മലയാളസിനിമയുടെ കാരണവർ മധുവിന്റെ 86-ാം പിറന്നാൾ ദിനത്തിൽ ആശംസകളുമായി മോഹൻലാൽ. ട്വിറ്ററിലൂടെയാണ് മധുവിന് മോഹൻലാൽ ആശംസകൾ നേർന്നിരിക്കുന്നത്. എന്റെ മധു സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്ന ക്യാപ്ഷനോടെ താരത്തിനൊപ്പമുള്ള ചിത്രവും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്.
എന്റെ മധു സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ… pic.twitter.com/6HzdTLF5uZ
— Mohanlal (@Mohanlal) September 23, 2019
കഴിഞ്ഞ ജന്മദിനനാളിലും തന്റെ പ്രിയപ്പെട്ട മധു സാറിന് ആശംസകൾ നേരാൻ മോഹൻലാൽ മറന്നിരുന്നില്ല. “കാലുഷ്യമില്ലാത്ത മനസ്സാണ് ദീർഘായുസ്സിനുള്ള സിദ്ധൗഷധം എന്ന് എന്നെയും നിങ്ങളേയും പഠിപ്പിക്കുന്നു ഈ വലിയ മനുഷ്യൻ! എന്റെ പ്രിയ മധു സാറിന് കടലോളം സ്നേഹവും ജന്മദിനാശംസകളും,” എന്നായിരുന്നു മോഹൻലാലിന്റെ ആശംസ.
കഴിഞ്ഞ വർഷം ‘ലൂസിഫറി’ന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട തിരുവനന്തപുരത്ത് ഉണ്ടായിരുന്ന മോഹൻലാൽ, മധുവിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുകയായിരുന്നു.
മൂന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള സൗഹൃദത്തിന് ഉടമകളാണ് മധുവും മോഹൻലാലും.’പടയോട്ടം’ സിനിമയുടെ കാലത്താണ് ഇരുവരും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. മധുവിന്റെ എല്ലാ പിറന്നാളിനും ലോകത്തിന്റെ ഏതുകോണിൽ ആയാലും വിളിച്ച് ആശംസ അറിയിക്കാൻ മോഹൻലാൽ മറക്കാറില്ല.
കഴിഞ്ഞ അഞ്ചര പതിറ്റാണ്ടായി വൈവിധ്യസമ്പന്നമായ വേഷങ്ങളോടെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മധു 1963 ൽ ‘നിണമണിഞ്ഞ കാല്പാടുകളി’ലൂടെയാണ് തന്റെ അരങ്ങേറ്റം കുറിക്കുന്നത്. മോഹൻലാലിനൊപ്പം ‘കുഞ്ഞാലി മരയ്ക്കാർ’ എന്ന സിനിമയിലും ഒരു പ്രധാന വേഷത്തിൽ മധു എത്തുന്നുണ്ട്.
Read more: മോഹൻലാലിന്റെ ‘മരക്കാർ’ സെറ്റിൽ അജിത്തിന്റെ സർപ്രൈസ് എൻട്രി