ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച്‌ വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ എന്ന ബ്രഹ്മാണ്ഡ ചിത്രം മൂന്നാം ഷെഡ്യൂളിലേക്ക്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചതാണ് ഈ വിവരം.

“ഒടിയൻ മൂന്നാം ഷെഡ്യൂൾ മാർച്ച് 5 ന് ആരംഭിക്കുന്നു. മാണിക്യന്‍റെ തിളയ്ക്കുന്ന യൗവ്വനകാലം അവതരിപ്പിക്കുവാൻ ലാലേട്ടൻ വീണ്ടും തേങ്കുറിശ്ശിയിൽ എത്തുന്നു. ഇനി 60 നാൾ നീണ്ടു നിൽക്കുന്ന ത്രില്ലിങ് ചിത്രീകരണം. പ്രഭയായി മഞ്ജു വാര്യരും, രാവുണ്ണിയായി പ്രകാശ് രാജുമെത്തുന്നു. ഒപ്പം സിദ്ധിഖ്, ഇന്നസെന്റ്, സന, നരേൻ, കൈലാഷ് എന്നിവരും. പ്രാർത്ഥനകളും, ആശംസകളും, അനുഗ്രഹങ്ങളും നൽകി തുടർന്നും ഞങ്ങൾക്കൊപ്പം നിൽക്കുമെന്ന് വിശ്വസിക്കുന്നു.”, ശ്രീകുമാര്‍ കുറിച്ചു.

ഇപ്പോള്‍ അജോയ് വര്‍മ്മയുടെ ‘നീരാളി’ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരുന്ന മോഹന്‍ലാല്‍ മാര്‍ച്ചില്‍ ‘ഒടിയ’ന്‍റെ ചെറുപ്പകാലം അവതരിപ്പിക്കാന്‍ എത്തും.   പല കാലങ്ങളിലായി മാണിക്യന്‍റെ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പല പ്രായക്കാരനായും എത്തുന്നു എന്നതാണ് ഒടിയന്‍റെ പ്രത്യേകത. ‘ഇരുവര്‍’ എന്ന തമിഴ് ചിത്രത്തിന് ശേഷം പ്രകാശ്‌ രാജും മോഹന്‍ലാലും ഒന്നിക്കുന്നു എന്നത് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന മറ്റൊരു കാര്യം.

പാലക്കാട്, വാരണാസി എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ‘ഒടിയ’ന്‍റെ തിരക്കഥ ഹരികൃഷ്ണന്‍, ക്യാമറ ഷാജി, സംഗീതം എം.ജയചന്ദ്രന്‍, കലാസംവിധാനം പ്രശാന്ത് മാധവ്. മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ‘ഒടിയ’ന്‍റെ കഥയ്ക്ക് അതിനനുസൃതമായ കഥാ പരിസരങ്ങള്‍ പാലക്കാട് തേന്‍കുറിശ്ശിയില്‍ പ്രശാന്ത് സൃഷ്ടിക്കുന്നുണ്ട്.

 

ശങ്കര്‍ മഹാദേവന്‍, ശ്രേയ ഘോശാല്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ‘ഒടിയ’ന് വേണ്ടി സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ റെക്കോര്‍ഡ് ചെയ്തു കഴിഞ്ഞു. വരികള്‍ റഫീഖ് അഹമ്മദ്.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന പെരുമയും കൊണ്ട് ഉരുവാകുന്ന ‘ഒടിയ’ന്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് അഭിമാനത്തിന് വക നല്‍കും എന്നതില്‍ സംശയമില്ല. ചിത്രത്തിന്‍റെ റിലീസ് ദിനം തീരുമാനിച്ചിട്ടില്ല.

ചിത്രം: ഇന്‍സ്റ്റാഗ്രാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook