മോഹന്‍ലാല്‍ മഹാഭാരതത്തിലെ ഭീമനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രണ്ടാമൂഴ’ത്തിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ല എന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന്.
“Randamoozham loading… ഇവിടെ ചിക്കാഗോയില്‍ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില മിടുക്കരുമായി കണ്ടു ‘രണ്ടാമൂഴത്തെ’ക്കുറിച്ച് സംസാരിച്ചു… ചിത്രത്തിന്റെ നിര്‍മ്മാതാവും ഇന്ത്യന്‍ സംസ്കാരത്തെ വലിയ രീതിയില്‍ പിന്തുണയ്ക്കുന്ന മഹാനായ വ്യക്തിയുമായ ഡോ. ബി.ആര്.ഷെട്ടിയുടെ സാന്നിദ്ധ്യത്തില്‍. വളരെ ‘എക്സൈറ്റഡ്’ ആണ് ഞാന്‍”, ശ്രീകുമാര്‍ മേനോന് ട്വിറ്ററില്‍ പറഞ്ഞു.
ചിക്കാഗോയില്‍ നടന്ന ലോക ഹിന്ദു കോണ്‍ഗ്രസ്സില്‍ ഡോ. ബി.ആര്.ഷെട്ടിയുമായി പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കു വയ്ക്കുകയായിരുന്നു അദ്ദേഹം. 1893ല്‍ സ്വാമി വിവേകാനന്ദന് തന്റെ വിഖ്യാതമായ പ്രസംഗം നടത്തിയ വേദിയില്‍ എത്താന്‍ കഴിഞ്ഞത് വലിയ ബഹുമാനമായി താന്‍ കരുതുന്നു എന്നും ശ്രീകുമാര്‍ മേനോന് കൂട്ടിച്ചേര്‍ത്തു.
“ലോകത്തെ ഏറ്റവും വലിയ ഇതിഹാസങ്ങളില്‍ ഒന്നിന്റെ ചിത്രീകരണത്തിനായി (മഹാഭാരതം/രണ്ടാമൂഴം) കാത്തിരിക്കുന്നു എന്നും ലോകത്ത് ഇന്നുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ ചിത്രത്തിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ല, ദൈവം അനുഗ്രഹിക്കട്ടെ”, എന്നും സംവിധായകന് വെളിപ്പെടുത്തി.
Wait for rolling the greatest epic of all times and one of biggest motion picture ever made is getting shorter .. God bless
— shrikumar menon (@VA_Shrikumar) September 7, 2018
കേരളം മാത്രമല്ല, ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ‘രണ്ടാമൂഴം’. എം.ടി.വാസുദേവന്‍ നായരുടെ എക്കാലത്തെയും മികച്ച നോവലായ ‘ രണ്ടാമൂഴം’ അതേ പേരില്‍ തന്നെ സിനിമയാകുമ്പോള്‍ തിരക്കഥ രചിക്കുന്നത് അദ്ദേഹം തന്നെയാണ്. ‘ഒടിയ’നു ശേഷം മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും ഒരുമിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ചിത്രീകരണം 2019 ജൂലൈയിൽ ആരംഭിക്കും.
ചിത്രത്തിന്റെ നിർമ്മാതാവ് ബി.ആർ.ഷെട്ടി ട്വിറ്ററിലൂടെയാണ് ഈ വിവരം പങ്കുവച്ചത്. ”ഇന്ത്യൻ സിനിമയിലെയും ലോക സിനിമയിലെയും പേരെടുത്ത പല താരങ്ങളും ഈ സിനിമയിൽ മോഹൻലാലിനൊപ്പമുണ്ടാവും. പ്രീ പ്രൊഡക്ഷൻ ജോലികളൊക്കെ ഏതാണ്ട് അവസാന ഘട്ടത്തിലാണ്. ചിത്രത്തെക്കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനം വലിയൊരു ചടങ്ങിൽ ഉടനുണ്ടാവും”, ഷെട്ടി ട്വീറ്റ് ചെയ്തു.
ബ്രഹ്മാണ്ഡ ചിത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയുണ്ടെന്നും ഡോ. ബി.ആർ.ഷെട്ടി അറിയിച്ചു. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഉൾപ്പെടുത്തിയാകും ചിത്രം നിർമ്മിക്കുക.
Read More: മോഹൻലാലിന്റെ ‘രണ്ടാമൂഴം’, ചിത്രീകരണം 2019 ജൂലൈയിൽ
ആയിരം കോടി ബജറ്റിൽ രണ്ടു ഭാഗങ്ങളിലായാണ് ‘രണ്ടാമൂഴം’ ഒരുങ്ങുന്നത്. ആദ്യഭാഗം പുറത്തെത്തി 100 ദിവസത്തിനുള്ളില്‍ രണ്ടാം ഭാഗം റിലീസ് ചെയ്യാനാണ് പദ്ധതി. ആയിരം കോടി ബജറ്റ്, ഇന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ അഭിനേതാക്കള്‍, ലോക സിനിമയിലെ പ്രശസ്തരായ സാങ്കേതിക വിദഗ്ധര്‍, എല്ലാറ്റിനുമുപരി മോഹന്‍ലാലിന്റെ ഭീമ വേഷം എന്നിങ്ങനെ സിനിമയുടെ പ്രത്യേകതകള്‍ പലതാണ്.
മലയാളവും ഹിന്ദിയും ഇംഗ്ലീഷുമുള്‍പ്പെടെ അഞ്ച് ഭാഷകളിലായിട്ടാണ് സിനിമ എത്തുകയെന്നാണ് വിവരം. ഇംഗ്ലീഷ് പതിപ്പിനുവേണ്ടി പ്രാഥമികമായ പരിഭാഷയും എംടിയാണ് ചെയ്തതെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന് പറഞ്ഞിരുന്നു. അഞ്ച് പതിപ്പുകളില്‍ മൂന്നെണ്ണമെങ്കിലും പരിഭാഷകളല്ലാത്ത ഒറിജിനല്‍ മാസ്റ്റര്‍ വെര്‍ഷനുകളാണെന്നും സംവിധായകന് വ്യക്തമാക്കിയിരുന്നു.
എംടി തന്നെയാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കിയിരിക്കുന്നത്. സിനിമയ്ക്കായി നോവലിൽ നിന്ന് വെട്ടിമാറ്റലുകളോ കൂട്ടിച്ചേർക്കലുകളോ ചെയ്തിട്ടില്ലെന്ന് എംടി വ്യക്തമാക്കി. മലയാള മനോരമ വാര്‍ഷികപതിപ്പില്‍ എസ്.ജയചന്ദ്രന് നായര്‍ നടത്തിയ അഭിമുഖത്തില്‍ രണ്ടാമൂഴം തിരക്കഥയാക്കിയ അനുഭവത്തെക്കുറിച്ച് എംടി സംസാരിക്കുകയുണ്ടായി. രണ്ടാമൂഴത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കാന്‍ ഏഴ് മാസം വേണ്ടി വന്നു എന്നാണ് എംടി പറഞ്ഞത്.
“നോവലിന്റെ ഘടന തന്നെയാണ്. സിനിമയ്ക്കുവേണ്ടി കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടില്ല. നോവല്‍ സിനിമയായി വന്നാല്‍ മോക്ഷം കിട്ടും എന്ന വിചാരമൊന്നുമില്ല. അഞ്ച് മണിക്കൂറില്‍ രണ്ട് ഭാഗമായി സിനിമയെടുക്കണമെന്ന് ഞാന്‍ പറഞ്ഞു. അത് വെട്ടണം, ഇത് വെട്ടണം എന്നൊന്നും പറഞ്ഞാല്‍ പറ്റില്ല. ചിലര്‍ പറഞ്ഞു, കുട്ടിക്കാലം ഒഴിവാക്കണമെന്ന്. അങ്ങനെയൊന്നും പറ്റില്ലെന്ന് തീര്‍ത്തു പറഞ്ഞു. ഇപ്പോള്‍ അഞ്ച് മണിക്കൂര്‍ 20 മിനിറ്റ് പാകത്തിനാണ് സ്ക്രിപ്റ്റ്” എംടി വ്യക്തമാക്കി.
ഇതിനിടെ ചിത്രത്തിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികലയും രംഗത്തെത്തിയിരുന്നു. നോവലിന്റെ പേര് ‘രണ്ടാമൂഴ’മാണെന്നതിനാല്‍ ചിത്രത്തിന് ‘രണ്ടാമൂഴം; എന്ന് തന്നെ പേരിടണം. ‘ചെമ്മീനും’, ‘അരനാഴികനേരവും’, ‘ഓടയില്‍ നിന്നു’മെല്ലാം സിനിമയായപ്പോള്‍ അതേ പേര് തന്നെയല്ലേ ഉപയോഗിച്ചതെന്നും ശശികല ചോദിച്ചു. മഹാഭാരതം എന്ന പേരില്‍ ഇറങ്ങുന്ന സിനിമയ്ക്ക് വേദഗ്രന്ഥമായ മഹാഭാരതത്തോട് സാമ്യമുണ്ടാകണമെന്നും ശശികല പറഞ്ഞു.
“രണ്ടാമൂഴമെന്ന നോവലിന് ‘മഹാഭാരതം’ എന്ന പേരിടാന്‍ അനുവദിക്കില്ല. ‘രണ്ടാമൂഴ’മെന്ന് തന്നെയാണ് പേരെങ്കില്‍ എത്ര ഊഴം വേണമെങ്കിലും ചിത്രം തിയേറ്ററില്‍ വന്ന് കാണാം. അല്ലാതെ ‘മഹാഭാരതം’ എന്ന പേരിട്ടാല്‍ ആ ചിത്രം തിയേറ്റര്‍ കാണില്ലെന്നും” ശശികല ഭീഷണിപ്പെടുത്തിയിരുന്നു.
“മഹഭാരതത്തിന്റെ ഗ്രന്ഥകര്‍ത്താവ് വ്യാസനാണ്. ഇവിടുത്തെ എഴുത്തുക്കാര്‍ക്കുള്ള അവകാശവും, ആവിഷ്കാര സ്വാതന്ത്ര്യവും വ്യാസനുമുണ്ട്. മഹര്‍ഷിയായി എന്നത് കൊണ്ട് അതില്ലാതാകുന്നില്ലെന്നും” ശശികല പറഞ്ഞു. ബൈബിള്‍ സിനിമയാക്കിയപ്പോള്‍ ഡാവിഞ്ചികോഡ് എന്നായിരുന്നു പേരെന്നും എന്ത്കൊണ്ട് ബൈബിള്‍ എന്നിട്ടില്ലെന്നും ശശികല ചോദിച്ചു.
Read More: മോഹന്‍ലാലിന്റെ ഭീമസേനനെ ഇന്ത്യ എങ്ങനെ സ്വീകരിക്കും?
എന്നാല്‍, ആരുടെയും ഭീഷണി കണക്കിലെടുത്തല്ല ചിത്രത്തിന്റെ മലയാള പതിപ്പിന് ‘രണ്ടാമൂഴം’ എന്ന് പേരിടുന്നതെന്ന് ബി.ആര്.ഷെട്ടി പറഞ്ഞു. ‘രണ്ടാമൂഴം’ നോവൽ മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് എല്ലാ മലയാളികൾക്കും അറിയുമെന്നതിനാലാണ് മലയാളത്തിൽ ചിത്രത്തിന്റെ പേര് ‘രണ്ടാമൂഴം’ എന്ന് മാത്രമായി നിശ്ചയിച്ചതെന്ന് സംവിധായകൻ വി.എ.ശ്രീകുമാർ മേനോനും വ്യകതമാക്കി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook