ഇന്ത്യയിലെ ഏറ്റവും മികച്ച സ്വാഭാവിക നടൻ- തമിഴകത്തിന്റെ സ്വന്തം തലൈവറുടെ ഈ പ്രശംസ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിനെ കുറിച്ചാണ്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ‘കാപ്പാൻ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു രജനീകാന്തിന്റെ ഈ പ്രശംസ. ‘കാപ്പാനു’ കിട്ടിയ ഏറ്റവും മികച്ച സമ്മാനമാണ് മോഹൻലാൽ എന്നും രജനീകാന്ത് കൂട്ടിച്ചേർത്തു.

മോഹൻലാലിനും രജനീകാന്തിനുമൊപ്പം പ്രൗഢ ഗംഭീരമായ വേദിയിൽ സൂര്യ, സംവിധായകൻ ശങ്കർ, ഗാനരചയിതാവ് വൈരമുത്തു, ‘കാപ്പാന്റെ’ അണിയറപ്രവർത്തകരായ കെ വി ആനന്ദ്, സൂര്യ, ഹാരിസ് ജയരാജ്, ആര്യ, സായേഷ, സമുദ്രകനി എന്നിവരും സന്നിഹിതരായിരുന്നു.

സൂര്യയെന്ന നടന്റെ വളർച്ചയ്ക്ക് ബാലയെ പ്രശംസിക്കാനും രജനീകാന്ത് മറന്നില്ല. “തുടക്കത്തിൽ, സൂര്യ വിജയിക്കുമോ എന്നെനിക്ക് സംശയമുണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ദൃഢനിശ്ചയം, കഠിനാധ്വാനം, പരിശ്രമം എന്നിവയിൽ ഞാൻ സംതൃപ്തനാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ‘കാപ്പാനി’ൽ മോഹന്‍ലാലിനും സൂര്യയ്ക്കും പുറമെ ആര്യയും ഒരു മുഖ്യ കഥാപാത്രമായി എത്തുന്നുണ്ട്. സയേഷ, ബോമൻ ഇറാനി, ചിരാഗ് ജാനി, പൂർണ, സമുദ്രകനി എന്നിവരാണ് മറ്റു താരങ്ങൾ. രക്ഷിക്കും എന്നര്‍ത്ഥം വരുന്ന തമിഴ് വാക്കാണ് ‘കാപ്പാന്‍’. ഇന്ത്യൻ രാഷ്ട്രീയമാണ് കാപ്പാൻ ചർച്ച ചെയ്യുന്നത് എന്നാണ് ടീസർ നൽകുന്ന സൂചനകൾ. തീവ്രവാദവും ഇന്ത്യ-പാക് പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത് എന്ന് റിപ്പോർട്ടുകളുണ്ട്.

സയേഷയാണ് നായിക. കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കടൈക്കുട്ടി സിങ്ക’ത്തിലെ നായികാ വേഷത്തിന് ശേഷമാണ് സയേഷാ സൂര്യ ചിത്രത്തിലെ നായികാ വേഷമണിയുന്നത്. ജയം രവി നായകനായ ‘വനമഗന്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ സയേഷാ വിജയ് സേതുപതിയുടെ ‘ജുങ്ക’, ആര്യയുടെ ‘ഗജിനികാന്ത്’ എന്നിവയിലേയും നായികയാണ്.

ലൈക പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ആക്ഷന്‍ ത്രില്ലറാണ്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഗവേമിക് യു ആരിയാണ് ക്യാമറ, കലാസംവിധാനം കിരണ്‍. ചിത്രം മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുമെന്നും സൂചനയുണ്ട്.

നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴകത്തേക്ക് തിരിച്ചെത്തുകയാണ് മോഹന്‍ലാല്‍. 2014 ല്‍ വിജയ്‌ക്കൊപ്പം അഭിനയിച്ച ‘ജില്ല’യാണ് മോഹന്‍ലാലിന്റെ അവസാന തമിഴ് ചിത്രം.

Read more: പെരിയവർ വിടപറഞ്ഞിട്ട് 18 വർഷം; ശിവാജി ഓർമ്മകളിൽ മോഹൻലാൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook