scorecardresearch
Latest News

ലാലേട്ടന്റെ വീട്

‘പൊട്ടുമോയെന്ന് പേടിച്ച് ചവിട്ടിക്കടന്ന കണ്ണാടിപ്പാലം തീരുന്നിടത്ത് ഒരാൾ ഉയരത്തിൽ ഒരു അക്വേറിയം. അതിൽ ഒരു മായക്കാഴ്ച പോലെ തെളിയുന്ന കായല്‍…’ നടന്‍ മോഹന്‍ലാലിന്‍റെ കൊച്ചിയിലെ വീട്ടില്‍ എത്തിയ ലേഖകന്റെ അനുഭവം

ലാലേട്ടന്റെ വീട്

‘ട്രയം’ എന്ന ഞങ്ങളുടെ സ്ഥാപനം രണ്ടായിരത്തി ആറിൽ മലേഷ്യയിലെ ‘ഫ്ലോർ ഡെപ്പോ’ എന്ന കമ്പനിയുമായി അവരുടെ മനുഷ്യനിർമ്മിത തടിപ്പലകകൾ ഇറക്കുമതി ചെയ്യാൻ കരാറുണ്ടാക്കി. ഞങ്ങളുടെ കമ്പനിയുടെ നയമായ പ്രകൃതി സൗഹൃദത്തിലധിഷ്ടിതമായ ഒരു നിർമ്മാണ സാമഗ്രിയാണത്.

അതിൻ്റെ സവിശേഷത മരത്തിൻ്റെ ശിഖരങ്ങൾ മാത്രമേ നിർമ്മാണത്തിന് ഉപയോഗിക്കൂ എന്നതാണ്. തായ് മരത്തെ വെട്ടാതെ ചില്ലകൾ മാത്രം വെട്ടിയെടുത്ത് അരച്ചെടുക്കും. പിന്നെ കൂടിയ സമ്മർദ്ദത്തിൽ ആവശ്യമുള്ള കനത്തിൽ പരത്തിയെടുത്ത് മുകളിൽ പല അടരുകൾ ചേർത്ത് വെച്ച് നെടുകെ മുറിച്ച തടിയുടെ ഗ്രെയിൻസ് വരുത്തും. മരച്ചില്ലകൾ വീണ്ടും വീണ്ടും വളർന്നു കൊണ്ടിരിക്കും…. വെട്ടിക്കൊണ്ടുമിരിക്കും… അങ്ങനെയങ്ങനെ…

എൻ്റെ മലേഷ്യൻ യുവസുഹൃത്ത് ഗുണാളനും ഞാനും ചേർന്നാണ് ഇതിനു വേണ്ടി മലേഷ്യയിലെ ക്ലാങ് എന്നയിടത്തുള്ള ഫാക്റ്ററിയിലും ക്വലാലമ്പുരിലെ അവരുടെ ഷോറൂമുകളിലും ഓഫീസിലുമൊക്കെ കയറിയിറങ്ങി കരാർ ഒപ്പു വെച്ചത്. ഇന്ത്യയിലെവിടെയും ഞങ്ങൾക്ക് ഇതു കൈകാര്യം ചെയ്യാനുള്ള സമ്മതപത്രവും തന്നു.
എറണാകുളത്ത് ഐലൻഡ് വെയർ ഹൗസിൽ കുറെയധികം ഫ്ളോറിങ്
ഇറക്കി വെച്ചാണ് ഈ ബിസിനസ് തുടക്കം.

അങ്ങനെയിരിക്കെ രണ്ടായിരത്തി ഏഴിലെ ഒരു സുപ്രഭാതത്തിൽ എൻ്റെ പഴയ സഹപ്രവർത്തകനും പിന്നീട് ബിസിനസ് പങ്കാളിയുമായ പോൾസൻ്റെ വിളി വന്നു. സിനിമാ നടൻ മോഹൻലാലിൻ്റെ എറണാകുളത്തെ വീട്ടിൽ വുഡൻ ഫ്ളോറിംഗ് ചെയ്യണം. നമ്മുടെ സീനിയർ മാനേജർമാരെ ആരെയെങ്കിലും ഇന്ന് തന്നെ വിടാമോ? പോൾസൺ കോഴിക്കോട് കേന്ദ്രമായി സ്ഥാപനത്തിൻ്റെ വടക്കൻ കേരളത്തിലെ വിൽപന കാര്യങ്ങൾ നോക്കുകയാണ്.

ഞാൻ ഓഫീസിൽ ചെന്ന് നോക്കിയപ്പോൾ അയയ്ക്കാമെന്ന് ഞാൻ മനസിൽ വിചാരിച്ച മാനേജർ ജില്ല വിട്ട് യാത്രയിലാണ്. എല്ലാവരെയൊന്നും ലാലേട്ടൻ്റെ വീട്ടിലയക്കാൻ പറ്റില്ലല്ലോ?
അകത്തള അലങ്കാര ജോലികൾ ഏറ്റെടുത്തിരിക്കുന്ന എഞ്ചിനീയർ കോഴിക്കോടുകാരൻ മഹേഷ് പറഞ്ഞത് ഞങ്ങളുടെ സ്ഥാപനത്തിൻ്റെ വിശ്വാസ്യതയാണ് ഇതേൽപ്പിക്കാൻ കാരണമെന്നാണ്! അത് നമ്മളായി തകർക്കരുതല്ലോ? എന്നാൽ ഞാൻ തന്നെ പൊയ്ക്കളയാം എന്നായി തീരുമാനം.

ഊണു കഴിഞ്ഞ് തേവരയിലേക്ക് ഞാൻ കാറോടിച്ചു. കിട്ടിയ വിവരമനുസരിച്ച്
തേവര കോളേജ് കഴിഞ്ഞ ഉടനെ വണ്ടി ഒരു ചെറു റോഡിലേക്ക് തിരിച്ചു. എതിരെ വണ്ടി വന്നാൽ പണി കിട്ടിയത് തന്നെ. ഇദ്ദേഹം എന്തിന് ഈ ഗുദാമിനകത്ത് വീട് വാങ്ങിയെന്ന് ഉള്ളിലോർത്തു. ഇരുവശവും വീടുകൾ നിറഞ്ഞ ഒരു ഇടുങ്ങിയ റെസിഡൻഷ്യൽ കോളനി.
വിഷമം പിടിച്ച മൂന്നു നാല് വളവുകൾക്ക് ശേഷം വണ്ടി രണ്ടു വലിയ പാളികളുള്ള മരഗെയിറ്റിനു മുന്നിലെത്തി. വഴി അവിടെ തീരുന്നു. ഫോണിലൂടെ വഴി പറഞ്ഞു തന്ന, എഞ്ചിനീയറുടെ അസിസ്റ്റൻ്റ് അകത്തുണ്ട്.

റിമോട്ട് കൺട്രോൾ ഗേററ് ഇരുവശത്തേക്കും പതിയെ തുറന്നപ്പോൾ ഞാൻ കാർ അകത്തേക്കോടിച്ചു കയറ്റി. രണ്ടു കൂറ്റൻ നായകൾ ചാടി വന്ന് കാറിൻ്റെ ചുറ്റും ഓടി നടന്ന് ഉച്ചത്തിൽ കുരച്ചു. അപരിചിതരെ ആക്രമിക്കാൻ മടിക്കാത്ത ജർമൻ റൊട്ട് വീലറുകളെക്കണ്ട ഞാൻ ഒന്ന് കിടുങ്ങി. പുറകെ ഒരു പയ്യൻ ഓടി വന്ന് രണ്ടിനെയും ചങ്ങലയിട്ട് വീടിനു പുറകിലേക്ക് കൊണ്ടു പോയി. അപ്പോഴാണ് ഒരു സമാധാനമായത്.

മുന്നിൽ കൊത്തു പണികൾ ചെയ്ത വലിയ മരത്തൂണുകളിൽ തടിപ്പലകകൾ കൊണ്ടുള്ള പർഗോള. പൂത്തു വിടർന്നു നിൽക്കുന്ന അരളി മരങ്ങൾ പശ്ചാത്തലത്തിൽ. താഴെ മഞ്ഞയും ചുവപ്പും പൂക്കൾ പച്ച നിറമുള്ള ഇലകളുമായി കലർന്നു കിടന്നു. ഉയർന്ന വൃക്ഷങ്ങളും ചെടികളും ഓടിട്ട വലിയ വീടിനെ മറയ്ക്കാൻ വൃഥാ ശ്രമിക്കുന്നുണ്ട്. കല്ലുകളിട്ട പടി കയറിച്ചെല്ലുന്നത് ഒരു ചെറിയ മരപ്പാലത്തിലേക്കാണ്. താഴെ ഓളമടിക്കുന്ന പൊയ്കയിൽ നീന്തിത്തുടിക്കുന്ന വർണ്ണ മൽസ്യങ്ങൾ. തടിപ്പാലത്തിൽ നിന്നിറങ്ങുന്നത് ഒരു കണ്ണാടിപ്പാലത്തിലാണ്. അതിനു താഴെയും വർണ്ണ മീനുകളുടെ വിസ്മയക്കാഴ്ച. പൊട്ടുമോയെന്ന് പേടിച്ച് ചവിട്ടിക്കടന്ന കണ്ണാടിപ്പാലം തീരുന്നിടത്ത് ഒരാൾ ഉയരത്തിൽ ഒരു അക്വേറിയം. അതിൽ കൂടി കാണുന്ന കായൽ ഒരു മായക്കാഴ്ച പോലെയുണ്ട്. വഞ്ചികളും ബോട്ടുകളും യഥേഷ്ടം വിലസുന്നു.

സുബൈർ എന്ന എന്നോട് ഫോണിൽ സംസാരിച്ച ചെറുപ്പക്കാരൻ ലാലേട്ടൻ്റെ ഭാര്യയെ പരിചയപ്പെടുത്തി, ‘സുചിത്രച്ചേച്ചി’ എന്ന് പറഞ്ഞു. ഞാൻ പേര് പറഞ്ഞു. അവർ കൈകൂപ്പി,തിരിച്ചു ഞാനും. വീട് രണ്ടു മൂന്ന് വർഷം മുമ്പ് മറ്റൊരാളിൽ നിന്ന് വാങ്ങിയതാണെന്നും ഏറെ വർക്കുകൾ മേടിച്ചതിന് ശേഷം ചെയ്തുവെന്നും അവർ പറഞ്ഞു. പക്ഷേ ഫ്‌ളോറിലിട്ടിരിക്കുന്നതു മാത്രം വിചാരിച്ച പോലെയായില്ല എന്നും. ഞാൻ ലിവിങ്റൂമിൽ കയറി തറയിൽ നോക്കിയപ്പോൾ കാര്യം മനസ്സിലായി. കൗണ്ടർ ടോപ്പിനുപയോഗിക്കാനുള്ള മനുഷ്യനിർമ്മിത മാർബിൾ, ഫ്ലോറിൽ ഇട്ടിരിക്കുന്നു!! തൂവെള്ള നിറം മഞ്ഞയായി കൊണ്ടിരിക്കുന്നു. വെള്ളയിൽ മഞ്ഞപ്പാണ്ടുകൾ നിറയെ ചിതറിക്കിടക്കുന്നു. ആരോ അവരെ തെറ്റിദ്ധരിപ്പിച്ച് ചെയ്തതാവാം. അവർക്കതിൻ്റെ മുകളിൽ നമ്മുടെ തടിപ്പലകൾ പാകണം. അതു പൊളിച്ചു മാറ്റാതെ തന്നെ.

സുബൈർ മറ്റൊരാളുമായി ചേർന്ന് എല്ലാ മുറിയിലെയും തറയളവുകൾ എടുത്തു. ഞാനും കൂടെ സഹായിച്ചു. ഇടയ്ക്ക് നീളൻ ഗ്ലാസിൽ രസികൻ ഓറഞ്ച് ജ്യൂസ് വന്നു… എന്നെ വീടിൻ്റെ പുറകുവശത്തെ പുൽത്തകിടിയും കായലും കൊണ്ടു പോയി കാണിക്കാൻ സുചിത്രച്ചേച്ചി സുബൈറിനോട് പറഞ്ഞു. അതാണ് വീടിൻ്റെഹൈലൈറ്റ് എന്നും.

‘മഹേഷുമായി സംസാരിച്ച് എത്രയും വേഗം വർക്ക് തുടങ്ങിക്കോളു,’ അവർ പറഞ്ഞു. ലാലേട്ടൻ യാത്രയിലാണെന്നും വർക്ക് തുടങ്ങിക്കഴിഞ്ഞാൽ ഒരു ദിവസം വരുമെന്നും സൂചിപ്പിച്ചു. ചേച്ചി അടുത്ത ദിവസം ചെന്നൈയിലേക്ക് മടങ്ങി പോകും.

രണ്ടു ദിവസം കഴിഞ്ഞ് വർക്കു തുടങ്ങുന്ന അന്ന് ഞാൻ അതിരാവിലെ അവിടെയെത്തി. വളരെ വിശ്വാസമുള്ള ഒരു ഇൻസ്റ്റാളറെയാണ് ഏൽപ്പിച്ചിരിക്കുന്നതെങ്കിലും എനിക്ക് ഓഫീസിൽ പോവാൻ തോന്നിയില്ല. നേരെ വർക് സൈറ്റിൽ പോയി. അയാൾക്ക് സഹായികളായി വരുന്നവർ എങ്ങനെയുള്ളവരെന്നറിയില്ല. അവിടെ ഓരോ മുറിയിലും വിലമതിക്കാനാവാത്ത പുരാവസ്തുക്കളുണ്ട്. മനസിലേക്ക് ‘ഫ്രൻഡ്സ്’ എന്ന സിനിമയിൽ ജഗതിച്ചേട്ടൻ്റെ കഥാപാത്രം ഓർമ വന്നു. പുരാവസ്തുവായ കണ്ണാടി അലമാര പരിഭ്രമത്തിൽ മറിച്ചിട്ട് പൊട്ടിച്ച ചേട്ടനോട് ജനാർദ്ദനൻ ചേട്ടൻ ‘അതിൻ്റെ പഴക്കം തനിക്കറിയുമോടോ’ എന്ന് ചീറിക്കൊണ്ട് ചോദിക്കുമ്പോൾ ‘ങാഹാ… പഴയതാണോ… ഞാൻ വിചാരിച്ചു പുതിയതാണെന്ന്…’ എന്ന് പറഞ്ഞുള്ള ഒരു പോക്കുണ്ടല്ലോ? അതു പോലെയാകുമോ ഇതിലൊരു വർക്കർ? ഹൃദയം പട പടാ അടിച്ചു.

‘സർ പേടിക്കേണ്ട ഞാനുണ്ടല്ലോ’ എന്ന് സുബൈർ പറഞ്ഞത് എൻ്റെ ടെൻഷൻ അൽപ്പം കുറച്ചു. എങ്കിലും ദിവസം മൂന്നു നേരം ഞാൻ വർക്ക് നോക്കാൻ അവിടെ പോവാൻ തുടങ്ങി. അവിടെയുള്ള മൂന്ന് പേർ ഒരാൾ സെക്യുരിറ്റി, പിന്നെ കുക്ക്, ഒടുവിൽ പട്ടിയെ നോക്കുന്നയാൾ. പിന്നെ ഓടിനടക്കാൻ സൂപ്പർവൈസർ സുബൈർ. ഞാൻ അവരിലൊരാളായി മാറി. ഞാൻ ചെന്നാൽ അവിടെ ഫ്ലോറിംഗ് മേൽനോട്ടം കഴിഞ്ഞ് വന്ന് കായൽ തീരത്തിരിക്കും. ലാലേട്ടൻ്റെ ജോലിക്കാർ ഓരോരുത്തരായി അവരുടെ പണി കഴിഞ്ഞ് വന്ന് വർത്തമാനം കേൾക്കാനിരിക്കും. ഞാൻ ചില സംഭവങ്ങൾ, അനുഭവങ്ങൾ പറയും. എല്ലാവരും സുഹൃത്തുക്കളായി.

‘വീട് കാണാൻ താൽപ്പര്യമുണ്ടോ?’ എന്ന് സുബൈർ. മുഷിയില്ല എന്ന് ഞാൻ. പിന്നെ ആ വീടിൻ്റെ മുക്കും മൂലയും ഞാൻ നടന്നു കണ്ടു. സുബൈർ കൂടെ വന്നു. ലാലേട്ടൻ്റെ കിടപ്പുമുറിയോട് ചേർന്നുള്ള നടന്നു കയറാവുന്ന വസ്ത്ര മുറിയിലെ അടുക്കി വെച്ച അസംഖ്യം ഉടുപ്പുകളുടെ നടുവിൽ ഞാൻ തരിച്ചു നിന്നു. ഉടുപ്പുകൾ അലമാരയിലും ഹാംഗറിലുമായി നിറഞ്ഞു കിടക്കുന്നു. അഭിനയിച്ച സിനിമകളിൽ ഉപയോഗിച്ചതാവാമെന്നെനിക്ക് തോന്നി. ‘ഭരത’ത്തിലെ ജുബ്ബയും മുണ്ടും പോലെയൊക്കെ ഞാൻ അവിടെ കണ്ടു. ഞാൻ ഒരു നിമിഷം കണ്ണടച്ചു നിന്നു. ഒരു മൊണ്ടാഷ് പോലെ ലാലേട്ടൻ്റെ പല കഥാപാത്രങ്ങളും എൻ്റെ ഓർമ്മയിലൂടെ ഓടിത്തുടങ്ങി. പുറകെ വന്ന സുബൈർ എൻ്റെ കണ്ണടച്ചു നിൽപ്പ് കണ്ട് അന്തം വിട്ടു !

അവിടുത്തെ ഫ്‌ളോറിങ്പണികൾ തീരാൻ ഒരാഴ്ചയോളമെടുത്തു. വർക്കിൻ്റെ അവസാന ദിവസം എൻ്റെ മേൽനോട്ടം കഴിഞ്ഞ് പോകാനിറങ്ങിയപ്പോൾ ഗേറ്റിന് പുറത്ത് ഹോൺ കേട്ടു, ‘ലാൽ സാറാണ്,’ സഹായി അനീഷ് പറഞ്ഞു.

ഞാൻ മുറ്റത്തെത്തി കാറിൽ കയറാതെ നിന്നു. ലാലേട്ടൻ വണ്ടിയിൽ നിന്നിറങ്ങി അടുത്തു വന്നപ്പോൾ സുബൈർ എന്നെ പരിചയപ്പെടുത്തി. ലാലേട്ടൻ ഹൃദ്യമായി ചിരിച്ച് എനിക്ക് കൈതന്നു പറഞ്ഞു.
‘ഞാനിന്നലെ എല്ലായിടത്തും നോക്കിക്കണ്ടു. Really Commendable Work.Thank You’. ഞാനും എൻ്റെ സന്തോഷം പങ്കു വെച്ചു.

നിറഞ്ഞ ഹൃദയത്തോടെ ഞാൻ കാറിൽ കയറി. അദ്ദേഹവും കൂടെയുള്ളവരും വീട്ടിനകത്തേയ്ക്കും. വർഷങ്ങളിത്ര കഴിഞ്ഞിട്ടും ആ പച്ചപ്പു നിറഞ്ഞ കായൽ തീരത്തെ വീടും രണ്ട് പേരുടെയും ഹൃദ്യമായ പെരുമാറ്റവും അവിടുത്തെ ജോലിക്കാരുടെ സ്നേഹാദരങ്ങളും രസികൻ ജ്യൂസുകളും ഇടയ്ക്കൊക്കെ ഓർമ്മ വരും…

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mohanlal house kochi thevara residence interior design experiences