ബോക്സ് ഒാഫീസ് കളക്ഷൻ റെക്കോർഡുകൾ തകർത്ത് ‘ലൂസിഫർ’ തിയേറ്റർ കുതിപ്പു നടത്തുമ്പോൾ അഭിനയജീവിതത്തിലെ തിരക്കുകളിൽ നിന്ന് അവധിയെടുത്ത് ഭാര്യ സുചിത്രയ്ക്ക് ഒപ്പം ജമൈക്കയിൽ അവധിക്കാലം ആഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. വിഖ്യാത ഗായകൻ ബോബ് മാർലി കുട്ടിക്കാലം ചെലവഴിച്ച ജമൈക്കയിലെ സെയിന്റ് ആൻ പാരിഷ് നയൻ മൈലിലെ വീടും മോഹൻലാൽ സന്ദർശിച്ചു. ഏറെ നാളായി മനസ്സിലാഗ്രഹിക്കുന്ന ഒരു സ്വപ്നയാത്ര സഫലമായ സന്തോഷത്തിലാണ് യാത്രാസ്നേഹി കൂടിയായ മോഹൻലാൽ. ജമൈക്കൻ യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം.

മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി എത്തിയ ‘ലൂസിഫര്‍’ തിയേറ്ററുകളില്‍ തരംഗമാവുകയാണ്. മാര്‍ച്ച് 28-ന് റിലീസ് ചെയ്ത ലൂസിഫര്‍ എട്ട് ദിവസം കൊണ്ടുതന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഇത് ആദ്യമായാണ് ഇത്രയും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഒരു മലയാള ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടുന്നത്.

Read more: എട്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ലൂസിഫർ

‘ലൂസിഫർ’ വിജയം നേടി മുന്നേറുന്നതിനൊപ്പം തന്നെ കരിയറിലെ ഏറ്റവും വലിയ ബ്രഹ്മാണ്ഡചിത്രമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ‘മരക്കാറി’ന്റെ ചിത്രീകരണം പൂർത്തിയായ സന്തോഷത്തിലുമാണ് മോഹൻലാൽ. മലയാള സിനിമ കണ്ട ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ ഫാസിൽ, മഞ്ജുവാര്യർ, കീർത്തി സുരേഷ്, മധു, സുനിൽ ഷെട്ടി, അർജ്ജുൻ സർജ്, പരേഷ് രവാൾ, സിദ്ദിഖ്, മുകേഷ്, പ്രഭു എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ‘മരക്കാറി’നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രം ചിലപ്പോൾ ക്രിസ്മസ് റിലീസായി എത്തിയേക്കാം എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ വേഗത്തിൽ പൂർത്തിയായാൽ ചിത്രം ഈ വർഷം അവസാനം തന്നെ റിലീസിനെത്തിയേക്കാം. 2020 ൽ ചിത്രം റിലീസിനെത്തും എന്നായിരുന്നു അണിയറപ്രവർത്തകർ മുൻപ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കൃത്യമായ റിലീസിംഗ് തിയ്യതിയെ കുറിച്ച് അണിയറപ്രവർത്തകർ ഇതുവരെ ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ