scorecardresearch

ലാലു മോനെ കണ്ട സന്തോഷത്തിൽ ആ അമ്മ പറഞ്ഞു, 'ഇനി വരുമ്പോൾ ശാന്തയേയും കൊണ്ട് വരണം'

എന്തൊക്കെയോ പഴയ കാര്യങ്ങളൊക്കെ അമ്മ പറയുന്നുണ്ടായിരുന്നു, അതു കേട്ട് ലാലു ചേട്ടന്റെയും കണ്ണു നിറഞ്ഞു

എന്തൊക്കെയോ പഴയ കാര്യങ്ങളൊക്കെ അമ്മ പറയുന്നുണ്ടായിരുന്നു, അതു കേട്ട് ലാലു ചേട്ടന്റെയും കണ്ണു നിറഞ്ഞു

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mohanlal|Mohanlal Mother|

Mohanlal Gets Teary-Eyed as He Shares Childhood Memories with Mother's Friend

ഏറെ നാളുകൾക്ക് ശേഷമാണ് നടൻ മോഹൻലാൽ തന്റെ അമ്മ ശാന്തകുമാരിയുടെ സുഹൃത്തും തിരുവനന്തപുരം മുടവന്മുകളിലെ വീട്ടിലെ തങ്ങളുടെ അയൽക്കാരിയുമായിരുന്ന സീതാലക്ഷ്മിയെ കാണാൻ ചെന്നത്. സാഹിത്യകാരൻ പി കേശവദേവിന്റെ പത്നിയായ സീതാലക്ഷ്മി ഇപ്പോൾ മകൻ ഡോ. ജ്യോതിദേവുമൊത്താണ് താമസം. അമ്മയുടെ പഴയ കൂട്ടുകാരിയെ കണ്ട മോഹൻലാൽ, ഏറെ നേരം അവരുമായി സംസാരിച്ചു എന്നും കുട്ടിക്കാല ഓർമ്മകളിൽ വികാരാധീനനായി എന്നും ഡോ. ജ്യോതിദേവ് പറയുന്നു.

Advertisment

'അന്ന്, ഏതാണ്ട് 60 വർഷം മുൻപ്, മുടവൻമുകളിലെ ഞങ്ങളുടെ വീടിരിക്കുന്ന പ്രദേശം വനമേഖലയായിരുന്നു. ടാറിട്ട റോഡുകളൊന്നും അവിടെ ഉണ്ടായിരുന്നില്ല, വല്ലപ്പോഴും ഒരു വണ്ടി വന്നാലായി. ആ പ്രദേശത്ത് വീടുകളും ചുരുക്കമായിരുന്നു. പ്രത്യേകിച്ച് പേരൊന്നുമില്ലായിരുന്നു ആ ഏരിയയ്ക്ക്. 1983ൽ അച്ഛൻ മരിച്ച ആ വർഷമാണ്, വീടിനു മുന്നിലെ റോഡ് കേശവദേവ് റോഡ് എന്നാക്കുന്നത്.

അച്ഛനാണ് മുടവൻമുകളിൽ ആദ്യം വീടു വയ്ക്കുന്നത്. ഏതാണ്ട് ഒരു വർഷം ആയപ്പോഴാണ് വിശ്വനാഥൻ അങ്കിളും (മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ) ശാന്താന്റിയും (അമ്മ ശാന്തകുമാരി) മുടവൻമുകളിലേക്ക് എത്തുന്നതും പുതിയ വീടു വയ്ക്കുന്നതും. അന്ന് ആ പ്രദേശത്ത് ഞങ്ങളുടെ രണ്ടു വീടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്വാഭാവികമായും അമ്മയും ശാന്താന്റിയും തമ്മിൽ വലിയ കൂട്ടായി. ഇരുവീടുകളിലെയും കുട്ടികളെ സംബന്ധിച്ചും രണ്ടു വീടും ഒരു പോലെയായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും ഓടികളിച്ചാണ് ഞങ്ങൾ വളർന്നതെന്നു പറയാം.

Advertisment

ഏതാണ്ട് സമപ്രായക്കാരാണ് അമ്മയും ശാന്താന്റിയും. അമ്മയ്ക്ക് ഇന്ന് 84 വയസ്സുണ്ട്, ശാന്താന്റിയ്ക്ക് 87 വയസ്സും. ജീവിതത്തിലെ എല്ലാ കുഞ്ഞു വിശേഷങ്ങളും സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ പങ്കു വയ്ക്കുന്ന രണ്ടു കൂട്ടുകാരികൾ. ഒരുപാട് സമാനതകളുണ്ട് രണ്ടുപേർക്കും. ഇരുവരിലും ഞാൻ കണ്ടൊരു പ്രത്യേകത, ഇരുവരുടെയും സമയനിഷ്ഠയാണ്. ജീവിതത്തിലെ എല്ലാ കാര്യത്തിലും അവർക്ക് സമയനിഷ്ഠയുണ്ടായിരുന്നു. ഞങ്ങളെ സ്കൂളിൽ പറഞ്ഞു വിടുന്ന കാര്യത്തിൽ തുടങ്ങി എല്ലാ കാര്യത്തിലും അവരുടെ ടൈം മാനേജ്മെന്റ് അപാരമാണ്. ശാന്താന്റി ഫോൺ ചെയ്യുമ്പോൾ ഇടയ്ക്ക് പറയുന്നതു കാണാം, 'വയ്ക്കട്ടെട്ടോ. ഇപ്പോ തന്നെ രണ്ടു മിനിറ്റ് വൈകി,' എന്നൊക്കെ. അമ്മയും ഇങ്ങനെ തന്നെയാണ്.

ശാന്താന്റിയ്ക്ക് സുഖമില്ലാതാവുന്നതിന്റെ തലേ ദിവസം വരെ, എല്ലാ ദിവസവും വിളിച്ച് തമ്മിൽ മണിക്കൂറുകളോളം സംസാരിച്ചു കൊണ്ടിരുന്ന രണ്ടു പേരാണ് അവർ. അവർക്കിടയിലെ കണക്റ്റ് അത്ര ആഴമേറിയതാണ്. അങ്ങനെയൊരു സൗഹൃദം ഇരുവർക്കും വേറെയാരുമായി ഇല്ലെന്നതാണ് സത്യം. വേറെ അയൽപ്പക്കക്കാരൊന്നും ഇല്ലാത്തതിനാൽ അവർക്ക് ഇരുവർക്കും അക്കാലത്ത് അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പന്ത്രണ്ടു വർഷങ്ങൾക്കു മുൻപാണ് അമ്മയേയും എന്നെയുമൊക്കെ കണ്ട് ശാന്താന്റി കൊച്ചിയിലേക്ക് പോയത്. കൊച്ചിയിൽ വച്ചാണ് ശാന്താന്റിയ്ക്ക് സ്ട്രോക്ക് വരുന്നതും വയ്യാതാവുന്നതും കിടപ്പിലാവുന്നതുമൊക്കെ. അതിനു ശേഷം ഇരുവരും തമ്മിൽ നേരിൽ കണ്ടിട്ടില്ല. എന്നാലും ഇപ്പോഴും ഇരുവരെയും ഞങ്ങൾ വീഡിയോ കോളിൽ വിളിച്ചു കൊടുക്കും. സ്ക്രീനിൽ പരസ്പരം കാണുമ്പോഴുള്ള അവരുടെ ആ സ്നേഹവും ആഹ്ളാദവും ആവേശവുമൊക്കെ കാണേണ്ടതാണ്… കണ്ടു നിൽക്കുന്ന നമ്മുടെയും കണ്ണു നിറഞ്ഞു പോവും.

അമ്മയ്ക്ക് ഇപ്പോൾ ഓർമക്കുറവുണ്ട്. ഇടയ്ക്ക് ഓർമകൾ വന്നും പോയുമിരിക്കും. പക്ഷേ, ശാന്താന്റിയുടെ ഓർമകളൊക്കെ ഇപ്പോഴും ഷാർപ്പാണ്. സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു മാത്രം. ആന്റിയ്ക്ക് എല്ലാവരെയും ഓർമയുണ്ട്. ഞങ്ങളുടെ ഈ കേശവദേവ് റോഡിലുള്ള ഓരോ വീടുകളെ കുറിച്ചും ആളുകളെ കുറിച്ചും ശാന്താന്റിയ്ക്ക് അറിയാം. മുടവൻമുകളിലെ വിശേഷങ്ങൾ പറയുമ്പോഴെല്ലാം ആന്റിയുടെ മുഖത്ത് സന്തോഷവും തെളിച്ചവും കാണാം.

ഒരു വർഷമായി അമ്മയുടെ അസുഖവും ചികിത്സയുമായി ബന്ധപ്പെട്ട് ഞങ്ങളുടെ ഹോസ്പിറ്റലിലെ ഒരു റൂമിൽ തന്നെയാണ് അമ്മ താമസം. മുടവൻമുകളിലെ വീട് വിട്ട് തൽക്കാലം ഞങ്ങളും ഇവിടെയാണ് താമസം. ലാലു ചേട്ടൻ തിരുവനന്തപുരത്തു വരുമ്പോഴൊക്കെ എന്റെയമ്മയെ വന്നു കാണും. ഇതിപ്പോൾ ഒരു ഇടവേളയ്ക്കു ശേഷമാണ് ലാലു ചേട്ടൻ തിരുവനന്തപുരത്തു വരുന്നത്. ഒരു സിനിമയുടെ ഷൂട്ടിംഗ് ഇവിടെ നടക്കുന്നുണ്ട്. അതിനിടയിൽ നിന്നും അമ്മയെ കാണാനായി സമയം കണ്ടെത്തി ഓടി വന്നതായിരുന്നു.

അമ്മയ്ക്ക് പല കാര്യങ്ങളും ഓർമ ഇല്ലെങ്കിലും ഇന്ന് ലാലു ചേട്ടനെ കണ്ടയുടനെ കിടക്കയിൽ നിന്നും ചാടിയെണീറ്റു. സാധാരണ രീതിയിൽ അങ്ങനെ എഴുന്നേൽക്കാനൊന്നും പറ്റാത്ത ആളാണ്, ലാലു മോനെ കണ്ട സന്തോഷം അമ്മയുടെ ശരീരഭാഷയിലുണ്ടായിരുന്നു. എന്തൊക്കെയോ പഴയ കാര്യങ്ങളൊക്കെ അമ്മ പറയുന്നുണ്ടായിരുന്നു, അതു കേട്ട് ലാലു ചേട്ടന്റെയും കണ്ണു നിറഞ്ഞു. ഒരു മണിക്കൂറോളം അമ്മയോട് കഥയൊക്കെ പറഞ്ഞിരുന്നാണ് ചേട്ടൻ പോയത്. പോവാൻ നേരം ലാലു ചേട്ടന്റെ കൈ പിടിച്ച് അമ്മ പറയുന്നുണ്ടായിരുന്നു, "ഇനി വരുമ്പോൾ ശാന്തയേയും കൊണ്ടു വരണം," എന്നൊക്കെ.

അമ്മയ്ക്ക് എന്നെ പോലെ തന്നെയാണ് ലാലു ചേട്ടനും. അമ്മ ഇപ്പോൾ ജീവിതത്തിൽ നിത്യം കാണുന്നത് എന്നെയും എന്റെ ഭാര്യ സുനിതയേയും കൊച്ചുമകൻ കൃഷ്ണയേയും മാത്രമാണ്. പക്ഷേ ശാന്ത, ലാലു എന്ന പേരുകൾ ഒരു മൂന്നു നാലു തവണയെങ്കിലും പറയാതെ അമ്മയുടെ ഒരു ദിവസവും കടന്നു പോവില്ല. അത്രത്തോളം ആഴത്തിൽ അമ്മയുടെ മനസ്സിൽ പതിഞ്ഞു പോയവരാണ് ശാന്താന്റിയും ലാലു ചേട്ടനുമൊക്കെ.

എനിക്കും അമ്മ തന്നെയാണ് ശാന്താന്റി. വർഷങ്ങളോളം എന്റെ പേഷ്യന്റായിരുന്നു ശാന്താന്റി. സ്ട്രോക്ക് വന്നതിനു ശേഷം ശാന്താന്റി കൊച്ചിയിലെ അമൃത ഹോസ്പിറ്റലിലാണ് ചികിത്സ തേടുന്നത്. എന്നാലും വർഷത്തിൽ ഒരു മൂന്നു നാലു തവണയെങ്കിലും ഞാനും ഭാര്യയും മകനും കൊച്ചിയിൽ പോയി ശാന്താന്റിയെ കാണും.

ഞാനിപ്പോൾ പ്രമേഹരോഗത്തിനൊപ്പം ജെറിയാട്രിക്സിലും ഗവേഷണം ചെയ്യുന്നുണ്ട്. 55 വയസ്സിനു ശേഷവും വാർധക്യത്തിലുമൊക്കെ രോഗങ്ങൾ വരാതിരിക്കാനും കിടന്നു പോവാതാരിക്കാനും എന്തൊക്കെ ചെയ്യാം എന്ന് അന്വേഷിക്കുന്ന പഠനമാണ് ജെറിയാട്രിക്സ്. ഒരാൾക്ക് പ്രായമാവുമ്പോൾ എന്തൊക്കെ രോഗങ്ങൾ വരാൻ സാധ്യതയുണ്ട്, അവശ നിലയിലാവാൻ സാധ്യതയുണ്ടോ എന്നൊക്കെ ചില ടെസ്റ്റുകളിലൂടെ മുൻകൂറായി അറിയാനും ഒരു പരിധി വരെ അത്തരം അവസ്ഥകളെ തടയാനും സാധിക്കും. ഹെൽത്തി ഏജിംഗ് എന്നൊരു ആശയമാണ് ഇത്തരം പഠനങ്ങളിലൂടെ സാധ്യമാക്കാൻ ശ്രമിക്കുന്നത്. ഇത്തരം പഠനങ്ങളിലേക്ക് പോവാൻ പ്രചോദനമായത് ഈ അമ്മമാർ കൂടിയാണെന്നു പറയാം.

മുടവൻമുകളിലെ ലാലു ചേട്ടന്റെ 'ഹിൽ വ്യൂ' എന്ന വീട് ഇപ്പോൾ അടഞ്ഞു കിടക്കുകയാണ്. പരിപാലിക്കാൻ ഒരു സെക്യൂരിറ്റിയൊക്കെയുണ്ട്. ഞാനിടയ്ക്ക് ലാലു ചേട്ടനോട് പറയും, ആ വീടൊരു മ്യൂസിയമാക്കി മാറ്റി സംരക്ഷിക്കൂ എന്ന്. മോഹൻലാലിന്റെ വീട് എന്ന നിലയിൽ 'ഹിൽ വ്യൂ' കാണാനും അവിടെ സന്ദർശിക്കാനും ഇഷ്ടമുള്ള നിരവധി പേർ കാണും. ലാലു ചേട്ടന്റെ സിനിമാജീവിതത്തിലും വലിയ പ്രാധാന്യമുള്ള വീടാണ് 'ഹിൽ വ്യൂ.' അദ്ദേഹത്തിന്റെ സിനിമാജീവിതം ആരംഭിക്കുന്നതും ഈ വീട്ടിൽ നിന്നാണ്. 1978ല്‍ 'തിരനോട്ടം' എന്ന സിനിമയുടെ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ചതും ഈ വീട്ടിലായിരുന്നു.

'ജീവിതത്തിലെന്നപോലെ സിനിമയിലെയും എന്റെ ആദ്യ വീടാണിത്. തിരനോട്ടത്തിന്റെ കുറെ ഭാഗങ്ങള്‍ ഇവിടെയാണ് ഷൂട്ട് ചെയ്തത്. അശോകും സുരേഷും പ്രിയനും സനലും കുമാറുമെല്ലാം ഒരു കുടുംബം പോലെ ഞങ്ങള്‍ക്കൊപ്പം ഈ വീട്ടില്‍ കഴിഞ്ഞു. വീടിനു മുന്നിലുള്ള റോഡിലൂടെ സൈക്കിള്‍ ചവിട്ടിവരുന്ന രംഗമാണ് ആദ്യം ചിത്രീകരിച്ചത്. അതായിരുന്നു സിനിമയിലെ എന്റെ ആദ്യ ഷോട്ട്,' എന്ന് ഒരിക്കൽ ലാലു ചേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്.

കേശവദേവ് റോഡിൽ വീടിനോട് ചേർന്ന് എന്റെ അച്ഛന്റെ പേരിൽ ഒരു മ്യൂസിയം ഒരുക്കുകയാണ് ഞാൻ. ലാലു ചേട്ടന്റെ വീട് മ്യൂസിയമാക്കിയാൽ മുടവൻ മുകളിൽ വരുന്ന ആളുകൾക്ക് രണ്ടും കാണാമല്ലോ എന്നും കരുതുന്നുണ്ട്. കേശവദേവിന്റെ പുസ്തകങ്ങളും നാടകങ്ങളും എഴുത്തുമൊക്കെ മോഹൻലാൽ എന്ന വ്യക്തിയെ എങ്ങനെ സ്വാധീനിച്ചു എന്ന് അദ്ദേഹം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അച്ഛനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക്, ലാലു ചേട്ടന്റെ സിനിമായാത്രയെ കുറിച്ചു പഠിക്കുന്ന കുട്ടികൾക്ക് ഒക്കെ ഭാവിയിൽ അതൊരു വലിയ സഹായമാവും. ലാലു ചേട്ടന്റെ 'ഹിൽ വ്യൂ'വിന് മുന്നിലൊക്കെ ഇപ്പോഴും കാണാം, ആളുകൾ വണ്ടിയൊക്കെ നിർത്തി വീടിന്റെ പടമെടുത്തു പോവുന്നതൊക്കെ.'

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: