വീണ്ടും റെക്കോർഡുകൾ ഭേദിക്കാൻ ഒരു മോഹൻലാൽ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ബി. ഉണ്ണികൃഷ്‌ണനാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ സംവിധായകൻ. ഇതു വരെ ചിത്രത്തിന് പേരിട്ടിട്ടില്ല. തിരുവനന്തപുരവും വാഗമണ്ണാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. മോഹൻലാൽ തിങ്കളാ‌ഴ്‌ച ലൊക്കേഷനിൽ എത്തും. തന്റെ ഫെയ്‌സ്ബുക്ക് ലൈവിലാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്.

ഒരു പുതിയ മോഹൻലാൽ ചിത്രമെന്നതിലുപരി പ്രേക്ഷകർ ഉറ്റു നോക്കുന്നത് ചിത്രത്തിലെ നായികയായെത്തുന്ന മഞ്‌ജു വാര്യരെയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത എന്നും എപ്പോഴും എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്. മോഹൻലാലിന്റെ ഭാര്യയായാണ് മഞ്‌ജു ചിത്രത്തിലെത്തുന്നതെന്നാണ് സൂചന.

വൻ താര നിരയാണ് ചിത്രത്തിലുളളത്. തമിഴ് നടനായ വിശാൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിശാലിന്റെ ആദ്യ മലയാള ചിത്രമാണിത്.

മാടമ്പി, ഗ്രാന്റ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ് എന്നീ ചിത്രങ്ങളിൽ മോഹൻലാലും ബി.ഉണ്ണികൃഷ്‌ണനും മുൻപ് ഒരുമിച്ചിരുന്നു. ഹൻസിക, തെലുങ്ക് താരം റാഷി ഖന്ന, അജു വർഗീസ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. പുലി മുരുകനിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയ്നാണ് ഈ ചിത്രത്തിന്റെയും സംഘട്ടനങ്ങൾ ഒരുക്കുന്നത്.

അതേ സമയം മലയാളത്തിത്തെ നൂറ്റമ്പത് കോടി ക്ളബ്ബിലെത്തിച്ച പുലി മുരുകൻ 150 ദിവസം പിന്നിട്ടു. ഫെയ്‌സ്ബുക്ക് ലൈവിലൂടെ മോഹൻലാൽ ഈ സന്തോഷം പങ്ക് വെച്ചത്. ഏപ്രിൽ ഏഴിന് 1971 ബിയോണ്ട്‌ ദി ബോഡേഴ്‌സ് തിയേറ്ററിലെത്തുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് ലൈവിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ