മലയാളികളുടെ അഭിമാനതാരം മോഹൻലാലിന്റെ 63-ാം ജന്മദിനമായിരുന്നു ഞായറാഴ്ച. ലോകമെമ്പാടുമുള്ള താരത്തിന്റെ ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് പിറന്നാൾ ദിനം ആഘോഷമാക്കുന്ന കാഴ്ചയാണ് കണ്ടത്. പിറന്നാൾ ദിനത്തിൽ താരത്തിന്റെ ഞെട്ടിച്ചുകൊണ്ട് സുഹൃത്തിന്റെ ഒരു സർപ്രൈസ് ഗിഫ്റ്റുമെത്തി. കിയ മോട്ടോഴ്‌സിന്റെ ആഡംബര ഇലക്ട്രിക് വാഹനമായ ഇ.വി.6 മോഹൻലാലിന് സമ്മാനിച്ചത് സുഹൃത്തും ഹെഡ്ജ് ഇക്വുറ്റീസിന്റെ മാനേജിങ്ങ് ഡയറക്ടറും ചെയര്‍മാനുമായ അലക്സ് കെ ബാബു ആയിരുന്നു. ഭാര്യ സുചിത്രയുടെയും സുഹൃത്തുകളുടേയും സാന്നിധ്യത്തിൽ ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു അലക്സ് പിറന്നാൾ സമ്മാനമായി ഇവി 6 മോഹൻലാലിനു കൈമാറിയത്.
ടൊയോട്ട വെൽഫയർ, ടൊയോട്ട ലാൻഡ് ക്രൂയിസർ, മെഴ്‌സിഡസ് ബെൻസ് GL350, ലംബോർഗിനി ഉറസ്, റേഞ്ച് റോവര്‍ എന്നു തുടങ്ങി ആഡംബര കാറുകളുടെ വലിയൊരു ശേഖരം തന്നെയുണ്ടെങ്കിലും മോഹൻലാലിന്റെ ഗ്യാരേജിലെ ഇലക്ട്രിക് വാഹനത്തിന്റെ അഭാവം പരിഹരിക്കുകയാണ് കിയ ഇ.വി.6.
2022 ജൂണ്‍ മാസത്തിലാണ് കിയ മോട്ടോഴ്സിന്റെ ആദ്യ ഇലക്ട്രിക് മോഡലായി ഇ.വി.6 ഇന്ത്യയില്‍ അവതരിപ്പിച്ചത്. ജി.ടി.ലൈന്‍ റിയര്‍ വീല്‍ ഡ്രൈവ്, ജി.ടി.ലൈന്‍ ഓള്‍ വീല്‍ ഡ്രൈവ് എന്നിങ്ങനെ രണ്ടു വേരിയന്റുകളാണ് ഈ മോഡലിൽ ഉള്ളത്. ജി.ടി.ലൈന്‍ റിയര്‍ വീല്‍ ഡ്രൈവിന് 60.95 ലക്ഷം രൂപയും ജി.ടി.ലൈന്‍ ഓള്‍ വീല്‍ ഡ്രൈവിന് 65.95 ലക്ഷം രൂപയുമാണ് വില വരുന്നത്. ആഡംബര ക്രോസ് ഓവര്‍ ശ്രേണിയിലാണ് കിയ മോട്ടോഴ്സ് ഇ.വി.6 നെ ഉൾപ്പെടുത്തിയിരിക്കുന്നത്.
കിയ മോട്ടോഴ്‌സ് രൂപകല്‍പ്പന ചെയ്ത പുതിയ ഡിസൈന്‍ ഫിലോസഫി ഓപ്പോസിറ്റ്സ് യുണൈറ്റഡിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള ആദ്യ ബാറ്ററി ഇലക്ട്രിക് വാഹനമാണിത്. കിയ തന്നെ വികസിപ്പിച്ച പുതിയ ഇലക്ട്രിക് ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോമാണ് ഇതിനുള്ളത്. റിയര്‍ വീല്‍ ഡ്രൈവ് പതിപ്പ് 528 കിലോമീറ്റര്‍ റേഞ്ചും ഓള്‍ വീല്‍ ഡ്രൈവ് മോഡല്‍ 425 കിലോമീറ്റര്‍ റേഞ്ചുമാണ് ഉറപ്പുനല്‍കുന്നത്. 77.4 kWh ബാറ്ററി പാക്ക് രണ്ട് മോഡലിലും നൽകിയിട്ടുണ്ട്. 350 കിലോവാട്ട് ഡി.സി. ചാര്‍ജര്‍ ഉപയോഗിച്ച് കേവലം 18 മിനിറ്റില്‍ 10 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 50 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 73 മിനിറ്റിനുള്ളില്‍ ബാറ്ററിയുടെ 80 ശതമാനം നിറയുമെന്നും കിയ മോട്ടോഴ്സ് അവകാശപ്പെടുന്നു.