വര്‍ഷങ്ങളായി മല്ലിക സുകുമാരന്‍ ഇവിടെയുണ്ട്. നടിയായും, മലയാളം കണ്ട മികച്ച നടന്മാരിലൊരാളായ സുകുമാരന്റെ ഭാര്യയായും, ഇന്ന് മലയാള സിനിമയിലെ നായകന്മാരായ പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും അമ്മയായുമെല്ലാം. സിനിമയില്‍ പല തലമുറകളെ കണ്ടു. മലയാളത്തിലെ പല താരങ്ങളോടും ആത്മബന്ധമുളള ആളാണ് മല്ലിക സുകുമാരന്‍. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും മെഗാസ്റ്റാര്‍ മമ്മൂട്ടിയുമെല്ലാം അങ്ങിനെ തന്നെ.

mallika sukumaran, prithviraj

മോഹന്‍ലാല്‍ മല്ലികയ്ക്ക് ലാലുവാണ്. ഒരു അനുജനോടെന്ന സ്‌നേഹമാണ് ലാലിനോട് മല്ലികയ്ക്ക്. ചെറിയ പ്രായം മുതല്‍ തുടങ്ങിയതാണ് ഈ അടുപ്പമെന്ന് മല്ലിക പറയുന്നു. ചെറുപ്പത്തില്‍ കുസൃതിക്കുടുക്കയായിരുന്ന ലാലു വളര്‍ന്നു വലുതായി ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളായി മാറിയതില്‍ അത്ഭുതവും അഭിമാനവുമാണെന്ന് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ മല്ലിക പറയുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയത് ഒരു കാവ്യനീതിയായി കരുതുന്നുവെന്നാണ് മല്ലിക പറയുന്നത്.

മമ്മൂട്ടിയെക്കുറിച്ചും മല്ലികയ്ക്ക് പറയാന്‍ ഒരുപാടുണ്ട്. താരസംഘടനയില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ സംഘടനാംഗങ്ങളെ ഒന്നിച്ചു നിര്‍ത്തിയതില്‍ മമ്മൂട്ടിയുടെ പങ്ക് വലുതാണെന്ന് മല്ലിക ഓര്‍ക്കുന്നു. ഈ അവസരത്തില്‍ പൃഥ്വിരാജിനെ പലരും അനാവശ്യമായി വിമര്‍ശിച്ചപ്പോഴും അതില്‍ ഇടപെട്ട് പ്രശ്‌ന പരിഹാരം കണ്ടെത്തിയതും മമ്മൂട്ടി തന്നെയെന്ന് മല്ലിക. ആരെയും സുഖിപ്പിക്കാന്‍ മമ്മൂട്ടിക്കറിയില്ല, ജീവിതത്തില്‍ അഭിനയിക്കാനറിയാത്ത ആളാണ് മമ്മൂട്ടിയെന്ന് മല്ലിക പറയുന്നു.

മല്ലികാ സുകുമാരന്‍ എന്തു പറഞ്ഞാലും എന്തു ചെയ്താലും വാര്‍ത്തയാണ്. മാധ്യങ്ങളിലല്ലെങ്കില്‍ നവമാധ്യമങ്ങളിലെങ്കിലും. അടുത്തകാലത്തായി നിരവധി തവണയാണ് സോഷ്യല്‍ മീഡിയയില്‍ മല്ലിക സുകുമാരന്‍ ട്രോള്‍ ചെയ്യപ്പെട്ടത്. എന്നാല്‍ ഇതിനോടൊന്നും പ്രതികരിക്കാന്‍ താരം നില്‍ക്കാറില്ല.

Read More: ഇതൊരു വല്ലാത്ത ചെയ്ത്തായിപ്പോയി: ട്രോളുകളോട് മല്ലികാ സുകുമാരന് പറയാനുള്ളത്

ഈ ട്രോളുകള്‍ കാണുമ്പോഴാണ് കേരളത്തില്‍ തൊഴിലില്ലായ്മ ഇത്രയും രൂക്ഷമാണെന്ന് മനസിലാകുന്നതെന്ന് മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ മല്ലിക പറയുന്നു. എന്നാല്‍ നിലപാടുകളില്‍ സത്യസന്ധത വേണമെന്നാണ് ട്രോളന്മാരോട് മല്ലികയ്ക്കു പറയാനുള്ള ഏക കാര്യം. ഒന്നുകില്‍ ശുദ്ധഹാസ്യമായിരിക്കണം. അതില്‍ മുന്‍വിധികള്‍ പാടില്ല. അല്ലെങ്കില്‍ കാമ്പുള്ള വിമര്‍ശനമായിരിക്കണം. ഇപ്പോള്‍ കാണുന്ന ട്രോളുകള്‍ മിക്കതും വെറുപ്പും വിദ്വേഷവും പരിഹാസവും നിറഞ്ഞതാണെന്ന് മല്ലിക സുകുമാരന്‍ അഭിപ്രായപ്പെടുന്നു.

അടുത്തിടെ പ്രളയം വന്നപ്പോള്‍ മല്ലികയെ വലിയ വട്ടച്ചെമ്പിലിരുത്തി കാറിനടുത്തേക്ക് എത്തിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇതിന്റെ പേരിലും ചിലര്‍ ട്രോളുകളുമായി ഇറങ്ങിയിരുന്നു. ഒടുവില്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി മല്ലിക സുകുമാരന്‍ തന്നെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇതൊന്നും മല്ലികയെ സാരമായി ബാധിക്കുന്നില്ല. കാരണം മല്ലികയ്ക്ക് ചെയ്യാന്‍ നിരവധി കാര്യങ്ങളുണ്ട്. മക്കളേയും കൊച്ചുമക്കളേയും സ്‌നേഹിച്ചു തീര്‍ക്കാന്‍ തന്നെ നേരം കിട്ടുന്നില്ല. മക്കളെ കണ്ടില്ലെങ്കിലും കൊച്ചു മക്കളെ കാണാതിരിക്കാന്‍ പറ്റില്ലെന്നാണ് മല്ലിക പറയുന്നത്.

ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും മക്കളായ പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും കലയില്‍ അഭിരുചിയുണ്ടെന്നാണ് മല്ലിക പറയുന്നത്. പ്രാര്‍ത്ഥന അടുത്തിടെ ഒരു സിനിമയില്‍ പാടിയിരുന്നു. മഞ്ജു വാര്യര്‍ നായികയായ ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിലെ ‘ലാലേട്ടാ..’ എന്ന ഹിറ്റ് ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു. കൂടാതെ ഇടയ്ക്കിടെ പ്രാര്‍ത്ഥന പാടുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ പ്രാര്‍ത്ഥനയെക്കാള്‍ നക്ഷത്രയ്ക്കാണ് തന്നോട് അടുപ്പമെന്ന് മല്ലിക പറയുന്നു.

Read More: ‘ലാലേട്ടാ…ലാ.. ലാ..’ ആരാധകർ തിരഞ്ഞ ആ ഗായിക ഇന്ദ്രജിത്തിന്‍റെ മകൾ

പൃഥ്വിരാജിന്റെ മകള്‍ അലംകൃത എന്ന അല്ലി വലിയ കുസൃതിക്കാരിയാണെന്ന് നേരത്തേ മല്ലിക പറഞ്ഞിട്ടുണ്ട്. അടുത്തിടെയായിരുന്നു അല്ലിയുടെ നാലാം പിറന്നാള്‍. അച്ഛമ്മയുടെ കൈകൊണ്ടുണ്ടാക്കിയ ചോറും കറിയും പായസവും വേണമെന്നായിരുന്നുവത്രേ അല്ലിയുടെ ആവശ്യം. അല്ലിയുടെ ഐസ്‌ക്രീം പ്രേമത്തെക്കുറിച്ചും എല്ലാവര്‍ക്കും അറിയാവുന്നതാണ്. അടുത്തിടെ ഇതേക്കുറിച്ച് സുപ്രിയ തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook