ഈ വർഷം ലാൽ ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകിയ രണ്ടു ചിത്രങ്ങളായിരുന്നു ‘ഒടിയനും’ ‘ലൂസിഫറും’. ‘ഒടിയൻ’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയും ലൂസിഫറിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ തന്റെ പ്രിയകൂട്ടുകാരൻ പ്രിയദർശനൊപ്പമുള്ള പുതിയ പ്രൊജക്റ്റിന്റെ തിരക്കുകളിലേക്ക് പ്രവേശിക്കുകയാണ് മോഹൻലാൽ.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന പ്രിയദർശൻ ചിത്രം ‘മരക്കാർ- അറബിക്കടലിന്റെ സിംഹ’ത്തിന്റെ സെറ്റിൽ ജോയിൻ ചെയ്തിരിക്കുകയാണ് മോഹൻലാൽ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ താരം തന്നെയാണ് ഈ വിശേഷം പങ്കുവെച്ചിരിക്കുന്നത്. ഡിസംബർ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്.

മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മധു എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹൻലാലും ഒരു കാമിയോ റോളിൽ ചിത്രത്തിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.

Kunjali Marakkar

തിരു ചിത്രത്തിന്റെ ഛായാഗ്രഹണവും സാബു സിറിൽ കലാസംവിധാനവും നിർവ്വഹിക്കും. ചിത്രത്തിന്റെ സെറ്റ് ജോലികള്‍ ഉള്‍പ്പടെയുള്ള പ്രീ പ്രൊഡക്ഷൻ ഹൈദരാബാദില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ചിത്രത്തിനു വേണ്ടിയുള്ള കപ്പലിന്റെ നിർമ്മാണജോലികൾ സാബു സിറിലിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയതായും വാർത്തകളുണ്ടായിരുന്നു. സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിക്കുക. ഊട്ടി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ.

Read more: പ്രിയദർശൻ- മോഹൻലാൽ ടീമിന്റെ ‘മരക്കാർ’ ചിത്രീകരണം ആരംഭിച്ചു

ആന്റണി പെരുമ്പാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാണം. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് മുൻപ് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു. “തീരദേശവും കടലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചിത്രത്തിൽ വരുന്നതുകൊണ്ട് പോസ്റ്റ് പ്രൊഡക്ഷൻ കാര്യങ്ങൾ വിദേശത്തായിരിക്കും നടക്കുക. മ്യൂസിക്, ബാക്ക് ഗ്രൗണ്ട് സ്കോർ പോലുള്ള കാര്യങ്ങളും മികവേറിയ രീതിയിൽ ഒരുക്കാനാണ് പ്ലാൻ. അതുകൊണ്ടു തന്നെ ബജറ്റിനെ കുറിച്ച് ഞങ്ങളിപ്പോൾ ചിന്തിക്കുന്നില്ല”, എന്നാണ് മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടറായ പ്രിയദർശൻ ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook