മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി കൈകോർക്കുന്ന ‘മലൈക്കോട്ടൈ വാലിബന്റെ’ ചിത്രീകരണം രാജസ്ഥാനിലെ ജയ്സാൽമീറിൽ ആരംഭിച്ചു. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും ഇന്ന് രാവിലെ നടന്നു. ചടങ്ങിൽ മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി, മറ്റു താരങ്ങൾ, ചിത്രത്തിന്റെ നിർമ്മാതാക്കളായ ജോൺ ആൻഡ് മേരി ക്രിയേറ്റിവിന്റെ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ സന്നിഹിതരായിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് ശേഷം പി. എസ്സ്. റഫീക്കാണ് ‘മലൈക്കോട്ടൈ വാലിബന്’ തിരക്കഥ ഒരുക്കുന്നത്. മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. പൂർണമായും രാജസ്ഥാനിൽ ചിത്രീകരിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മലൈക്കോട്ടൈ വാലിബനുണ്ട്.
അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ ജനുവരി 19ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്.