ഒരു അപൂർവ്വ താരസംഗമത്തിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മഹാനടൻ എംജിആറും മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലും ഒന്നിച്ചുള്ള ഒരു പഴയകാല ചിത്രമാണ് ഇത്. താരസഹോദരിമാരായ അംബികയേയും രാധയേയും വേണു നാഗവള്ളിയേയും ചിത്രത്തിൽ കാണാം. മലയാളചിത്രം ‘അയിത്ത’ത്തിന്റെ പൂജാ ചടങ്ങിന് എത്തിയതായിരുന്നു മക്കൾ തിലകം എം ജി ആർ.

1988 ഏപ്രിൽ ഏഴിന് റിലീസിനെത്തിയ ചിത്രമായിരുന്നു ‘അയിത്തം’. വേണു നാഗവള്ളി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് എ ആർ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അംബിക, രാധ സഹോദരിമാരായിരുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയതും വേണു നാഗവളളി ആയിരുന്നു. മോഹൻലാൽ, നെടുമുടി വേണു, സുകുമാരൻ, രാധ,​ അംബിക എന്നിവരെല്ലാം മുഖ്യവേഷത്തിൽ എത്തിയ ‘അയിത്തം’ വേണു നാഗവള്ളിയുടെ മൂന്നാമത്തെ സംവിധാന സംരംഭമായിരുന്നു.

Read more: ആ സിനിമ നടക്കാതെ പോയത് മോഹൻലാലിന് വിഷമമായി

തമിഴ് രാഷ്ട്രീയനേതാക്കളായിരുന്ന എം.ജി ആറിന്റെയും കരുണാനിധിയുടേയും രാഷ്ട്രീയ ജീവിതം ആസ്‌പദമായൊരുക്കിയ ‘ഇരുവർ’ എന്ന ചിത്രത്തിൽ പിൽക്കാലത്ത് മോഹൻലാൽ എംജിആറായി എത്തിയിരുന്നു. ഈ ചിത്രത്തിലൂടെ തന്നെയായിരുന്നു ഐശ്വര്യറായുടെ സിനിമാ അരങ്ങേറ്റവും. ‘ഇരുവറി’ൽ കൽപന, പുഷ്പവല്ലി എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളെയാണ് ഐശ്വര്യ അഭിനയിച്ചത്. മോഹൻലാലിന്റെ ആദ്യഭാര്യയുടെ വേഷത്തിലും ജയലളിതയോട് സാമ്യമുള്ള ഒരു സിനിമാതാരത്തിന്റെ വേഷത്തിലുമാണ് ‘ഇരുവറി’ൽ ഐശ്വര്യയെ കണ്ടത്.

എംജി ആറിന്റേയും കരുണാനിധിയുടെയും ജയലളിതയുടെയും ജീവിതം അഭ്രപാളിയിലെത്തിയപ്പോള്‍ ഇന്ത്യന്‍ സിനിമലോകത്ത് പിറന്ന ഒരു എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രമായിരുന്നു ‘ഇരുവർ’. മോഹൻലാലിന്റെയും പ്രകാശ് രാജിന്റെയും അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ സമ്മാനിച്ച ചിത്രം എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ചിത്രത്തിലെ സന്തോഷ് ശിവന്റെ ഛായാഗ്രഹണവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘1997’ ലാണ് ഇരുവർ തിയേറ്ററുകളിലെത്തിയത്.

Read more: പെരിയവർ വിടപറഞ്ഞിട്ട് 18 വർഷം; ശിവാജി ഓർമ്മകളിൽ മോഹൻലാൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook