പൃഥിരാജ് ആദ്യമായി സംവിധായകനാവുന്ന ചിത്രം ‘ലൂസിഫറി’ന്റെ ചിത്രീകരണം മുംബൈയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ‘ലൂസിഫർ’ ലൊക്കേഷനിലെ മോഹൻലാലിന്റെയും മഞ്ജുവാര്യരുടെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഒരു മരത്തിനു താഴെ ഇരിക്കുകയാണ് മോഹൻലാലും മഞ്ജുവാര്യരും. മഞ്ജുവിന്റെ കയ്യിൽ ഒരു കോഫി മഗ്ഗുമുണ്ട്. ലൂസിഫർ ലൊക്കേഷനിൽ നിന്നും പൃഥിരാജാണ് സൂപ്പർസ്റ്റാർ മോഹൻലാലിന്റെയും ലേഡീ സൂപ്പർസ്റ്റാറിന്റെയും ഈ കാന്റിഡ് ചിത്രം പകർത്തിയിരിക്കുന്നത്.

പൃഥിരാജ് പകർത്തിയ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത് മഞ്ജുവാര്യരാണ്, സംവിധായകന്റെ വ്യൂ എന്നു ചിത്രത്തെ പരിചയപ്പെടുത്തിയ മഞ്ജു ചിത്രത്തിന്റെ കടപ്പാടും പൃഥിയ്ക്ക് നൽകുന്നുണ്ട്.

ഇതേ ബാക്ക്ഗ്രൗണ്ടിൽ തന്നെയുള്ള തന്റെ​ ഒരു ചിത്രം കഴിഞ്ഞ ദിവസം മഞ്ജുവാര്യർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. മോഹൻലാൽ എടുത്ത ചിത്രത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മഞ്ജുവിന്റെ ഇൻസ്റ്റഗ്രാം കുറിപ്പ്. “നല്ല ഫോട്ടോഗ്രാഫിന് അങ്ങനെ പ്രത്യേകിച്ച് നിയമങ്ങളൊന്നുമില്ല, നല്ല ഫോട്ടോഗ്രാഫുകൾ മാത്രമേയുള്ളൂ,” എന്ന് ചിത്രത്തിന് ക്യാപ്ഷൻ നൽകിയ മഞ്ജു ലൂസിഫർ ഷൂട്ട് ഡയറീസ് എന്ന ഹാഷ് ടാഗും നൽകിയിരുന്നു.

കഴിഞ്ഞ ദിവസം മോഹൻലാലും ഹോട്ടലിലെ തന്റെ മുറിയിൽ നിന്നും കാണാവുന്ന ബാന്ദ്ര വോർലി സീ ലിങ്ക് പാലത്തിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ലൂസിഫർ’. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നടന്‍ മുരളി ഗോപിയാണ്. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനായാണ് മോഹൻലാൽ അഭിനയിക്കുന്നത്. ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മഞ്ജുവാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, വിവേക് ഒബ്രോയ് തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ