മലയാളിയുടെ മനസ്സില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട് നടി മീനയ്ക്ക്. എപ്പോഴെല്ലാം മോഹന്‍ലാലിന്‍റെ നായികായിട്ടുണ്ടോ ആ ചിത്രങ്ങളെല്ലാം വിജയിച്ചിട്ടുണ്ട്. അങ്ങനെ മോഹന്‍ലാലിന്‍റെ ഭാഗ്യ നായിക എന്ന് സിനിമാ രംഗം വിശേഷിപ്പിക്കുന്ന ആ നായികയുടെ പിറന്നാളാണ് ഇന്ന്. മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആണ് ഏറ്റവുമൊടുവില്‍ അവര്‍ ഒന്നിച്ചഭിനയിച്ച ചിത്രം.

മീനയ്ക്ക് പിറന്നാം ആശംസകള്‍ നേരുന്നതിനൊപ്പം മോഹന്‍ലാല്‍ മീന കൂട്ടുകെട്ടില്‍ വന്നിട്ടുള്ള ചില സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം.

 

2017 – ‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ജിബു ജേക്കബ്‌ ചിത്രത്തില്‍ ഉന്നച്ചന്‍ – ആനിയമ്മ എന്ന ദമ്പതികളായി ലാലും മീനയുമെത്തി. മധ്യവയസ്സെത്തി നില്‍ക്കുന്ന ഇവരുടെ വിവാഹ ജീവിതത്തില്‍ സംഭവിക്കുന്ന ചില കുഴപ്പങ്ങളും അതിനെ അവര്‍ എങ്ങനെ മറികടക്കുന്നു എന്നതുമാണ്‌ സിനിമയുടെ ഇതിവൃത്തം.

 

2013 – ഒരു വലിയ ഇടവേളയ്ക്കു ശേഷം ലാലും മീനയും ഒന്നിച്ചത് ജിത്തു ജോസഫിന്‍റെ ‘ദൃശ്യ’ത്തിലൂടെയാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്‌ ബസ്റ്റര്‍ ആയി മാറിയ ഈ ചിത്രത്തില്‍ ജോര്‍ജ് കുട്ടി – റാണി എന്നീ കഥാപാത്രങ്ങളെയാണ് അവര്‍ അവതരിപ്പിച്ചത്.

 

2005 – രഞ്ജിത്ത് സംവിധാനം ചെയ്ത ‘ചന്ദ്രോത്സവം’ വലിയ വിജയമായില്ലെങ്കിലും ലാലും മീനയും അവതരിപ്പിച്ച ചിറക്കല്‍ ശ്രീഹരിയേയും കാമുകി ഇന്ദു ലേഖയെയും മലയാളി നെഞ്ചേറ്റി. വിദ്യാ സാഗര്‍ ഈണമിട്ട അവിസ്മരണീയങ്ങളായ ഗാനങ്ങളും ചിത്രത്തിലുണ്ട്.

 

2005 – ഇതേ വര്‍ഷം തന്നെയാണ് ലാല്‍ – മീന കൂട്ടുകെട്ടില്‍ ‘ഉദയനാണ് താരം’ പിറക്കുന്നത്‌. സിനിമാ സഹസംവിധായകനായ ഉദയനായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ മധുമതി എന്ന സൂപ്പര്‍ നായികയെയാണ് മീന അവതരിപ്പിച്ചത്. റോഷന്‍ ആന്ട്രൂസ് സംവിധാനം ചെയ്ത ചിത്രം നൂറു ദിവസത്തിലേറെ തിയേറ്ററുകളില്‍ നിറഞ്ഞോടി.

 

2005 – ഐ വി ശശി സംവിധാനം ചെയ്ത ‘വര്‍ണ്ണപകിട്ടാ’ണ് ഇവരുടെ മറ്റൊരു വിജയ ചിത്രം. സണ്ണി പാലമറ്റം എന്ന ബിസിനസ്‌കാരനായി ലാല്‍ എത്തിയപ്പോള്‍ കാമുകി സാന്ദ്രാ വല്ലുക്കാരനായി മീന എത്തി. ആ വര്‍ഷത്തെ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘വര്‍ണ്ണ പകിട്ട്’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ