മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. സിനിമകളിലൂടെ വർഷങ്ങളായി പ്രേക്ഷകരെ ത്രസിപ്പിച്ചു കൊണ്ടൊരിക്കുന്ന താരം ഇടയ്ക്കിടെ തന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചും ആരാധകരെ ആവേശം കൊള്ളിക്കാറുണ്ട്. ഇപ്പോഴിതാ, പ്രിയതാരത്തിന്റെ പുതിയൊരു ചിത്രമാണ് ശ്രദ്ധനേടുന്നത്.
മോഹൻലാലിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കറുപ്പ് ഷർട്ട് ധരിച്ചു മീശയും പിരിച്ചു മാസ്സ് ലുക്കിലാണ് മോഹൻലാലിനെ ചിത്രത്തിൽ കാണാനാവുക. ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
താരത്തിന്റെ മീശ തന്നെയാണ് ഇത്തവണയും ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. കൂടുതൽ കമന്റുകളും മീശപിരിച്ച ലുക്കിനെ കുറിച്ചാണ്. പുതിയ ചിത്രമായ ‘എലോണി’ലെ ലൂക്കാണോ എന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
അതേസമയം, മരക്കാറിന്റെ തിയേറ്റർ റിലീസ് സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തിയേറ്ററിൽ റിലീസ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുള്ള കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്. ഓടിടി റിലീസിനെ അനുകൂലിച്ചുള്ള ചില ആരാധകരുടെ കമന്റുകളും കാണാനാകും.
Also Read: നായികയും വില്ലനും ഒന്നായിട്ട് 19 വർഷം
നിലവിലെ സാഹചര്യത്തിൽ മരക്കാർ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് ലാഭകരമല്ലെന്നും അതിനാൽ ഓടിടി റിലീസിനെ കുറിച്ച് ആലോചിക്കുന്നുവെന്നും കഴിഞ്ഞ ദിവസം നിർമാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു.
” നിലവിൽ അമ്പത് ശതമാനം ആളുകളെ മാത്രമേ തിയേറ്ററിൽ പ്രവേശിപ്പിക്കാനാകൂ. അത്തരം സാഹചര്യത്തിൽ സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുന്നത് ലാഭകരമല്ല. വലിയ മുതൽ മുടക്കിൽ നിർമ്മിച്ച സിനിമയാണിത്. ഇനിയും റിലീസ് നീട്ടിക്കൊണ്ട് പോകൽ നടക്കില്ല. തിയേറ്ററിലും ഓടിടിയിലും ഒരുമിച്ച് റിലീസ് എന്നത് ഉദ്ദേശിച്ചിട്ടുമില്ല. അനുകൂല സാഹചര്യം വന്നാൽ തിയേറ്റർ റിലീസ് ഉണ്ടാകും. അല്ലെങ്കിൽ ഓടിടിയിൽ റിലീസ് ചെയ്യും. ആമസോൺ പ്രൈമുമായി ചർച്ചകൾ തുടങ്ങിയിട്ടുണ്ട്,” എന്നായിരുന്നു ആന്റണി പെരുമ്പാവൂർ പറഞ്ഞത്.
അതിനു പിന്നാലെ ഇന്നലെ തിയേറ്റർ ഉടമകളുടെ സംഘടനയിൽ നിന്നും ആന്റണി പെരുമ്പാവൂർ രാജിവെച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു.
മരക്കാറിന് പുറമെ പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’ ഉൾപ്പടെ ഒരുപിടി ചിത്രങ്ങളാണ് മോഹനലാലിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ഇതിൽ പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം ഷാജി കൈലാസ് കൂട്ടുകെട്ടിൽ വരുന്ന ‘എലോൺ’ എന്ന ചിത്രവും ജീത്തു ജോസഫ് സംവിധാനം ചെയ്ത 12th മാൻ എന്ന ചിത്രവും ബി ഉണ്ണികൃഷ്ണന്റെ ‘ആറാട്ടു’ മുണ്ട്.