scorecardresearch

ജോർജുകുട്ടിയും കുടുംബവും പാറേപ്പള്ളിയിൽ ‘ധ്യാനം കൂടാൻ’ പോയിട്ട് അഞ്ചുവർഷം

അഞ്ചു വർഷം മുൻപ് ഒരു ക്രിസ്‌മസ് കാലത്താണ് ‘ക്രിസ്‌മസിന് ദൃശ്യ വിരുന്നൊരുക്കാൻ ജോർജ്ജുകുട്ടിയും കുടുംബവും ഇന്നെത്തുന്നു’ എന്ന പരസ്യ വാചകത്തോടെ ‘ദൃശ്യം’ തിയേറ്ററുകളിലെത്തിയത്

ജോർജുകുട്ടിയും കുടുംബവും പാറേപ്പള്ളിയിൽ ‘ധ്യാനം കൂടാൻ’ പോയിട്ട് അഞ്ചുവർഷം

അധികം ഹൈപ്പുകളൊന്നുമില്ലാതെ, വലിയ ആരവങ്ങളൊന്നുമില്ലാതെ വന്ന് ബോക്സ് ഒാഫീസ് തകർത്തു വാരിയ ചിത്രങ്ങളിലൊന്നായിരുന്നു ജിത്തു ജോസഫിന്റെ ‘ദൃശ്യം’. അഞ്ചു വർഷം മുൻപ് ഒരു ക്രിസ്‌മസ് കാലത്താണ് ‘ക്രിസ്‌മസിന് ദൃശ്യ വിരുന്നൊരുക്കാൻ ജോർജ്ജുകുട്ടിയും കുടുംബവും ഇന്നെത്തുന്നു’ എന്ന പരസ്യ വാചകത്തോടെ ‘ദൃശ്യം’ തിയേറ്ററുകളിലെത്തിയത്. ഒരു കൊച്ചു കുടുംബചിത്രം എന്ന ലേബലിൽ എത്തിയ, തുടക്കത്തിൽ 133 തിയേറ്ററുകളിൽ മാത്രം റിലീസിനെത്തിയ ചിത്രം, പിന്നീട് പ്രേക്ഷക പിന്തുണയാൽ കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചു. 175 ദിവസത്തോളമാണ് ചിത്രം തിയേറ്ററുകളിൽ ഓടിയത്.

ഇടുക്കി ജില്ലയിലെ രാജാക്കാട്ടിൽ കേബിൾ ടി.വി. സ്ഥാപനം നടത്തുന്ന ജോർജുകുട്ടിയുടെയും ഭാര്യ റാണിയുടെയും രണ്ടു പെൺമക്കളുടെയും സൈര്വ ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ സംഭവങ്ങളാണ് സിനിമ പറഞ്ഞത്. സിനിമാ പ്രേമിയായ, മൊബൈൽ ഫോൺ ഉപയോഗിക്കാത്ത, പത്രം വായിക്കാത്ത, നാലാം ക്ലാസ്സ് വിദ്യഭ്യാസം മാത്രമുള്ള ജോർജുകുട്ടി, ഭാര്യയും മകളും അകപ്പെട്ട അസാധാരണമായൊരു പ്രതിസന്ധിയിൽ നിന്നും കുടുംബത്തെ രക്ഷിച്ചെടുക്കുന്ന കഥ യാഥാർത്ഥ്യ ബോധത്തോടെ പറയുകയായിരുന്നു ‘ദൃശ്യം’.

ജോർജുകുട്ടിയും കുടുംബവും അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ഒട്ടും ഹിതമല്ലാത്തൊരു അതിഥിയും തുടർന്നുണ്ടായ സംഭവവികാസങ്ങളുമൊക്കെ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് തീർത്തും പുതുമയേറിയൊരു ദൃശ്യാനുഭവം തന്നെയായിരുന്നു. സസ്പെൻസിന്റെ മുൾമുനയിൽ നിർത്തി ‘ദൃശ്യം’ സമ്മാനിച്ച തിയേറ്റർ അനുഭവം ഇന്നും മലയാളികൾ മറന്നിട്ടില്ലെന്നു പറയേണ്ടി വരും. മോഹൻലാലും മീനയും തകർത്തഭിനയിച്ച ചിത്രം, കലാഭവൻ ഷാജോണിന്റെയും ആശാ ശരത്തിന്റെയും അൻസിബ ഹസ്സന്റെയും എസ്തർ അനിലിന്റെയുമെല്ലാ കരിയറിലെ മികച്ച അനുഭവ മുഹൂർത്തങ്ങൾക്കു കൂടിയാണ് സാക്ഷിയായത്. കെട്ടുറപ്പുള്ള, കാഴ്ചക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന കഥ തന്നെയായിരുന്നു ചിത്രത്തിന്റെ നട്ടെല്ല്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരുന്നു ഈ ത്രില്ലർ ചിത്രം നിർമ്മിച്ചത്. തൊടുപുഴയിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരിച്ച ‘ദൃശ്യ’ത്തിന്റെ ഛായാഗ്രാഹകൻ സുജിത് വാസുദേവ് ആയിരുന്നു. ചിത്രത്തിലെ പോലീസ് സ്റ്റേഷനും ചായക്കടയും മറ്റു കെട്ടിടങ്ങളും ഷൂട്ടിങ്ങിനായി സെറ്റിട്ടത് തൊടുപുഴയ്ക്കു സമീപമുള്ള കൈപ്പ കവല എന്ന സ്ഥലത്തായിരുന്നു. സിനിമ ഹിറ്റായതോടെ ഈ സ്ഥലം പ്രസിദ്ധമാവുകയും നാട്ടുകാർ ആ സ്ഥലത്തിന് സ്നേഹത്തോടെ ‘ദൃശ്യം കവല’ എന്നു പേരിടുകയും ചെയ്തു.

ചിത്രം കേരളത്തിൽ നേടിയ വിജയം പിന്നീട് മറ്റു ഭാഷകളിലും ‘ദൃശ്യ’ത്തിന് റീമേക്കുകൾ ഉണ്ടാവാൻ കാരണമായി. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലെല്ലാം തന്നെ ചിത്രത്തിന് റീമേക്കുകൾ വന്നു. തമിഴിൽ ‘പാപനാശം’ എന്ന പേരിലും ഹിന്ദിയിലും തെലുങ്കിലും ‘ദൃശ്യം’ എന്ന പേരിലും ചിത്രം റിമേക്ക് ചെയ്യപ്പെട്ടു. ജിത്തു ജോസഫ് തന്നെയായിരുന്നു ‘പാപനാശ’ത്തിന്റെ സംവിധായകൻ. കമലഹാസനും ഗൗതമിയും നായികാനായകന്മാരായെത്തിയ ചിത്രത്തിൽ നിവേദ തോമസും എസ്തർ അനിലുമാണ് മക്കളായി എത്തിയത്. ആശാ ശരത് തമിഴിലും പൊലീസ് ഓഫീസറായി എത്തിയപ്പോൾ കലാഭവൻ മണിയാണ് ഷാജോണിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.

2015 ലാണ് ചിത്രത്തിന്റെ ഹിന്ദി റിമേക്ക് റിലീസ് ചെയ്തത്. നിഷികാന്ത് കമ്മത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ അജയ് ദേവ്ഗൺ, തബു, ശ്രിയാ ശരൺ എന്നിവർ പ്രധാനവേഷത്തിലെത്തി. 2014 ൽ റിലീസായ തെലുങ്ക് ‘ദൃശ്യം’ പതിപ്പിൽ വെങ്കിടേഷ്, മീന, നാദിയ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രീപ്രിയ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ‘ദൃശ്യ’ എന്ന പേരിലാണ് ചിത്രം കന്നടയിലെത്തിയത്. പി വാസു സംവിധാനം ചെയ്ത ചിത്രത്തിൽ വി. രവിചന്ദ്രൻ, നവ്യനായർ, ആശ ശരത്, പ്രഭു ഗണേശൻ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mohanlal jeethu joseph 5th year of drishyam