മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്റെ ടീസർ എത്തി. തമിഴ് പുതുവത്സരത്തോട് അനുബന്ധിച്ച് പ്രേക്ഷകര്‍ക്ക് പുതുവര്‍ഷ സമ്മാനമായി ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ നേരത്തേ അറിയിച്ചിരുന്നു. വൈകുന്നേരം ഏഴ് മണിക്ക് സൂര്യയാണ് തന്റെ ട്വിറ്റർ പേജിലൂടെ ടീസര്‍ റിലീസ് ചെയ്തത്.
കെ.വി ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിനും സൂര്യയ്ക്കും പുറമെ ആര്യയും ചിത്രത്തില്‍ ഒരു മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. രക്ഷിക്കും എന്നര്‍ത്ഥം വരുന്ന തമിഴ് വാക്കാണ് ‘കാപ്പാന്’.
ഇന്ത്യൻ രാഷ്ട്രീയമാണ് കാപ്പാൻ ചർച്ച ചെയ്യുന്നത് എന്നാണ് ടീസറിൽ നിന്നും ലഭിക്കുന്ന സൂചനകൾ. തീവ്രവാദവും ഇന്ത്യ-പാക് പ്രശ്നങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. മോഹൻലാൽ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത്. സൂര്യ ഇരട്ട വേഷത്തിൽ എത്തുന്നുവെന്നാണ് ടീസർ കാണുമ്പോൾ മനസിലാക്കാൻ കഴിയുന്നത്.
Read More: മോഹന്‍ലാല്‍-സൂര്യ ചിത്രം ‘കാപ്പാന്’ സ്വാന്തന്ത്ര്യദിന റിലീസ്, പ്രഭാസിന്റെ ‘സാഹോ’യുമായി ഏറ്റുമുട്ടും
ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ മോഹന്‍ലാലും ഒരു ആര്‍മി കമാന്‍ഡോയുടെ വേഷത്തില്‍ സൂര്യയും ചിത്രത്തില്‍ എത്തും എന്നാണ് നേരത്തെ അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ പിന്നീട് പുറത്തു വന്ന ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്നും മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തും എന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു എന്ന് കരുതപ്പെടുന്ന കഥാപാത്രത്തിന്റെ പേര് ഒരു ഫ്ലെക്സ് ബോര്‍ഡില്‍ ഹിന്ദി തലക്കെട്ടുകളുടെ ഒപ്പം എഴുതിയിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ വേഷം ചെയ്യുന്നു എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നത്.
‘ബഹുമാന്യമായ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ… ദേശം 4കെ എച്ച്ഡി യുഗത്തിലേക്ക് കാല്‍വയ്പ് നടത്തുന്നതിനെ അഭിമാനത്തോടെ വരവേല്‍ക്കുന്നു”, എന്നാണ് ഫ്ലെക്സിലെ വാക്കുകള്‍.
#Kaappaan -It is a wrap for @Mohanlal Sir. Great actor… simply behaved the character seemly. pic.twitter.com/1nY7nJTNJm
— anand k v (@anavenkat) February 20, 2019
സയേഷയാണ് നായിക. കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കടൈക്കുട്ടി സിങ്ക’ത്തിലെ നായികാ വേഷത്തിന് ശേഷമാണ് സയേഷാ സൂര്യ ചിത്രത്തിലെ നായികാ വേഷമണിയുന്നത്. ജയം രവി നായകനായ ‘വനമഗന്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ സയേഷാ വിജയ് സേതുപതിയുടെ ‘ജുങ്ക’, ആര്യയുടെ ‘ഗജിനികാന്ത്’ എന്നിവയിലേയും നായികയാണ്.
Read More: Happy New Year 2019: മോഹന്‍ലാല്‍-സൂര്യ ചിത്രം ‘കാപ്പാന്’
ബോമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ നിര്‍ണായകമായ വേഷങ്ങളിലെത്തുന്നുണ്ട്. ലൈക പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ആക്ഷന്‍ ത്രില്ലറാണ്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഗവേമിക് യു ആരിയാണ് ക്യാമറ, കലാസംവിധാനം കിരണ്‍. ചിത്രം മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുമെന്നും സൂചനയുണ്ട്.
നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴകത്തേക്ക് തിരിച്ചെത്തുകയാണ് മോഹന്‍ലാല്‍. 2014 ല്‍ വിജയ്ക്കൊപ്പം അഭിനയിച്ച ‘ജില്ല’യാണ് മോഹന്‍ലാലിന്റെ അവസാന തമിഴ് ചിത്രം.