മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം ജനുവരി 18ന് ആരംഭിക്കുമെന്ന് പ്രൊഡക്ഷൻ ഹൗസായ ജോൺ ആൻഡ് മേരി ക്രിയേറ്റീവ് അറിയിച്ചു. പ്രഖ്യാപനം മുതൽ, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
“വാലിബൻ തന്റെ യാത്ര 18-ന് ആരംഭിക്കുന്നു. ഓരോ ഘട്ടത്തിലും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുക,” ജോൺ ആൻഡ് മേരി ക്രിയേറ്റീവ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
രാജസ്ഥാനിലെ ജയ്സാൽമീറിലാണ് ചിത്രീകരണം നടക്കുകയെന്നാണ് റിപ്പോർട്ട്. “ജനുവരി 18 മുതൽ രാജസ്ഥാനിലെ ജയ്സാൽമീറിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ബിഗ് ബജറ്റ് ചിത്രമായ മലൈക്കോട്ടായി വാലിബന്റെ ചിത്രീകരണത്തിൽ പങ്കെടുക്കാനായി മോഹൻലാൽ തയ്യാറെടുക്കുന്നു,” എന്ന് ഫിലിം ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്യുന്നു.
“ഇത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രമാണ്. സിനിമയുടെ വിഷയം എനിക്കറിയാം. ആ സിനിമ കാണാൻ ഞാൻ അതീവ ആവേശത്തിലാണ്. സത്യം പറഞ്ഞാൽ, ഞാൻ ഒരു ലാലേട്ടന്റെ ആരാധകനാണെങ്കിലും, ആ സിനിമയെ സംബന്ധിച്ചിടത്തോളം, എന്നെ ഏറ്റവും കൂടുതൽ ആവേശം കൊള്ളിക്കുന്ന വസ്തുത ഇത് ലിജോയുടെ സിനിമയാണ് എന്നതാണ്. ലാലേട്ടനെ മറ്റൊരു തലത്തിലേക്ക് അദ്ദേഹം പുറത്തുകൊണ്ടുവരുമെന്ന് ഞാൻ കരുതുന്നു. വളരെ വെല്ലുവിളി നിറഞ്ഞ ചിത്രമാണ്. ഇതൊരു വലിയ സിനിമയാണ്. സിനിമയുടെ മുഴുവൻ ചിത്രീകരണവും രാജസ്ഥാനിലാവും നടത്തുക,” മലൈക്കോട്ടൈ വാലിബനെ കുറിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് മുൻപൊരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.
അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ ജനുവരി 19ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്.