scorecardresearch
Latest News

ഓടിടിയിൽ എത്തുന്ന ആദ്യ സൂപ്പർതാര ചിത്രം

ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലാണ് ‘ദൃശ്യം 2’ റിലീസ് ചെയ്യുക

ഓടിടിയിൽ എത്തുന്ന ആദ്യ സൂപ്പർതാര ചിത്രം

മോഹൻലാൽ ചിത്രങ്ങൾ ആരാധകർക്ക് എന്നും തിയേറ്റർ ആഘോഷങ്ങളാണ്. എന്നാൽ ഇപ്പോഴിതാ, ആദ്യമായി ഒരു മോഹൻലാൽ ചിത്രം ഓടിടി പ്ലാറ്റ്‌ഫോമിൽ റിലീസിനെത്തുകയാണ്. പുതുവർഷ ആഘോഷങ്ങൾക്കിടെ മോഹൻലാൽ തന്നെയാണ് ഈ വിശേഷം ആരാധകരുമായി പങ്കിട്ടിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലാണ് ‘ദൃശ്യം 2’ റിലീസ് ചെയ്യുക.

മലയാളത്തിൽ ഉജ്ജ്വലവിജയവും ബോക്സ് ഓഫീസ് കളക്ഷനും നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ‘ദൃശ്യം’. അതുകൊണ്ട് തന്നെ മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ഈ ചിത്രത്തിന് രണ്ടാം ഭാഗമെത്തുന്നു എന്നു കേട്ടപ്പോൾ മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. തിയേറ്ററുകൾ തുറന്നു കഴിഞ്ഞാൽ ആദ്യമെത്തുന്ന ചിത്രങ്ങളിൽ ഒന്നാവും ‘ദൃശ്യം 2’ എന്ന കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ.

 

ജീതു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മീനയാണ് നായിക. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ദൃശ്യം 2’ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.

‘ ദൃശ്യം’ സിനിമ നിർത്തിയിടത്ത് നിന്ന് ആരംഭിക്കുന്ന ‘ദൃശ്യം 2’വിന്റെ ടീസറിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ്ജ്കുട്ടി എന്ന കഥാപാത്രവും കുടുംബവും നിർഭാഗ്യകരമായ ഒരു രാത്രിയിലുണ്ടായ പ്രശ്നങ്ങളെ നേരിട്ടുവെന്നതിനെക്കുറിച്ചു പറയുന്നു. കുടുംബം മുഴുവനും ഒരു രഹസ്യം സൂക്ഷിക്കുകയും അത് പുറത്താകുമോ എന്ന ആകാംക്ഷ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യവും ടീസറിൽ വ്യക്തമാക്കുന്നു.

Read Here: Drishyam 2 teaser: Mohanlal refuses to let the cat out of the bag

കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം വീടുകളുടെ സുരക്ഷയിൽ നിന്ന് ആസ്വദിക്കാനാവുന്ന ചിത്രമാകും ‘ദൃശ്യം 2 എന്ന് മോഹൻലാൽ. “സമാനതകളില്ലാത്ത ത്രില്ലറായിരുന്നു ‘ദൃശ്യം.’ കാലത്തേക്കാൾ മുന്നില്‍ സഞ്ചരിച്ച, എല്ലാവർക്കും പ്രിയപ്പെട്ടതാ ചിത്രം. ‘ദൃശ്യം 2’വിൽ, ജോർജ്ജ്കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങൾ ആദ്യ ഭാഗത്ത് ഉപേക്ഷിച്ച സ്ഥലത്ത് നിന്ന് മുന്നോട്ട് കൊണ്ടു പോകുന്നു. ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമ റിലീസ് ചെയ്യുന്നതിന് ആമസോൺ പ്രൈം വീഡിയോയുമായി ഒത്തു ചേരുന്നതിൽ ഞാൻ സന്തുഷ്ടനാണ്.

ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമാപ്രേമികളിലേക്ക് ദക്ഷിണേന്ത്യയിലെ മികച്ച ചില സിനിമകൾ എത്തിക്കാൻ പ്രൈം വീഡിയോ സഹായിച്ചിട്ടുണ്ട്. ‘ദൃശ്യ’ത്തിന്റെ തുടർച്ചയ്ക്കായി കാഴ്ചക്കാർ ക്ഷമയോടെ കാത്തിരുന്നതായി അറിയാം – ‘ദൃശ്യം 2′ സ്നേഹത്തിന്റെ അധ്വാനമാണ്, ഞങ്ങളുടെ ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത് അത് ഉയരുമെന്ന് ഞങ്ങൾ കരുതുന്നു. അതിനാൽ നിങ്ങളുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം ഇരുന്നു കൊണ്ട് നിങ്ങളുടെ വീടുകളുടെ സുരക്ഷയിൽ നിന്ന് ഈ ചിത്രം ആസ്വദിക്കൂ,’ മോഹൻലാൽ പറഞ്ഞു.

ലോകമെമ്പാടുമുള്ള 240 ലധികം രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഉപഭോക്താക്കളിലേക്ക് ‘ദൃശ്യം 2’ എത്തിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് ആമസോൺ പ്രൈം വീഡിയോ ഇന്ത്യയുടെ ഡയറക്ടർ വിജയ് സുബ്രഹ്മണ്യം പറഞ്ഞു. “ഒരു കൾട്ട് ചിത്രമാണ് ദൃശ്യം, അതിന്റെ തുടർച്ചയ്ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 240 ലധികം രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഉപഭോക്താക്കളിലേക്ക് ആമസോൺ പ്രൈം വീഡിയോയിലൂടെ ‘ദൃശ്യം 2’ എത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ പ്രേക്ഷകർക്ക് മികച്ച ഉള്ളടക്കം നൽകുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അത് നിറവേറ്റാൻ മോഹൻലാലിനെയും ജീത്തു ജോസഫിനേക്കാളും മികച്ചവർ വേറെ ആരാണുള്ളത്,” അദ്ദേഹം പറഞ്ഞു.

സിനിമ എന്നാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുക എന്ന കാര്യത്തിൽ സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല. ജനുവരി അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.  ആമസോൺ പ്രൈം ആണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.

Read Here: ജോർജ് കുട്ടിയും കുടുംബവും ആറു വർഷങ്ങൾക്ക് ശേഷം

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mohanlal drishyam 2 ott release amazon prime video