പ്രളയത്തിൽ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടയിൽ അപകടത്തിൽപ്പെട്ട് മരണപ്പെട്ട അബ്ദുൽ റസാഖ് ഈ പ്രളയകാലത്തെ വേദനിപ്പിക്കുന്ന ഒരു ഓർമ്മയാണ്. ഇപ്പോൾ, അബ്ദുൽ റസാഖിന്റെ കുടുംബത്തിന് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. അബ്ദുൽ റസാഖിന്റെ കുടുംബത്തിന് അടിയന്തിര സഹായം നൽകിയതിനൊപ്പം കുട്ടികളുടെ വിദ്യഭ്യാസവും മോഹൻലാൽ ഏറ്റെടുത്തു.

തന്റെ അച്ഛനമ്മമാരുടെ പേരിൽ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ പേരിലാണ് മോഹൻലാൽ റസാഖിന്റെ കുട്ടികളുടെ വിദ്യഭാസചെലവുകൾ ഏറ്റെടുത്തിരിക്കുന്നത്. വിശ്വശാന്തിയുടെ ഡയറക്ടർ മേജർ രവി മോഹൻലാലിന്റെ നിർദേശപ്രകാരം റസാഖിന്റെ വീട്ടിലെത്തിയാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലക്ഷം രൂപയാണ് അടിയന്തിരസഹായമായി കുടുംബത്തിന് സമ്മാനിച്ചത്. കുട്ടികളുടെ ബിരുദപഠനം വരെയുള്ള തുടർചെലവുകളും വിശ്വശാന്തി ഫൗണ്ടേഷൻ ഏറ്റെടുത്തു. കുട്ടികളോടും കുടുംബത്തോടും മോഹൻലാൽ ഫോണിൽ സംസാരിക്കുകയും ചെയ്തു.

പ്രളയജലത്തിൽ നിഹാൻ, അലാഹുദ്ദീൻ സഹോദരന്മാർ ഒലിച്ചുപോവുന്നത് കണ്ട് രക്ഷിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അബ്ദുൽ റസാഖ് മരിക്കുന്നത്. മലപ്പുറം കാരത്തൂർ സ്വദേശിയാണ് അബ്ദുൽ റസാഖ്. കുട്ടികളെ രക്ഷിച്ച് കരക്കെത്തിച്ച ഉടനെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ലീവിന് നാട്ടിലെത്തിയ പ്രവാസിയായ റസാഖ് മടങ്ങിപ്പോവാനിരിക്കെയാണ് അപകടമുണ്ടായത്.

രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ലിനുവിന്റെ കുടുംബത്തിനും മോഹൻലാൽ സഹായമെത്തിച്ചിരുന്നു. ഒരു ലക്ഷം രൂപ അടിയന്തിരസഹായമായി നൽകിയ മോഹൻലാൽ, ലിനുവിന്റെ കുടുംബത്തിന് വീടു വെച്ചു കൊടുക്കാനും തീരുമാനിച്ചു. വിശ്വശാന്തി ഫൗണ്ടേഷന്റെ കീഴിലാണ് വീട് പണിതു നൽകുക

Read more: വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ കഴിയില്ലെന്നറിയാം; ലിനുവിന്റെ അമ്മയ്ക്ക് മോഹൻലാലിന്റെ കത്ത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook