നീണ്ട 13 വർഷങ്ങൾക്കുശേഷം മോഹൻലാലിനെ നേരിൽ കണ്ടതിന്റെ സന്തോഷത്തിലാണ് നടൻ മണി. ‘ഫൊട്ടോഗ്രാഫർ’ സിനിമയിൽ മോഹൻലാലിനൊപ്പം മണി അഭിനയിച്ചിട്ടുണ്ട്. തന്നെ കാണണമെന്ന മണിയുടെ ആഗ്രഹം മാധ്യമങ്ങളിലൂടെ മോഹൻലാൽ അറിഞ്ഞിരുന്നു. തുടർന്നാണ് മണിയെ കാണാനായി ലൊക്കേഷനിലേക്ക് ക്ഷണിച്ചത്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ‘ബിഗ് ബ്രദർ’ സിനിമയുടെ ലൊക്കേഷനിലായിരുന്നു വർഷങ്ങൾക്കിപ്പുറമുളള കൂടിച്ചേരൽ.

പ്രൊഡ്യൂസർമാരായ ഡോ. സജീഷ്, ഡോ. മനോജ്, ഡോ രാജേഷ് എന്നിവരുടെ സുഹൃത്തായ മെന്റലിസ്റ് ആദിയാണ്, മണിക്ക് വീണ്ടും ലാലേട്ടനെ കാണാനുള്ള അവസരം ഒരുക്കി കൊടുത്തത്. മണിയെ ചേർത്ത് പിടിച്ച് കുശലാന്വേഷണം നടത്തിയ മോഹൻലാൽ മണിയുടെ പുതിയ ചിത്രമായ ഉടലാഴത്തിന് എല്ലാവിധ വിജയാശംസകളും നേർന്നു. മണിയുടെയും സംവിധായകൻ ഉണ്ണികൃഷ്ണൻ ആവളയുടേയും പ്രൊഡ്യൂസർമാരുടെയും കൂടെ നിന്ന് ഫോട്ടോയ്ക്കും പോസ് ചെയ്യുകയും ചെയ്തു.

‘ഉടലാഴം’ എന്ന സിനിമയിലൂടെ നായകനായി മണി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഗുളികൻ എന്ന കഥാപാത്രത്തെയാണ് മണി അവതരിപ്പിക്കുന്നത്. രമ്യ വത്സല, അനുമോൾ, ഇന്ദ്രൻസ്, ജോയ് മാത്യു എന്നിവരും നൂറോളം ഗോത്രവാസികളും അഭിനയിച്ച ഉടലാഴം ഡിസംബർ 6 നു കേരളത്തിലെ തിയേറ്ററുകളിലെത്തും. ഇതിനകം തന്നെ നിരവധി രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിൽ ഉടലാഴം അംഗീകാരങ്ങൾ നേടിക്കഴിഞ്ഞിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook