മലയാള സിനിമയിലെ നടന്മാരിൽ വലിയൊരു കാർ കളക്ഷൻ സൂക്ഷിക്കുന്ന ഒരാളാണ് മോഹൻലാൽ. പജേറോ, ബെൻസ്, ലാൻഡ് ക്രൂയിസർ തുടങ്ങിയ കാറുകളെല്ലാം മോഹൻലാലിന്റെ ഗ്യാരേജിലുണ്ട്. ഇപ്പോഴിതാ പഴയ അംബാസിഡർ കാറിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
മോഹൻലാൽ തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കെസിടി 4455 എന്ന ഇളം നീല നിറത്തിലുള്ള അംബാസിഡർ കാറിനൊപ്പം നിൽക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ട് ആരാധകർ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.
1986 ഓഗസ്റ്റ് 22ന് മോഹൻലാലിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കറാണിത്. മോഹൻലാലിന്റെ ആദ്യ കാർ ആണിതെന്നാണ് ആരാധകർ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഏകദേശം 35 വർഷം പഴക്കമുള്ള കാർ ഇപ്പോഴും നിധി പോലെ സൂക്ഷിക്കുന്നതിനും ആരാധകർ പ്രിയ താരത്തെ അഭിനന്ദിക്കുന്നുണ്ട്.
“പഴയ കാറും പുതിയ ലാലും” എന്നാണ് ഒരു ആരാധകൻ ഫൊട്ടോക്ക് കമന്റ് ചെയ്തിരിക്കുന്നത്. “അംബാസിഡർ കാർ, നോക്കിയ 1661,വയർലെസ് സെറ്റ്, പിന്നാമ്പുറത്ത് കാലൻ കുട.., കംപ്ലീറ്റ് നൊസ്റ്റു ആണലോ ലാലേട്ടാ ” എന്നാണ് ഒരു ആരാധികയുടെ കമന്റ്. നിരവധിപേർ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’പ്രിയദർശന്റെ ‘മരക്കാർ അറബിക്കടലിന്റെ സിംഹവുമാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ’12th മാനി’ലാണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
ദൃശ്യം 2’നു ശേഷം മോഹന്ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന സിനിമയാണ് ’12th മാൻ’. ഉണ്ണിമുകുന്ദൻ, ഷൈൻ ടോം ചാക്കോ, അതിഥി രവി, ലിയോണ ലിഷോയ്, അനുശ്രീ, വീണ നന്ദകുമാർ, പതിനെട്ടാംപടി ഫെയിം ചന്തു നാഥ്, ശിവദ, പ്രിയങ്ക നായർ സൈജു കുറുപ്പ്, ദൃശ്യം 2 ഫെയിം ശാന്തി പ്രിയ എന്നിവർ ചിത്രത്തിലുണ്ട്.