മോഹൻലാലിന്റെ കൈയ്ക്ക് ശസ്ത്രക്രിയ നടത്തി. പരുക്കേറ്റതിനെ തുടർന്നാണ് സൂപ്പർ താരത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. ദുബായിലെ ബുർജീൽ ആശുപത്രിയിൽവച്ചായിരുന്നു ശസ്ത്രക്രിയ. ചികിത്സയ്ക്കു ശേഷം അവിടുത്തെ സര്‍ജൻ ഡോ. ഭുവനേശ്വർ മചാനിയുമൊത്തുള്ള ചിത്രം മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ ‘റാമി’ന്റെ പ്രഖ്യാപന ചടങ്ങിൽ കയ്യിൽ ബാൻഡേജ് ചുറ്റിയാണ് മോഹൻലാൽ എത്തിയത്. ഇത് സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. ഷൂട്ടിങ്ങിനിടെ താരത്തിന്റെ കൈയ്ക്ക് പരുക്ക് പറ്റിയെന്നായിരുന്നു തുടക്കത്തിൽ എല്ലാവരും പറഞ്ഞിരുന്നത്. എന്നാൽ ന്യൂസിലൻഡിലെ അവധി ആഘോഷങ്ങൾക്കിടെയാണ് പരുക്ക് സംഭവിച്ചതെന്ന് മോഹൻലാലുമായി അടുത്തവൃത്തങ്ങൾ അറിയച്ചതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

ശസ്ത്രക്രിയ പൂർത്തിയായ വിവരം താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയച്ചതോടെ ആരാധകരുടെ ആശങ്കയും അവസാനിക്കുകയാണ്. വിശ്രമത്തിനു ശേഷം താരം മടങ്ങിയെത്തുന്നത് കാത്തിരിക്കുകയാണ് ആരാധക ലോകം.

മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുക്കെട്ടില്‍ പുതിയൊരു സിനിമ വരുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ജനുവരി അഞ്ചിന് ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ പേര് ‘റാം’ എന്നാണ്. കഴിഞ്ഞ ദിവസമാണ് സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ദൃശ്യത്തിനു ശേഷമാണ് മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. തൃഷയാണ് സിനിമയിലെ നായിക.

‘ബിഗ് ബ്രദറാ’ണ് റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രം. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ സഹോദരന്മാരായി അനൂപ് മേനോനും സർജാനോ ഖാലീദും എത്തുന്നു. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ അർബാസ് ഖാനും ബിഗ് ബ്രദറിലുണ്ട്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അർബാസ് അവതരിപ്പിക്കുന്നത്. ഹണി റോസും ചിത്രത്തിലുണ്ട്. 2020 ജനുവരിയിൽ ചിത്രം റിലീസ് ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook