വളരെക്കാലത്തിനു ശേഷമാണ് വളരെ നീണ്ട ഒരു അഭിമുഖത്തിൽ മോഹൻലാൽ എത്തുന്നത്. ഹൈദരബാദിലെ ഫെയ്സ്ബുക്ക് ഓഫീസിൽ നിന്നും ലൈവ് ആയി എത്തിയ ലാലേട്ടൻ തന്റെ പുതിയ സിനിമകളായ ‘മരക്കാർ-അറബിക്കടലിന്റെ സിംഹം’, ‘ലൂസിഫർ’, ‘കാപ്പൻ’ എന്നിവയെക്കുറിച്ചും, ഇപ്പോൾ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വിഷയങ്ങളായ രാഷ്ട്രീയപ്രവേശം, പദ്മഭൂഷൺ തുടങ്ങിയവയെക്കുറിച്ചും സംസാരിച്ചു. ‘ലൂസിഫർ’ സഹതാരങ്ങളായ മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരും ‘കാപ്പൻ’ നായകൻ തമിഴ് നടൻ സൂര്യയും, ‘ലൂസിഫർ’ സംവിധായകൻ പൃഥ്വിരാജ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരും ലൈവ് അഭിമുഖത്തിൽ പങ്കെടുത്തു.
എന്നാൽ ലൈവ് അവസാനിക്കാറായപ്പോൾ അപ്രതീക്ഷിതമായി എത്തിയ അതിഥിയായിരിക്കാം ലാലേട്ടനെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചിരിക്കുക. അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയാണ് വീഡിയോ കോൾ വഴി എത്തിയത്. മോഹൻലാൽ -സുചിത്ര വിവാഹത്തിന്റെ വീഡിയോ ക്ലിപ്പിങ് കാണിച്ചു കൊണ്ട് അവതാരകൻ ‘വിവാഹച്ചടങ്ങുകൾ നടന്ന നിമിഷങ്ങളിൽ എന്ത് തോന്നി?’ എന്ന് ചോദിച്ചപ്പോൾ ‘തലകറങ്ങുന്നതു പോലെ തോന്നി’ എന്ന് ലാലേട്ടൻ കളിയായി മറുപടി പറഞ്ഞു.
‘ഇപ്പോഴും അങ്ങനെ തന്നെയാണോ?’ എന്ന മറു ചോദ്യവുമായാണ് സുചിത്ര ലൈവ് വീഡിയോയിൽ എത്തിയത്. അതിനു വ്യക്തമായി ഉത്തരം പറയാതെ, “എങ്ങനെ ഇതിൽ (വീഡിയോയിൽ) വന്നു പെട്ടു ?” എന്നൊരു വീണ്ടും ഒരു ചോദ്യത്തിലേക്ക് സംഭാഷണത്തെ നയിച്ചു. തുടർന്ന് മോഹൻലാലിന്റെ പാചകത്തെകുറിച്ചായി ചർച്ച. ജാപ്പനീസ് വിഭവങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിന് പ്രത്യേക താത്പര്യം ഉള്ളതിനാൽ വീട്ടിൽ അതിനാവശ്യമുള്ള സജ്ജീകരണങ്ങൾ ഉണ്ട് എന്നും ജാപ്പനീസ് മാത്രമല്ല, എന്തുണ്ടാക്കിയാലും അതിനു രുചിയുണ്ടാകും എന്നും സുചിത്ര സാക്ഷ്യപ്പെടുത്തി.
“സ്ട്രെസ് കളയാൻ ആണ് അദ്ദേഹം കുക്ക് ചെയ്യുന്നത് എന്ന് തോന്നിയിട്ടുണ്ട്. പാചകം ചെയ്യാൻ മാത്രമല്ല, ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചു ഭക്ഷണം കൊടുക്കാനും വലിയ ഇഷ്ടമാണ് അദ്ദേഹത്തിന്,” സുചിത്ര കൂട്ടിച്ചേർത്തു.