മോഹൻലാൽ നായകനാവുന്ന ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2020 മാർച്ച് 19 നു ചിത്രം തിയേറ്ററുകളിലെതത്തും. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മോഹൻലാലാണ് ഈ വിവരം അറിയിച്ചത്. മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ മൂന്നു ഭാഷകളിലായി ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. പ്രിയദർശനാണ് സംവിധായകൻ. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് പ്രിയദര്‍ശന്‍ മുൻപ് വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹൻലാൽ ചിത്രത്തില്‍ എത്തുക.
മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിങ് അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ദിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി വൻതാരനിര അണിനിരക്കുന്നുണ്ട്. സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത് മധുവാണ്.
Read Also: ദാമോദരൻ മാസ്റ്റർ പോയി, പക്ഷേ ‘മരക്കാർ’ തിരിച്ചുവന്നു: മോഹൻലാൽ
നൂറുകോടി മുതൽ മുടക്കിൽ മലയാളത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത് മകൻ പ്രണവ് മോഹൻലാലാണ്. സമ്പന്നമായ താരനിരയ്ക്കൊപ്പം പുതു തലമുറയുടെ ഒത്തുചേരൽ കൂടിയാണ് ചിത്രം.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി.ജെ.റോയ്, മൂൺഷോട്ട് എന്റർടെയിൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി.കുരുവിള എന്നിവർ ചേർന്നാണ് ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. റോണി റാഫേൽ സംഗീതവും രാഹുൽ രാജ് പശ്ചാത്തലസംഗീതവും ഒരുക്കുന്നു.