വിവരശേഖരണത്തിനുള്ള നിസ്സീമമായ സാധ്യതകളാണ് ഇന്റർനെറ്റിന്റെയും സമൂഹമാധ്യമങ്ങളുടെയും ലോകം മുന്നിൽ തുറന്നിടുന്നത്. എന്നാൽ വാർത്തകൾക്കൊപ്പം തന്നെ വ്യാജവാർത്തകളും പെരുകുകയാണ് സമൂഹമാധ്യമങ്ങളിൽ. വ്യാജ വാർത്തകൾ പെരുകുന്നത് തടയാനും​ അതിനെതിരെ ബോധവത്കരണം നടത്താനുമായി ഫെയ്സ്ബുക്ക് മുന്നോട്ട് വന്നിരിക്കുകയാണ്. ഫേക്ക് ന്യൂസുകൾക്കെതിരെയുള്ള ഫെയ്സ്ബുക്കിന്റെ പുതിയ ക്യാമ്പെയ്നിൽ കൈ കോർക്കുകയാണ് മലയാളത്തിൽ നിന്നും മോഹൻലാലും മഞ്ജുവാര്യരും തമിഴകത്തിന്റെ സ്വന്തം മക്കൾ ശെൽവൻ വിജയ് സേതുപതിയും.

വാര്‍ത്തകള്‍ വായിക്കുമ്പോള്‍ അത്തരം വാര്‍ത്തകള്‍ എവിടെ നിന്നു ലഭിച്ചു എന്നത് പരിശോധിക്കേണ്ടതും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഫെയ്സ് ബുക്ക് പുറത്തിറക്കിയ വീഡിയോയിൽ താരങ്ങൾ പറയുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വ്യാജവാർത്തകൾക്കെതിരെയുള്ള പോരാട്ടത്തിലാണ് ഫേസ്ബുക്ക്. വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നത് നിരുല്‍സാഹപ്പെടുത്തുകയല്ല, മറിച്ച് ഉള്ളടക്കത്തിന്റെ ആധികാരികത ഉറപ്പു വരുത്തുക എന്നതാണ് കമ്പിനിയുടെ നിലപാട് എന്ന് ഇതിനോട് അനുബന്ധിച്ച് ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാർക്ക് സുക്കര്‍ബര്‍ഗ് വിശദമാക്കിയിരുന്നു. വ്യാജ വാർത്തകൾ ഫെയ്‌സ്ബുക്കിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്നെന്ന് പ്രതികരിച്ച സുക്കർബർഗ് തന്റെ നേതൃത്വത്തിൽ വ്യാജ വാർത്തകളെ നേരിടുന്നതിനായി ഒരു പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.

‘കമ്യൂണിറ്റി സ്റ്റാന്‍ഡേഡ്‌സ്’ വിപുലീകരിച്ചാണ് വ്യാജവാര്‍ത്തകള്‍ക്കെതിരായ നീക്കം ഫെയ്‌സ്ബുക്ക് നടത്തി വരുന്നത്. ഇപ്പോൾ വ്യാജവാർത്തകൾക്ക് എതിരെയുള്ള ക്യാമ്പെയിനിംഗിൽ സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള വ്യക്തിത്വങ്ങളെ കൂടി പങ്കെടുപ്പിച്ച് തങ്ങളുടെ ഇനീഷേറ്റീവ് വിപുലീകരിക്കുകയാണ് ഫേസ്ബുക്ക് അധികൃതർ.

Read more: വ്യാജ വാർത്തകൾ സമൂഹമാധ്യമങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയെന്ന് ഫെയ്‌സ്ബുക്ക്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook