മലയാള സിനിമയിൽ പുതിയൊരു വിവാദം ഉയർന്നിരിക്കുകയാണ്. സാജിദ് യഹിയ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മോഹൻലാൽ’ സിനിമയാണ് വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. തിരക്കഥാകൃത്ത് കലവൂർ രവികുമാറാണ് സിനിമയ്ക്കെതിരെ  ആരോപണവുമായി രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ‘മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കര പേടിയാണ്’ എന്ന തന്റെ കഥയെ ആസ്പദമാക്കിയുളളതാണ് സാജിദിന്റെ മോഹൻലാൽ സിനിമയെന്നാണ് കലവൂർ രവികുമാറിന്റെ പ്രധാന ആരോപണം.

മോഹൻലാൽ എന്ന സിനിമയ്ക്കെതിരെ പകർപ്പകാശ ലംഘനത്തിനാണ് കേസ് നൽകിയിട്ടുളളതെന്ന് സാഹിത്യകാരനും സിനിമാപ്രവർത്തകനുമായ കലവൂർ രവികുമാർ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

“പതിമൂന്ന് വർഷം മുമ്പ് കേരള കൗമുദിയുടെ സൺഡേ പതിപ്പിൽ പ്രസിദ്ധീകരിച്ച എന്റെ “മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കരപേടിയാണ്” എന്നപേരിലുളള കഥയാണ് ഇവർ സിനിമ ആക്കിയിരിക്കുന്നത് എന്നതാണ് ഈ പരാതിക്ക് അടിസ്ഥാനമായ കാരണം. 2005 ലാണ് ഈ കഥ പ്രസിദ്ധീകരിക്കപ്പെടുന്നത് എന്ന് ആലോചിക്കണം. അതിന് ശേഷം “മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കരപേടിയാണ്” തലക്കെട്ടിലാണ് എന്റെ ഒരു ചെറുകഥാ സമാഹാരം പ്രസിദ്ധീകരിക്കുന്നത്. ഇത് രണ്ട് പതിപ്പ് പ്രസിദ്ധീകരിച്ചു കഴിഞ്ഞതാണ്.”

mohanlal story published by kalavoor ravikumar

മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കരപേടിയാണ് എന്ന കലവൂർ രവികുമാറിന്റെ ചെറുകഥാ സമാഹാരത്തിന്റെ കവർ ചിത്രം

 

“ഒരാളുടെ ഭാര്യ മോഹൻലാലിന്റെ ഫാനാകുന്നതും അത് കുടുംബത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളുമാണ് എന്റെ കഥയെ കുറിച്ച് ഒറ്റവാചകത്തിൽ പറയാൻ പറ്റുക. ഈ​ കഥ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ട ശേഷമാണ് ഇതേ കഥ സിനിമയാകുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നത്. ഈ കഥ സിനിമ ആകുന്നു എന്നറിഞ്ഞതിനെ തുടർന്ന് ഒന്നരകൊല്ലം മുമ്പ് ഫെഫ്കയിൽ റൈറ്റേഴസ് യൂണിയനിൽ പരാതിപ്പെട്ടിരുന്നു. പ്രശ്നം പരിഹരിക്കണമെന്ന് ഫെഫ്ക് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിനിമയുടെ പിന്നണി പ്രവർത്തകർ അത് ചെയ്തില്ല. പരാതി ഉണ്ടെങ്കിൽ എൻ ഒ​സി കൊടുക്കാൻ പറ്റില്ല. എന്നാൽ റൈറ്റേഴ്സ് യൂണിയന്റെ എൻ ഒ സി പോലും ഇല്ലാതെ പടം റിലീസ് ചെയ്യാൻ സിനിമയുടെ പ്രവർത്തകർ ശ്രമിച്ചു. യൂണിയന്റെ നിലപാടിന് വിരുദ്ധമാണ് ഈ​ സിനിമയുടെ അണിയറ പ്രവർത്തകരുടേത്.”

“എന്റെ കോപ്പിറൈറ്റ് വയലേറ്റ് ചെയ്തു. ടൈറ്റിലിൽ എന്റെ പേര് വേണം. എന്റെ കഥയെ ഉപയോഗിച്ചാണ് സിനിമ എടുത്തിട്ടുളളത്. അതിന് മാന്യമായ അംഗീകാരം എന്റെ സർഗാതക്മകതയ്ക്ക് ലഭിക്കണം എന്നുളളതിനാലാണ് കേസ് കൊടുത്തിട്ടുളളത്.” തൃശൂർ ജില്ലാ കോടതിയെയാണ് നീതി ലഭിക്കുന്നതിനായി സമീപിച്ചിട്ടുളളതെന്ന് കലവൂർ രവികുമാർ പറഞ്ഞു.

കലവൂർ രവികുമാറിന് തിരക്കഥ വായിക്കാൻ കൊടുക്കാൻ തയ്യാറായിരുന്നുവെന്നും പക്ഷേ അത് അദ്ദേഹം വായിക്കാൻ തയ്യാറായില്ലെന്നും സംവിധായകൻ സാജിദ് യഹിയ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. ”ഇത്തരം ഒരു ആരോപണം ഉണ്ടായപ്പോൾ തന്നെ അദ്ദേഹത്തിനെ വിളിച്ച് തിരക്കഥ വായിക്കാൻ തരാമെന്നു പറഞ്ഞു. അദ്ദേഹം തയ്യാറായില്ല. പിന്നീട് ഫെഫ്കയിൽ ഈ പ്രശ്നം അവതരിപ്പിക്കപ്പെട്ടപ്പോൾ തന്നെ മൂന്നു തവണ തിരക്കഥ വായിക്കാനായി സംഘടനയ്ക്ക് മുന്നിൽവച്ചു. പക്ഷേ അത് വായിക്കാൻ അദ്ദേഹം തയ്യാറായില്ല. തിരക്കഥ വായിക്കാതെയും ടീസർ കാണുന്നതിനു മുൻപും സിനിമയുടെ പോസ്റ്റർ കാണുന്നതിനും മുൻപേയാണ് കഥ മോഷ്ടിച്ചുവെന്ന് അദ്ദേഹം ആരോപണം ഉയർത്തുന്നത്.”

“ഇതാദ്യമായല്ല കലവൂർ രവികുമാർ ഒരു സിനിമയ്ക്കെതിരെ കേസ് കൊടുക്കുന്നത്. ‘ജോർജേട്ടൻസ് പൂരം’, ‘രക്ഷാധികാരി ബൈജു’ എന്നീ സിനിമകൾക്കെതിരെ കേസ് കൊടുത്തു. മൈതാനം എന്ന തന്റെ ചെറുകഥയെ ആസ്പദമാക്കിയുളളതാണ് ജോർജേട്ടൻസ് പൂരം എന്നായിരുന്നു ആരോപണം. ഈ കേസുകളൊക്കെ പിന്നീട് എന്തായി? മീഡിയ പബ്ലിസിറ്റിക്കുവേണ്ടിയാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നത്.”

“1971 ജനുവരി ഒന്നിന് ഇറങ്ങിയ ‘ഗുഡ്‌ഡി’ എന്ന ഹിന്ദി സിനിമയിൽ ധർമേന്ദ്രയെ ഇഷ്ടപ്പെടുന്ന ജയാ ബച്ചന്റെ കഥയാണ് പറയുന്നത്. 1976 ൽ ശ്രീദേവി, കമൽഹാസൻ എന്നിവർ അഭിനയിച്ച ‘സിനിമ പൈത്യ’ത്തിന്റെ ആശയവും ഇതുതന്നെയായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ നേരിടുന്ന പ്രശ്നങ്ങളാണ് ഇൻസ്‌പെക്ടർ ബൽറാം, കമ്മിഷ്ണർ എന്നീ സിനിമകളുടെ കഥ. ഇതെങ്ങനെ കോപ്പിറൈറ്റ് വയലേഷൻ ആവും?”

“ആദ്യ 5 ലക്ഷം രൂപ വേണമെന്ന് പറഞ്ഞ് വക്കീൽ നോട്ടീസ് അയച്ചു. ഇപ്പോൾ സിനിമയുടെ ലാഭത്തിന്റെ 25 ശതമാനം ലാഭം വേണമെന്ന് പറഞ്ഞ് നോട്ടീസ് അയച്ചിരിക്കുകയാണ്. ഇതിന്റെ പിന്നിൽ വ്യക്തമായ അജണ്ടയുണ്ട്. കോടതിയുടെ പരിഗണനയിൽ ആണ് ഈ വിഷയം. കോടതിയിലും നീതിന്യായ വ്യവസ്ഥയിലും എനിക്ക് പൂർണ വിശ്വാസം ഉണ്ട്,” സാജിദ് യഹിയ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ