ഇന്ത്യൻ സിനിമാ ലോകത്തെ എല്ലാ താരങ്ങളും ഒന്നാണെന്ന് കാണിച്ച് മൾട്ടി സ്റ്റാർ ഷോർട്ട് ഫിലിം. രാജ്യത്തെ സൂപ്പർ താരങ്ങൾ ഒന്നിച്ചെത്തുന്ന ഷോർട്ട് ഫിലിം മിനിറ്റുകൾകൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ വെെറലായി. അമിതാഭ് ബച്ചൻ. രജനികാന്ത്, മമ്മൂട്ടി, മോഹൻലാൽ, രൺബീർ സിങ്, പ്രിയങ്ക ചോപ്ര, ആലിയ ബട്ട് എന്നിവരെല്ലാം അഭിനയിച്ച ഷോർട്ട് ഫിലിം ഒരുമയുടെ സന്ദേശമാണ് നൽകുന്നത്. കോവിഡ് പ്രതിരോധകാലത്ത് വീട്ടിൽ സുരക്ഷിതരായി ഇരിക്കാനും പരിഭ്രാന്തി ഉപേക്ഷിക്കാനും സൂപ്പർ താരങ്ങൾ ആഹ്വാനം ചെയ്യുന്നു.
Read Also: കോവിഡ് പ്രതിരോധം: കേരളം ലോകത്തിനു മാതൃകയെന്ന് ശശി തരൂർ
രസകരമായ പ്ലോട്ടിലൂടെയാണ് ഷോർട്ട് ഫിലിം മുന്നോട്ടു പോകുന്നത്. അമിതാഭ് ബച്ചന്റെ സൺഗ്ലാസ് കാണാതെ പോകുന്നതു മുതലാണ് ഷോർട്ട് ഫിലിം ആരംഭിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും രൺബീറും ചിരഞ്ജീവിയും തുടങ്ങി സൂപ്പർ താരങ്ങളെല്ലാം ബച്ചന്റെ സൺഗ്ലാസിനു വേണ്ടി തപ്പലോട് തപ്പൽ. ഇതിനിടയിൽ രസകരമായ സംഭവങ്ങൾ.
മമ്മൂട്ടിയും മോഹൻലാലും മലയാളത്തിലാണ് അവരുടെ ഡയലോഗുകൾ പറയുന്നത്. ‘നിന്നെ കൊണ്ട് വല്യ ശല്യമായല്ലോ രൺബീറെ’ എന്ന രസികൻ ഡയലോഗാണ് മമ്മൂട്ടി ഷോർട്ട് ഫിലിമിൽ പറയുന്നത്. ബച്ചന്റെ സൺഗ്ലാസ് തപ്പണമെങ്കിൽ സ്വന്തം ഗ്ലാസ് ആദ്യം കണ്ടുപിടിക്കണമെന്നായി മോഹൻലാൽ.
Read Also: ഇനി എവിടെ ‘കാണാപ്പൊന്ന്’ തേടും? ആശങ്കയുടെ പ്രവാസജീവിതങ്ങള്
ഒരു വീട്ടിനുള്ളിൽ തന്നെ നടക്കുന്ന രീതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൂപ്പർ താരങ്ങളെ അണിനിരത്തിയാണ് ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. തങ്ങളെല്ലാം വീടിനുള്ളിലാണെന്ന് ബച്ചൻ പറയുന്നുമുണ്ട്. ഇതിന്റെ വെർച്വൽ സംവിധാനം നിർവഹിച്ചത് പ്രസൂൺ പാണ്ടെയാണ്. കല്യാൺ ജ്വല്ലേഴ്സും സോണി പിക്ചേഴ്സും ചേർന്നാണ് നിർമാണം.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗൺ തുടരുകയാണ്. സിനിമകളുടെ ഷൂട്ടിങ് നിർത്തിവച്ചു. സിനിമയിലെ ദിവസവേതനക്കാർക്ക് ജോലി നഷ്ടമായി. സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാനാണ് സൂപ്പർ താരങ്ങളെല്ലാം ഷോർട്ട് ഫിലിമിലൂടെ ബിഗ് ബിക്കൊപ്പം അണിചേർന്നിരിക്കുന്നത്. ഇത്തരം കാര്യങ്ങളെല്ലാം ഷോർട്ട് ഫിലിമിന്റെ അവസാനത്തിൽ ബച്ചൻ പ്രേക്ഷകരോട് വിവരിക്കുന്നുണ്ട്. വീട്ടിൽ സുരക്ഷിതരായി ഇരിക്കൂ എന്നും നമ്മൾ ഒറ്റക്കെട്ടാണെന്നും ബച്ചൻ വീഡിയോയിൽ പറയുന്നു.