും തമിഴിലും നിന്നും പ്രമുഖതാരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

പോര്‍ച്ചുഗീസുകാര്‍ക്കെതിരെ കടല്‍യുദ്ധം നയിച്ച നാലു കുഞ്ഞാലി മരക്കാര്‍മാരുടെ പോരാട്ടത്തിന്‍റെ കഥയാണ് മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ പറയുന്നത്. 1498 ല്‍ ഇന്ത്യയിലെത്തിയ പറങ്കികളുമായി നടന്ന ഐതിഹാസികമായ കപ്പല്‍ യുദ്ധങ്ങളില്‍ അസാമാന്യ പാടവം തെളിയിച്ചയാളായിരുന്നു കുഞ്ഞാലിമരക്കാരും പിന്‍ഗാമികളും. ഇന്ത്യന്‍ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീര്‍ത്തത് മരക്കാന്മാരായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ