ലാൽ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്‌തകത്തിൽ മോഹൻലാൽ അഭിനയിച്ചു തുടങ്ങി. തന്റെ ഫെയ്‌സ്ബുക്കിലൂടെ മോഹൻലാൽ തന്നെയാണ് വെളിപാടിന്റെ പുസ്‌തകത്തിൽ അഭിനയിച്ചു തുടങ്ങിയെന്നറിയിച്ചിരിക്കുന്നത്. തന്റെ ഒരു ചിത്രവും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. മുടി അൽപം നീട്ടി വളർത്തി താടി വെച്ചുളള ചിത്രമാണ് മോഹൻലാൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

കോളജ് അധ്യാപകന്റെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. പ്രൊഫ.മൈക്കിൾ ഇടിക്കുള എന്നാണ് കഥാപാത്രത്തിന്റെ പേര്. തിരുവനന്തപുരത്തെ തുമ്പ സെന്റ് സേവ്യേഴ്സ് കോളജാണ് വെളിപാടിന്റെ പുസ്‌തകത്തിന്റെ ലൊക്കേഷൻ.

മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.മോഹൻലാൽ വെളിപാടിന്റെ പുസ്‌തകത്തിൽ ജോയിൻ ചെയ്‌തുവെന്ന് പറഞ്ഞ് ലാൽജോസും ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.

അങ്കമാലി ഡയറീസ് ചിത്രത്തിലെ നായിക രേഷ്മ രാജനാണ് മോഹൻലാലിന്റെ നായികയായെത്തുന്നത്. സലിം കുമാർ, അനൂപ് മേനോൻ, പ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ബെന്നി പി.നായരമ്പലത്തിന്റേതാണ് തിരക്കഥ. ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ