മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന അമ്മ എന്ന മലയാള സിനിമാ നടീനടന്മാരുടെ കൂട്ടായ്മ നടന്‍ ദിലീപുമായി ബന്ധപ്പെട്ട വിഷയത്തില്‍ എടുത്ത നിലപാടിനെ കഴിഞ്ഞ ദിവസമാണ് കമല്‍ഹാസന്‍ വിമര്‍ശിച്ചു സംസാരിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ സംഘടനയില്‍ ഉള്‍ക്കൊള്ളിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ശരിയായ നടപടിയല്ല എന്നാണു കമല്‍ ചൂണ്ടിക്കാണിച്ചത്.

Read More: ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കേണ്ടിയിരുന്നത് ചർച്ച‌യ്‌ക്കുശേഷമെന്ന് കമൽഹാസൻ

അടുത്തിടെ മുംബൈ സന്ദര്‍ശിച്ച കമല്‍ ഇതിനെക്കുറിച്ച് മിഡ് ഡേ പത്രത്തിന് അനുവദിച്ച അഭിമുഖത്തിലും സംസാരിച്ചു.

“മോഹന്‍ലാല്‍ എന്റെ സുഹൃത്താണ്, ഞങ്ങള്‍ അയല്‍ക്കാരുമാണ്. എന്റെ കാഴ്ചപ്പാടുകളോട് അദ്ദേഹത്തിനു ചിലപ്പോള്‍ വിയോജിപ്പുകള്‍ ഉണ്ടാകാം, അതിനര്‍ത്ഥം ഞാന്‍ അദ്ദേഹത്തെക്കുറിച്ച് നല്ലത് മാത്രം പറഞ്ഞു കൊള്ളണം എന്നല്ല. നാളെ എന്റെ രാഷ്ട്രീയ നിലപാടുകളോട് ലാലിന് വിയോജിപ്പ്‌ ഉണ്ടെങ്കില്‍ അദ്ദേഹവും അതിനെക്കുറിച്ച് സംസാരിക്കും. ഞാനും അതില്‍ കെറുവിക്കേണ്ട കാര്യമില്ല.”, കമല്‍ വ്യക്തമാക്കി.

Read in English: Mohanlal is a friend, but I don’t need to say good things about him

സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കമല്‍ ഹസ്സന്‍, ഈ വിഷയത്തില്‍ നടന്മാര്‍ കാര്യമായി പ്രതികരിക്കാത്തത് നിരാശാജനകമാണ് എന്നും പറഞ്ഞു.

“ലിംഗ നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്നും നടന്മാരെ പിന്തിരിപ്പിക്കുന്നത് എന്താണ് എന്ന് മനസ്സിലാകുന്നില്ല. എല്ലാ പുരുഷന്മാരും ഇതിനെക്കുറിച്ച്‌ കണ്‍സേൺഡ് ആണ് എന്ന് എനിക്ക് ഉറപ്പുണ്ട്, എന്നാല്‍ അവര്‍ ഒരേ സമയം ഓള്‍ഡ്‌-ഫാഷന്‍ഡാണ് എന്നും കരുതേണ്ടി വരും. നാല്പതു വര്‍ഷം മുന്‍പ് തന്നെ ഈ രാജ്യത്തിന്റെ തലപ്പത്ത് ഒരു സ്ത്രീയിരുന്നിട്ടുണ്ട് എന്ന വസ്തുത നടന്മാര്‍ ഓര്‍ക്കേണ്ടതാണ്. അവരുടെ ഭാഗത്ത്‌ ചില വീഴ്ചകള്‍ ഉണ്ടായി, നമ്മള്‍ അതിനെ വിമര്‍ശിക്കുകയും ചെയ്തു. പക്ഷേ നമ്മള്‍ തന്നെ അവരെ തിരികെ അധികാരത്തിലേക്ക് കൊണ്ട് വന്നു. ഒരു സമൂഹമെന്ന നിലയില്‍ ഇവിടെ ആരും വിമര്‍ശനാതീതരല്ല, ആരെയും കാരണമില്ലാതെ വേട്ടയാടുന്നുമില്ല”, കമല്‍ കൂട്ടിച്ചേര്‍ത്തു.

ചർച്ച ചെയ്തതിനുശേഷം വേണമായിരുന്നു ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കേണ്ടിയിരുന്നതെന്നാണ് കമൽ. ദിലീപ് വിഷയത്തില്‍ ആദ്യം പ്രതികരിച്ചത് സിനിമയിലെ വനിതാ കൂട്ടായ്മ (ഡബ്ല്യുസിസി) ഉയര്‍ത്തുന്ന നിലപാടുകളെ താൻ പിന്തുണയ്ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കമലിന്റെ പ്രതികരണം.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ